മറ്റൊരു 'പാനായിക്കുളം കേസ്' കൂടി വെറുതെ വിട്ടു; സമാനതകളും ശിക്ഷയിലെ വ്യത്യാസവും ചൂണ്ടിക്കാട്ടി കുറിപ്പ്
മാവോയിസ്റ്റ് ആരോപിതര്‍ക്ക് കിട്ടുന്ന 'പ്രിവിലേജിന്'പോലും മുസ്ലിം തീവ്രവാദാരോപിതര്‍ അര്‍ഹരല്ലാത്തതിനാല്‍ പല വകുപ്പുകളിലെ ശിക്ഷകള്‍ പലതായി അനുഭവിച്ച് 14 വര്‍ഷമായിരുന്നു പാനായിക്കുളം കേസിലെ ശിക്ഷ.
കോഴിക്കോട്: മാവേലിക്കര മാവോവാദി കേസില്‍ കുറ്റാരോപിതരെയെല്ലാം വെറുതെവിട്ട സംഭവത്തില്‍ പ്രതികരണവുമായി പാനായിക്കുളം കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കോടതി വെറുതെവിട്ട റാസിഖ് റഹീം. ഇരുകേസുകളിലെയും സമാനതകള്‍ ചൂണ്ടിക്കാട്ടുന്ന ഫേസ് ബുക്ക് കുറിപ്പില്‍ ശിക്ഷയിലെ വ്യത്യാസവും ചൂണ്ടിക്കാട്ടുന്നുണ്ട്.
റാസിഖ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മറ്റൊരു 'പാനായിക്കുളം കേസ്'കൂടി കേരള ഹൈക്കോടതി വെറുതെ വിട്ടു
പാനായിക്കുളം കേസുമായി സമാനതകളേറെയുള്ള കേസായിരുന്നു മാവേലിക്കര മാവോയിസ്റ്റ് കേസ്. കേരളത്തില്‍ എന്‍ ഐഎ ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളം കേസെങ്കില്‍, കേരളത്തില്‍ ആദ്യമായി എന്‍ ഐഎ ഏറ്റെടുത്ത മാവോയിസ്റ്റ് ആരോപിത കേസായിരുന്നു മാവേലിക്കരയിലേത്. രണ്ടിലെയും പ്രധാന ആരോപണമായിരുന്നു നിരോധിത സംഘടനയുടെ രഹസ്യയോഗമെന്നത്. പാനായിക്കുളത്തേത് 'സിമി'യെങ്കില്‍ മാവേലിക്കരയിലേത് 'സിപിഐ(മാവോയിസ്റ്റ്)'. തെളിവുകളില്ലെങ്കിലും രണ്ടിലും മാപ്പുസാക്ഷികളെ സൃഷ്ടിച്ചായിരുന്നു എന്‍ ഐഎയും എന്‍ ഐഎ വിചാരണക്കോടതിയും കുറ്റാരോപിതരെ ശിക്ഷിച്ചത്.
രണ്ടു കേസിലും പക്ഷേ, ഒരു വ്യത്യാസമുണ്ടായിരുന്നു. പാനായിക്കുളം കേസില്‍ 'മുസ്ലിം തീവ്രവാദ'മെന്ന എരിവും പുളിയും ചേര്‍ത്തപ്പോള്‍ കിട്ടിയ മൈലേജ് മാവേലിക്കര കേസിന് കിട്ടിയില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഒരുപാട് തിക്താനുഭവങ്ങള്‍ ഉണ്ടായെങ്കിലും പാനായിക്കുളം കേസ് പോലെ വിടാതെ ആരും പിന്തുടര്‍ന്നില്ല. ശിക്ഷയിലും ആ വ്യത്യാസമുണ്ടായിരുന്നു. പല വകുപ്പുകളിലെ ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ച് മൂന്നുവര്‍ഷമായിരുന്നു മാവേലിക്കര കേസില്‍ കിട്ടിയ പരമാവധി ശിക്ഷ. വിചാരണക്കോടതി തന്നെ എല്ലാവര്‍ക്കും ജാമ്യവും നല്‍കി. മാവോയിസ്റ്റ് ആരോപിതര്‍ക്ക് കിട്ടുന്ന 'പ്രിവിലേജിന്'പോലും മുസ്ലിം തീവ്രവാദാരോപിതര്‍ അര്‍ഹരല്ലാത്തതിനാല്‍ പല വകുപ്പുകളിലെ ശിക്ഷകള്‍ പലതായി അനുഭവിച്ച് 14 വര്‍ഷമായിരുന്നു പാനായിക്കുളം കേസിലെ ശിക്ഷ.
ശിക്ഷയുടെ ഏറ്റക്കുറച്ചിലിലല്ല കാര്യം. തെളിവുകളില്ലാതെ, വെറുതെ വിടേണ്ട കേസുകളിലാണ് വിചാരണക്കോടതികള്‍ ഈ ശിക്ഷ വിധിക്കുന്നത് എന്നതാണ് സത്യം. എന്‍ഐഎ കെട്ടിയുയര്‍ത്തിയ മറ്റൊരു ചീട്ടു കൊട്ടാരംകൂടി ഈ വിധിയിലൂടെ തകര്‍ന്ന് വീഴുകയാണ്. ഒരു വ്യാഴവട്ടക്കാലം മര്യാദയ്ക്ക് തൊഴിലെടുക്കാന്‍പോലും കഴിയാതെ വിവേചനം നേരിട്ടവര്‍ ഈ കേസിലുണ്ട്. അവര്‍ക്കൊക്കെയും ആശ്വാസമാവുന്നതാണ് ഈ വിധി.
Full View