കാവഡ് യാത്ര: മസ്ജിദും മഖ്ബറയും കെട്ടിമറച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍; വിവാദമായപ്പോള്‍ മാറ്റി(വീഡിയോ)

കാവഡ് യാത്ര സുഗമമായി നടത്താനും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുമാണ് നടപടിയെന്നായിരുന്നു ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന്റെ ന്യായീകരണം. എന്നാല്‍, നടപടിക്കെതിരേ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി.

Update: 2024-07-26 15:00 GMT

ഡെറാഡൂണ്‍: വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവിനു പിന്നാലെ ഉത്തരാഖണ്ഡില്‍ കാവഡ് യാത്രയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കാവഡ് യാത്രികര്‍ കടന്നുപോവുന്ന വഴിയിലെ ഒരു മസ്ജിദും മഖ്ബറയും(സ്മൃതി കുടീരം) തുണി കൊണ്ട് കെട്ടിമറച്ചതാണ് പുതിയ വിവാദത്തിനു കാരണമായത്. സര്‍ക്കാര്‍ നടപടിക്കെതിരേ പലരും രംഗത്തെത്തിയതോടെ കെട്ടിമറച്ച വെള്ളത്തുണി നീക്കംചെയ്തു. ഉത്തരാഖണ്ഡ് ആര്യാ നഗറിന് സമീപത്തെ ഇസ് ലാം നഗര്‍ പള്ളിയും എലിവേറ്റഡ് ബ്രിഡ്ജ് ഏരിയയിലെ ഒരു പള്ളിയും മഖ്ബറയും തുണി കൊണ്ട് മറയ്ക്കാനാണ് അധികൃതര്‍ ഉത്തരവിട്ടത്. കാവഡ് യാത്ര സുഗമമായി നടത്താനും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുമാണ് നടപടിയെന്നായിരുന്നു ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന്റെ ന്യായീകരണം. എന്നാല്‍, നടപടിക്കെതിരേ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. 'വഴിയില്‍ അമ്പലവും പള്ളിയും മുസ് ലിം പള്ളിയുമെല്ലാം ഉണ്ടാവും. അതാണ് ഇന്ത്യ. മറ്റൊരു വിശ്വാസത്തിന്റെയോ മതസ്ഥലത്തിന്റെയോ നിഴല്‍ അവരുടെമേല്‍ വീഴുന്നത് ഒഴിവാക്കാന്‍ കാവഡ് യാത്രക്കാര്‍ അത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരാണോ എന്നായിരുന്നു റാവത്തിന്റെ ചോദ്യം. വിവരമറിഞ്ഞ് എതിര്‍പ്പുമായി മസ്ജിദ് അധികൃതരും രംഗത്തെത്തി. തങ്ങളെ അറിയിക്കാതെയാണ് കെട്ടിമറച്ചതെന്ന് മഖ്ബറയുമായി ബന്ധമുള്ള ഷക്കീല്‍ അഹമ്മദ് പറഞ്ഞു. 'കഴിഞ്ഞ 40 വര്‍ഷമായി കാവഡ് തീര്‍ഥാടകരുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരിക്കലും ഇവിടെ പ്രശ്‌നമുണ്ടായിട്ടില്ല. വിശ്വാസികള്‍ വരും വിശ്രമിക്കും. സമാധാനമായി പോവുകയാണ് പതിവെന്നും ഷക്കീല്‍ പറഞ്ഞു.

  

എന്തിനാണ് കെട്ടിമറച്ചതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ലെന്നും മുമ്പൊന്നും ഇങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് ഇസ് ലാംനഗര്‍ മസ്ജിദ് പ്രതിനിധി അന്‍വര്‍ അലി പറഞ്ഞു. തുണി കെട്ടുന്നതിന് മുമ്പ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രി പോലിസ് വന്നു. ഇതില്‍ ഇടപെടരുതെന്ന് ഞങ്ങളോട് പറഞ്ഞു. കൂടുതല്‍ ഒന്നും പറയാതെ ഒറ്റ രാത്രിയില്‍ തന്നെ കെട്ടിമറച്ചതായും അദ്ദേഹം ആരോപിച്ചു. കാവഡ് യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ സുപ്രിംകോടതി ആഗസ്ത് അഞ്ചുവരെ നീട്ടിയിരിക്കുകയാണ്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നീട്ടിയത്. ഹരജി ആഗസ്ത് അഞ്ചിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

Tags:    

Similar News