പാനായിക്കുളം കേസ്: ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-പി അബ്ദുല്‍ ഹമീദ്
ആലുവ: പാനായിക്കുളം കേസില്‍ ഇരകളാക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. അപസര്‍പ്പക കഥകള്‍ പടച്ചുണ്ടാക്കി നിരപരാധികളായ ചെറുപ്പക്കാരെ ജയിലില്‍ അടച്ചുകൊണ്ട് രാജ്യത്ത് മുസ് ലിം അപരവല്‍ക്കരണം ത്വരിതപ്പെടുത്തുന്ന പോലിസ്-ഭരണഗൂഢ മാധ്യമ സിന്‍ഡിക്കേറ്റിനെ രാഷ്ട്രീയമായി ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു. പാനായിക്കുളം ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആലുവ മഹാനാമി ഹാളില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തകനും പാനായിക്കുളം കേസില്‍ അന്യായമായി ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന റാസിഖ് റഹീം തന്റെ അനുഭവങ്ങളും നിയമ പോരാട്ടവും വിശദീകരിച്ചു. എഴുത്തുകാരന്‍ ഡോ. വി എ എം അശ്‌റഫ്, മാധ്യമ പ്രവര്‍ത്തകന്‍ കെ എസ് എ കരീം, ഡോ. വി എം ഫഹദ്, ഗവേഷക വിദ്യാര്‍ഥി അധീപ് ഹൈദര്‍, അലോഷ്യസ് കൊള്ളന്നൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ജുഷാ റഫീഖ് സംസാരിച്ചു. എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ആലുവ മണ്ഡലം സെക്രട്ടറി ആഷിക് നാലാംമൈല്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ മോഡറേറ്ററായി.