രാമനവമി, ഗണേശോല്‍സവം, ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ, ബ്രിജ് മണ്ഡല്‍ തുടങ്ങിയ ഹൈന്ദവാഘോഷ യാത്രകള്‍ക്കു പിന്നാലെ കാവഡ് യാത്രയും കലാപയാത്രയായി മാറുന്നു. യാത്രാറൂട്ടിലെ കടയുടമകള്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിലൂടെ വിവാദമായ കാവഡ് യാത്ര കടന്നുപോവുന്നതിനിടെ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. ദിനംപ്രതിയെന്നോണം കാവഡികളുടെ ആക്രമണങ്ങളുടെ വീഡിയോ സാഹൂമിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
ബിജെപി സര്‍ക്കാരുകള്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് കാവഡികള്‍ക്കു വേണ്ടി എല്ലാവിധ ഒത്താശയും ചെയ്യുമ്പോഴാണ് പലയിടത്തുനിന്നും വധശ്രമം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രം മുസഫര്‍നഗര്‍, സഹാറന്‍പൂര്‍, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഞ്ചോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുസഫര്‍നഗറില്‍ ഒരു മുസ് ലിം യുവാവിനെ ആക്രമിക്കുകയും കാര്‍ നശിപ്പിക്കുകയും ചെയ്തതിനു പിന്നാലെ മൂന്നിലേറെ ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിചടിയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം നടക്കുന്നതിനിടെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ജാഥ കടന്നുപോവുന്ന സ്ഥലങ്ങളിലെ പഴം, പച്ചക്കറി കടകള്‍ ഉള്‍പ്പെടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു ഉത്തരവ്. യുപിക്കു പിന്നാലെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളും സമാനരീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഹിന്ദുക്കളുടെ കടകള്‍ മനസ്സിലാക്കാനാണ് ഇതെന്ന വിമര്‍ശനം ശക്തമാവുകയും വിവാദമാവുകയും ചെയ്തതിനു പിന്നാലെ സുപ്രിംകോടതി ഇടപെട്ടാണ് സ്റ്റേ ചെയ്തത്. ഇതിനിടെയാണ് പല സ്ഥലങ്ങളിലും കാവഡ് യാത്രയിലെ അംഗങ്ങള്‍ ആക്രമണം നടത്തിയത്.
യുപി സഹാറന്‍പൂരിലെ ഗഗല്‍ഹേരി മേഖലയില്‍ ബൈക്കിലെത്തിയ രണ്ടുപേരെ ആക്രമിച്ച് ബൈക്ക് നശിപ്പിച്ചതിന് ഹരിയാനയില്‍ നിന്നുള്ള ഏഴ് കന്‍വാരിയകള്‍ക്കെതിരേ കൊലപാതകശ്രമത്തിനും കലാപത്തിനുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ ബൈക്ക് തട്ടിയെന്നു പറഞ്ഞാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഇടുങ്ങിയ പാതയായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അബദ്ധത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് സിറ്റി എസ്പി അഭിമന്യു മംഗ്‌ലിക് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍,
തങ്ങള്‍ വഹിച്ചിരുന്ന വിശുദ്ധജലം അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരനായ അമന്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഹരിയാനയിലെ യമുന നഗറിലെ താമസക്കാരായ സച്ചിന്‍, വിനോദ്, വിന്ദര്‍, സുഖ്വീന്ദര്‍, ജഗ്ദീപ്, ഭൂത, കരണ്‍ സിംഗ് എന്നിവര്‍ക്കെതിരേയാണ് ഗഗല്‍ഹേരി പോലിസ് വധശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.
സമാനരീതിയിലാണ് ഞായറാഴ്ച മുഹമ്മദ് ആബിദ് എന്നയാളെയും കാവഡ് യാത്രക്കാര്‍ ആക്രമിച്ചത്.
വിശുദ്ധജലം അശുദ്ധമാക്കിയെന്ന് ആരോപിച്ച് കാര്‍ നശിപ്പിക്കുകയായിരുന്നു. അതിവേഗത്തില്‍ കാറിന് കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയതാണെന്നും ഈ സമയത്താണ് കാവഡ് യാത്രക്കാര്‍
ആക്രമിച്ചതെന്നുമാണ് മുഹമ്മദ് ആബിദ് പറഞ്ഞത്. ഇദ്ദേഹത്തിന്റെ കാര്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തിരുന്നു. ഉത്തരാഖണ്ഡില്‍ ജാനകി പുല്‍ പാര്‍ക്കിങ് ലോട്ടിലെ ജീവനക്കാരിയെ വാളുകൊണ്ട് ആക്രമിച്ചതിനാണ് നാല് കാവഡ് യാത്രക്കാരെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ സോനിപത്ത് സ്വദേശികളായ മഹന്ത് സൗരഭ് ഗിരി നാഗ ബാബ, ദീപു എന്ന ദിവ്യ, രജത്, അരുണ്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.
ഡെറാഡൂണിനടുത്ത് ഹരിദ്വാര്‍ ജില്ലയില്‍ പോലിസുകാരുടെ സാന്നിധ്യത്തിലാണ് ഇറിക്ഷാ െ്രെഡവറെ മര്‍ദ്ദിച്ച് വാഹനം തകര്‍ത്തത്. സംഭവത്തില്‍ പത്തിലധികം കന്‍വാരികള്‍ക്കെതിരേയാണ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മംഗളൗരിലെ ഡല്‍ഹി ഹൈവേയോട് ചേര്‍ന്നുള്ള ലിബര്‍ഹെഡി ഏരിയയിലാണ് ആക്രമം. ഇ-റിക്ഷാ ഡ്രൈവറായ സഞ്ജയ് കുമാറിനെയും വാഹനവും സംഘം ആക്രമിച്ചത്.
ഒരു ഡസനോളം കാവഡിയാത്രക്കാര്‍ മുളവടികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുമ്പോള്‍ പോലിസുകാര്‍
നോക്കിനില്‍ക്കുകയായിരുന്നു. ഇവിടെയും വാഹനമിടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍, അബദ്ധത്തില്‍ വാഹനം തട്ടിയതാണെന്നും ആര്‍ക്കും പരിക്കേറ്റിരുന്നില്ലെന്നും ഹരിദ്വാര്‍ എസ്എസ്പി പരമേന്ദ്ര സിങ് ദോബത് തന്നെ വ്യക്തമാക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ബിഹാര്‍ ഭഗല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ചിലെ അജ്‌ഗൈബിനാഥിലേക്കും ശിവ ഭക്തര്‍ നടത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ് കാവഡ് യാത്ര. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഗംഗാ നദിയില്‍ നിന്ന് ജലം ശേഖരിക്കുകയും ചുമലിലേറ്റി അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലും മറ്റും സമര്‍പ്പിക്കുകയും ചെയ്യുകയാണ് രീതി. ഈ വര്‍ഷം ജൂലൈ 22നു തുടങ്ങി ആഗസ്ത് ആറിനാണ് യാത്ര സമാപിക്കുക.
ശ്രാവണ മാസത്തില്‍ ശിവന് ഗംഗാജലം സമര്‍പ്പിക്കുന്നത് അനുഗ്രഹങ്ങളും ആത്മീയ നേട്ടങ്ങളും നല്‍കുമെന്ന വിശ്വാസത്തിലാണ് യാത്ര നടത്തുന്നത്.