യുകെയില്‍ ഡ്യൂട്ടിക്കിടയില്‍ കൊറോണ ബാധിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
കൊവിഡ് ആള് ഒരു സംഭവം ആണ്. ഇന്നുവരെ തോന്നാത്ത പല ചെറിയ ആഗ്രഹങ്ങള്‍ക്കും ജീവിതത്തില്‍ ഇത്ര അധികം വില ഉണ്ടെന്നു കാണിച്ചു തന്ന മഹാന്‍!
ഡോ. നിയാസ് ഖാലിദ്
അന്നത്തെ ഡ്യൂട്ടിക്കിടെ നടന്ന മൂന്നാമത്തെ മരണവും സര്‍ട്ടിഫൈ ചെയ്ത് അടുത്ത ഷിഫ്റ്റിന് കയറും മുമ്പാണ് എനിക്ക് അത് ഫീല്‍ ചെയ്തു തുടങ്ങിയത്. ഒരു കുളിര് മനസ്സില്‍ ഒരു ആന്തല്‍. കഴിഞ്ഞ ഒരു മാസമായി കൊവിഡ് രോഗികളുടെ ഇടയിലാണ് ജീവിതം. വേഗം പോയി ഊഷ്മാവ് അളന്നു. പ്രതീക്ഷ തെറ്റിയില്ല. പനിയുണ്ട്. ജോലി തുടര്‍ന്നേ പറ്റൂ. ഈ സമയത്ത് ഒരു റീപ്ലേസ്‌മെന്റിനു ചോദിയ്ക്കാന്‍ പറ്റില്ല. നാളെ മുതല്‍ ലീവ് എടുക്കാം എന്ന് വിചാരിച്ച് അടുത്ത വാര്‍ഡിലേക്ക് നടന്നു. കൈകാലുകള്‍ തളരുന്നത് അറിയുന്നുണ്ടായിരുന്നു. കാലുകള്‍ക്ക് ബലക്കുറവ് പോലെ. ആഞ്ഞു നടക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. ഒരു വിധം വാര്‍ഡില്‍ എത്തി. 12 രോഗികളെ പരിശോധിച്ചപ്പോഴേക്കും ക്ഷീണിച്ചു. ഉള്ളതെല്ലാം കൊറോണ ബാധിച്ച രോഗികള്‍ ആയതു കൊണ്ട് ടെന്‍ഷന്‍ ഇല്ല. ഞാന്‍ അവരിലേക്കു രോഗം പടര്‍ത്തുന്നില്ലല്ലോ എന്ന സമാധാനം. രാത്രി 10 മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും ശരിക്കും തളര്‍ന്നുപോയിരുന്നു. കോണി കയറി മുകളില്‍ എത്തിയത് എങ്ങനെയെന്ന് ഒര്‍മ്മ കൂടി ഇല്ല. വന്ന ഉടനെ ഡിസ്ഇന്‍ഫെക്റ്റന്റ് വൈപ്‌സ് കൊണ്ട് ഷൂ അടക്കം ക്ലീന്‍ ചെയ്തു. വസ്ത്രങ്ങള്‍ എല്ലാം അലക്കാന്‍ ഇട്ടു കുളിച്ച ശേഷമേ ബെഡ് റൂമില്‍ പോലും കേറാറുള്ളു. ഭക്ഷണം കഴിക്കാനുള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ട് 2 പാരസെറ്റമോളും കഴിച്ചു കിടന്നു. ഒരായിരം ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍. ഇത് വരെ കണ്ടതും മരിച്ചതും ആയ പല കൊറോണ രോഗികളുടെ മുഖവും ഓര്‍മയില്‍ തെളിഞ്ഞു. കണ്ണടച്ച് പ്രാര്‍ത്ഥിച്ചു കിടന്നു.
എന്തോ സ്വപ്നം പോലെ കണ്ടാണ് ഞെട്ടി ഉണര്‍ന്നത്. ശരീരം ആസകലം വിറക്കുന്നു. ബെഡില്‍ നിന്ന് എണീക്കാന്‍ സാധിക്കുന്നില്ല. കടുത്ത പനി. ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്ന പോലെ. അവശേഷിച്ച അവസാന പാരസെറ്റമോളും വായിലേക്ക് ഇട്ട ശേഷമാണു ആലോചിച്ചത്. ഇനി എന്ത് ചെയ്യും. അരിയും ഭക്ഷണവും ഒക്കെ വാങ്ങിവച്ചിരുന്നെങ്കിലും പാരസെറ്റമോള്‍ വാങ്ങി വെക്കാന്‍ മറന്നിരിക്കുന്നു. ആലോചനകള്‍ക്കിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി.
ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. സമയം 6 മണി ആയിട്ടുണ്ട്. വീട്ടില്‍ നിന്നാണ്. ഇപ്പൊ ഫോണ്‍ എടുത്താല്‍ പണി പാളും. കിടക്കയില്‍ നിന്ന് എണീറ്റ് ഇരിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. തത്കാലം കിടക്കയില്‍ കിടന്നു തന്നെ പ്രാര്‍ത്ഥന നിര്‍വഹിക്കാം എന്ന് വെച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു, നേരം വെളുപ്പിച്ചു. 9 മണി ആയപ്പോള്‍ ഒന്ന് എണീറ്റ് ഇരിക്കാം എന്ന് ആയി. ആശുപത്രിയില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ആഴ്ച വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പൊ ഇല്ല. അതുകൊണ്ട് ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്ന് ഉപദേശം. അതിനുള്ള സൗകര്യം ലഭ്യമായാല്‍ അറിയിക്കാം എന്ന് ഓഫര്‍. ഓഹ് വളരെ നല്ല കാര്യം. ഇനീപ്പോ അതിനെ കുറിച്ച് ടെന്‍ഷന്‍ അടിക്കണ്ടല്ലോ!
ഭക്ഷണം ഉണ്ടാക്കാന്‍ യാതൊരു വഴിയും ഇല്ല. ഊബര്‍ ഈറ്റ്‌സ് വിളിച്ച് ഫുഡ് ഓര്‍ഡര്‍ ചെയ്തു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫിന് ഡിസ്‌കൗണ്ട് ഉണ്ട്. നല്ല കാര്യം. ഫുഡ് ഡെലിവറി ചെയ്യാന്‍ വന്ന ബംഗ്ലാദേശി പയ്യനെ ഞാന്‍ വിളിച്ചു. എനിക്ക് കൊറോണ പനി ബാധിച്ചിട്ടുണ്ട്. ഫുഡ് കൊണ്ടുതന്നില്ലെങ്കിലും കുറച്ചു പാരസെറ്റമോള്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. അവന്‍ പറഞ്ഞു പേടിക്കണ്ട ബ്രോ ഞാന്‍ എന്തെങ്കിലും ചെയ്യാം. ആദ്യത്തെ ആശ്വാസ വാക്കുകള്‍. ആ വാക്കുകള്‍ക്കു പാരസെറ്റാമോളിനേക്കാളും ശക്തിയുണ്ടെന്ന് തോന്നിയ സമയം. കുറച്ചു കഴിഞ്ഞു ഫുഡും കൊണ്ട് അവന്‍ എത്തി. ഡോര്‍ ഡെലിവറി ഇല്ല. താഴെ ലോബിയില്‍ വെച്ചിട്ടു മാറി നില്‍ക്കും പോയി എടുക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ കാലമാണല്ലോ. കയ്യില്‍ ഒരു ജോഡി ഗ്ലൗസ് എടുത്തിട്ടു. ഒരു മാസ്‌കും. നമ്മളായിട്ട് ഈ അസുഖം വേറെ ആര്‍ക്കും കൊടുക്കാന്‍ പാടില്ലല്ലോ. വേച്ചുവേച്ചു നടന്നു താഴെ എത്തിയതും തല കറങ്ങി. ബഗ്ലാദേശി പയ്യന് എന്നെ വന്നു പിടിക്കണം എന്നുണ്ട് പക്ഷേ പേടി. ഞാന്‍ ഓക്കേ ആണ് എന്ന് കൈകൊണ്ടു കാണിച്ചു. അവന്‍ അകലെ നിന്ന് വിളിച്ചു പറഞ്ഞു. ഫാര്‍മസി തുറന്നിട്ടില്ലാത്തതു കൊണ്ട് കയ്യില്‍ വാങ്ങി വെച്ച പാരസെറ്റമോള്‍ കവറില്‍ ഇട്ടിട്ടുണ്ട് എന്ന്. നല്ല മനുഷ്യന്‍. എന്റെ മറുപടിക്കു കാത്തു നില്കാതെ മൂപ്പര്‍ അടുത്ത ഡെലിവറിക്കു പോയി. റൂമില്‍ എത്തി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് മനസ്സിലായത് എനിക്ക് എന്റെ രുചിയും മണക്കാനുള്ള ശേഷിയും നഷ്ടമായിട്ടുണ്ട് എന്ന്. അസുഖത്തിന്റ ലക്ഷണങ്ങളില്‍ വായിച്ചിട്ടുള്ളതിനാല്‍ അദ്ഭുതം ഒന്നും തോന്നിയില്ല. ഭക്ഷണവും മരുന്നും കഴിച്ചു വീണ്ടും കിടക്കയിലേക്ക് വീണു. ആരൊക്കെയോ വിളിക്കുന്നു, മെസ്സേജ് അയക്കുന്നു. എല്ലാം നാട്ടില്‍ നിന്നാണ് ഡ്യൂട്ടിയില്‍ ആണ് തിരക്കില്‍ ആണ് എന്നൊക്കെ മറുപടി അയച്ചു.
പനി കൂടി വരികയാണ്. ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്നു. കൈകാലുകള്‍ക്ക് വലിയ ഭാരം അനുഭക്കപ്പെടുന്നു. കിടക്കയില്‍ തളര്‍ന്നു കിടക്കുകയല്ലാതെ യാതൊരു മാര്‍ഗവും ഇല്ല എന്ന് മനസ്സിലായി. ചുമയും തുടങ്ങി അപ്പോഴേക്കും. ചെറിയ ശ്വാസതടസ്സവും ഉണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും എക്‌സ്‌റെകള്‍ കണ്‍മുന്നില്‍ തെളിയുന്നു. ഇല്ല അത്രക്കൊന്നും വരില്ല. പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ ചെറുപ്പക്കാര്‍ക്ക് ബാധിക്കില്ല എന്ന്. ഞാന്‍ ചെറുപ്പമല്ലെ. പക്ഷേ, അങ്ങേരിപ്പോ ഐസിയുവില്‍ അല്ലേ, പറഞ്ഞതൊക്കെ ഒര്‍മയുണ്ടാകുമോ ആവോ!
ഒന്ന് എണീറ്റിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍. അതാണു ഇപ്പോഴുള്ള ഒരേ ഒരു ആഗ്രഹം. പല പനികളും വന്നിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഇതു വരെ വന്നിട്ടില്ല. ചൈനയിലെ കാട്ടുമൃഗങ്ങളെ പിടിച്ചു തിന്ന ആ മനുഷ്യനോട് എനിക്ക് ആദ്യമായി ദേഷ്യം തോന്നി. അയാള്‍ക്ക് വേറെ വല്ലതും തിന്നാല്‍ പോരായിരുന്നോ. എത്ര രുചിയുള്ള ഭക്ഷണങ്ങളുണ്ട് നാട്ടില്‍!
പനി കൂടി വരുന്നു. ആരെയെങ്കിലും സഹായത്തിനു വിളിച്ചില്ലെങ്കില്‍ ഞാന്‍ ഇവിടെ പട്ടിണി കിടന്നു മരിക്കും. നാട്ടിലെ അയല്‍വാസിയും സുഹൃത്തുമായ ഒരാള്‍ ഇവിടെ ഉണ്ട്. അങ്ങേരെ വിളിച്ചു കാര്യം പറഞ്ഞു. പണി കിട്ടിയിട്ടുണ്ട്. കുറച്ചു മെഡിസിന്‍ ആവശ്യമുണ്ട് എന്ന് അറിയിച്ചു. അങ്ങേരു ഡ്യൂട്ടിയില്‍ ആണ്. പാവം ഓടിപ്പിടഞ്ഞു കുറെ മരുന്നും ഭക്ഷണവും കൊണ്ട് വന്നു. ആരെയും ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു ആഗ്രഹം. പക്ഷേ, കൊവിഡ് ഇത്ര വീര്യമുള്ളവനാണ് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്. ഒരു വിധം ഞാന്‍ യുദ്ധം ചെയ്തു പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്നുണ്ട്. പിടി വിടില്ല ഞാന്‍!
മൂന്ന് ദിവസത്തെ കടുത്ത പനിക്ക് ശേഷം ഇന്ന് നാലാം ദിവസം കുറച്ചു ആശ്വാസം ഉണ്ട്. ഓഹ് ഈ പനി ഇത്രയേ ഉള്ളു അല്ലെ. വെറുതെ പേടിച്ചു ഞാന്‍! ഉച്ചവരെ പനി ഇല്ല. കൊള്ളാല്ലോ. ഇനി ഇവന്‍ പൊയ്‌ക്കോളും. അടുത്ത ആഴ്ച്ച തന്നെ ഡ്യൂട്ടിക്ക് പോകേണ്ടി വരുമല്ലോ ദൈവമേ! ഇല്ല, വയറിനു എന്തോ ഒരു പ്രശനം തോന്നുന്നുണ്ടല്ലോ. എന്താണാവോ അടുത്ത പ്രശനം! വയറിളക്കത്തിന്റ തുടക്കം അവിടെ ആയിരുന്നു. അത് ഒരുവിധം തീര്‍ന്നു എന്ന് വിചാരിപ്പോഴാണ് അടുത്ത പണി വന്നത്. അഞ്ചാം ദിവസം രാവിലെ എണീറ്റതു തന്നെ ചര്‍ദ്ദിക്കാന്‍ ആയിരുന്നു. പിന്നീടുള്ള രണ്ടു ദിവസം ഛര്‍ദ്ദി തന്നെ ആയിരുന്നു. ഒരിറ്റു വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത വിധം. ഒടുവില്‍ അന്നനാളത്തില്‍ മുറിവ് വന്ന് രക്തം പൊടിയാന്‍ വരെ തുടങ്ങിയിരിക്കുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് കൂടി വരുന്ന പോലെ. ഓരോ ശ്വാസത്തിനും ഒരുപാടു ഭാരക്കൂടുതല്‍ പോലെ. സുഹൃത്തിനെ വിളിച്ചു ഛര്‍ദിക്കും വയറു വേദനക്കുമുള്ള മരുന്ന് എടുത്ത ശേഷമാണു കുറച്ചു ആശ്വാസമായത്. ജീവിതത്തില്‍ ഇങ്ങെനെ ഛര്‍ദിച്ചിട്ടില്ല ഞാന്‍. എന്തെങ്കിലും ഒന്ന് കഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മാത്രം ആഗ്രഹിച്ച മൂന്നു ദിവസം. എണീറ്റ് നിന്നാല്‍ തലകറങ്ങും. ഭയങ്കര ക്ഷീണവും. ഏഴു ദിവസം കഴിഞ്ഞാണ് ഒന്ന് ആശ്വാസം അകാന്‍ തുടങ്ങിയത്. ചെറിയ പനിയും ചുമയും മാത്രമായി കുറഞ്ഞു. രുചിയും മണവും അറിയാത്ത ഭക്ഷണവും, ക്ഷീണവും ചുമയും ചെറിയ പനിയും ആയി പിന്നീടുള്ള ദിവസങ്ങള്‍ തള്ളി നീക്കി. സാധാരണ 7-10 ദിവസങ്ങള്‍ക്കിടയില്‍ ആണ് രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്ക് ശ്വാസതടസം അനുഭവപ്പെടുക. എന്റെ വിധി എന്തായിരിക്കും എന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിച്ച ദിവസങ്ങള്‍ അതിനിടയില്‍ ജോലിക്ക് കയറാന്‍ ആയോ എന്ന് ചോദിച്ച് ആശുപത്രിയില്‍ നിന്ന് വിളി വന്നു. വിളിച്ച ആളോട് ദേഷ്യമാണ് വന്നത്. ജീവിച്ചിരിക്കുണ്ടോ എന്ന് ചോദിക്കുന്നതിനു പകരം ജോലിക്ക് വരുന്നുണ്ടോ എന്ന്. ദുഷ്ടന്മാര്‍!
എന്നാലും കൊവിഡ് ആള് ഒരു സംഭവം ആണ്. ഇന്നുവരെ തോന്നാത്ത പല ചെറിയ ആഗ്രഹങ്ങള്‍ക്കും ജീവിതത്തില്‍ ഇത്ര അധികം വില ഉണ്ടെന്നു കാണിച്ചു തന്ന മഹാന്‍! ആശ്വാസവാക്കുകള്‍ക്ക് ജീവിതത്തില്‍ വലിയ സ്ഥാനമൊന്നും ഇല്ലെന്നു വിശ്വസിച്ചിരുന്ന എന്നെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചവന്‍. എന്തായാലും ഇവിടം കൊണ്ട് അവസാനിപ്പിച്ചതിനു ദൈവത്തിനു നന്ദി. ഇനി വീണ്ടും ഗോദയിലേക്ക്. അകലെനിന്ന് അടുത്ത ഷിഫ്റ്റിനുള്ള മണിമുഴക്കം കേള്‍ക്കുന്നു. ഇനിയും എത്ര മരണങ്ങള്‍ കാണേണ്ടി വരുമെന്ന് അറിയില്ല. ഇതിനൊരു അവസാനമാകാന്‍ #Stay at home..stay safe. അതെ അതു മാത്രമാണ് പറയാന്‍ ഉള്ളു. നിങ്ങള്‍ക്കേ വീട്ടിലിരിക്കാന്‍ സാധിക്കൂ. നിങ്ങള്‍ വീട്ടിലിരുന്നാലേ ഞങ്ങള്‍ക്ക് എപ്പോഴെങ്കിലും വീട്ടിലിക്കാന്‍ പറ്റൂ. ഞങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു കഴിയുന്നില്ല. അസുഖം വന്നാല്‍ പോലും. ഈ സമയവും കടന്നു പോകും. നമ്മള്‍ ഇതിനെയും അതിജീവിക്കും തീര്‍ച്ച. ഈ സുന്ദര നിമിഷങ്ങള്‍ ആഘോഷിക്കൂ. ജീവിതത്തില്‍ പുനര്‍ജന്മങ്ങള്‍ അപൂര്‍വമാണ്!