ഈ വീട്ടില്‍ ഒരു ഐഐഎം അസി. പ്രഫസര്‍ ജനിച്ചിരിക്കുന്നു...
ഈ വീട് മുതല്‍ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം...
കോഴിക്കോട്: എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും എങ്ങുമെത്താനാവാതെ പാതിവഴിയില്‍ ജീവിതം ഉപേക്ഷിച്ചവരെ നാം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ തെരുവില്‍നിന്നും മറ്റും പഠിച്ചുവളര്‍ന്ന നിരവധി കഥകളും നാം കേട്ടിട്ടുണ്ട്. പലരും അത് മറച്ചുവയ്ക്കാറുണ്ടെങ്കിലും ചിലരത് പറയും. തന്റെ ജീവിതത്തേക്കാളുപരി മറ്റു പലര്‍ക്കുമത് പ്രചോദനമാവുമെന്നതിനാലാണ് അവ മനോഹരമാവുന്നത്. അത്തരത്തിലൊരു കുറിപ്പാണ് ബംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം അസി. പ്രഫസറും കാഞ്ഞങ്ങാട് സ്വദേശിയുമായ രഞ്ജിത്ത് ആര്‍ പാണത്തൂര്‍ തന്റെ ഫേസ് ബുക്കിലൂടെ പങ്കുവച്ചിട്ടുള്ളത്. മന്ത്രി ടി എം തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചത് രഞ്ജിത്തിന്റെ ഒരു കുറിപ്പല്ല, മറിച്ച് ജീവിതം തന്നെയാണെന്ന് ഒരാവര്‍ത്തി വായിച്ചാല്‍ മനസ്സിലാവും.
രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്...ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു ഐഐഎം(ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്) അസി. പ്രഫസര്‍ ജനിച്ചിരിക്കുന്നു... ഈ വീട് മുതല്‍ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം...
ഹയര്‍ സെക്കന്‍ഡറിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതിയതാണ്.. എന്തോ ഭാഗ്യം കൊണ്ട് അതേസമയം പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകല്‍ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷേ. നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. St. Pius College എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു, Cetnral Universtiy of Kerala കാസര്‍കോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madrsaന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷേ, അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു.
മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷേ, എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുമ്പ് ഒന്ന് പോരാടാന്‍ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നു. പാണത്തൂര്‍ എന്ന മലയോര മേഖലയില്‍ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലില്‍(സ്വര്‍ഗത്തില്‍) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുമ്പ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്ന സാക്ഷല്‍ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷേ, തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷേ, ആകാശത്തോളം സ്വപ്നം കാണുക. ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരാത്തെത്താം....?.
An IIM Assoc. Professor is born this house...