അങ്ങനെ ഒരാള്‍ക്ക് ജനാധിപത്യം അമിതമാണെന്ന് തോന്നുന്നതില്‍ സംശയം വേണ്ട...
അനിവര്‍ അരവിന്ദ്
കോഴിക്കോട്: ആസൂത്രണ കമ്മീഷനെ മാറ്റി നീതി ആയോഗ് സ്ഥാപിച്ചപ്പോള്‍ തന്നെ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് രാജ്യത്തെ ജനാധിപത്യത്തെ തന്നെ വിമര്‍ശിക്കുന്ന വിധത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം അമിതമാണെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തിയെങ്കിലും സുപ്രധാന പദവിയിലിരിക്കുന്ന ഒരാള്‍ തന്നെ രാജ്യത്തെ ജനാധിപത്യത്തെ അപകടത്തില്‍പ്പെടുത്തുന്ന പരാമര്‍ശം പരസ്യമായി വ്യക്തമാക്കുന്നത് വരുംനാളുകളിലെ രാജ്യത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ കുറിച്ച് നിയമപോരാട്ടം നടത്തിയ പൊതുതാല്‍പര്യ ടെക്‌നോളജിസ്റ്റ് അനിവര്‍ അരവിന്ദ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ നിന്നു തന്നെ നീതി ആയോഗിനെ കുറിച്ചും അതിന്റെ തലപ്പത്തിരിക്കുന്നവരെ കുറിച്ചും മികച്ച ധാരണ ലഭിക്കും.
അനിവര്‍ അരവിന്ദിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അമിതാഭ് കാന്തും ജനാധിപത്യവും
ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്ന് ഏറ്റവും ഭീഷണിയുണ്ടാക്കുന്ന സ്ഥാപനങ്ങളിലൊന്ന് പ്ലാനിങ് കമ്മീഷനെ മാറ്റി പകരം വന്ന അമിതാഭ് കാന്ത് സിഇഒ ആയ നീതി ആയോഗ് ആണ്. വാര്‍ത്തകളിലത് കാണില്ല. മലയാളികള്‍ക്കത് ഇടക്ക് അവാര്‍ഡ് കൊടുക്കുന്ന സ്ഥാപനമാണ്. എന്നാല്‍ അതുവഴി കണ്‍സള്‍ട്ടേഷന് പുറത്തുവിടുന്ന പുതിയ പേപ്പറുകള്‍ നോക്കിയാല്‍ മതി ഇതു തിരിച്ചറിയാന്‍.
'ടെക് ഗാരേജ് പോലെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്' എന്നാണത്രേ നീതി ആയോഗിന്റെ പുതിയ ആപ്തവാക്യം. നമോ എന്നാല്‍ 'നന്ദന്‍ അംബാനി മോഡി' എന്നു റീഡിഫൈന്‍ ചെയ്യുന്നവണ്ണം ! പ്രൈം മിനിസ്റ്ററുടെ ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കലാണ് പ്രധാനപ്രവൃത്തി. ബാംഗ്ലൂരിലെ കോറമംഗലയിലെ നന്ദന്‍ നീലെകണി മെന്ററായ ഇന്‍സ്‌പെര്‍ട്ട് എന്ന എന്‍ജിഒയുടെയും സഹസ്ഥാപനങ്ങളുടെയും ഡല്‍ഹി ഫ്രണ്ട് ഓഫിസായിട്ടാണ് പ്രവര്‍ത്തനം. ഈ ബാംഗ്ലൂര്‍ ഗാങ് ഉണ്ടാക്കുന്ന പോളിസി പേപ്പറുകള്‍ വിഷയവുമായി വലിയ ബന്ധമില്ലാത്ത ചില കണ്‍സള്‍ട്ടേഷന്‍ ചോദ്യങ്ങളുമായി നീതി ആയോഗ് MyGov വെബ്‌സൈറ്റില്‍ ചെറിയ ഡെഡ്‌ലൈനോടെ പ്രസിദ്ധീകരിക്കും. ഉടനെ നടപ്പാക്കുകയും ചെയ്യും. മറുപടി നല്‍കിയാലും അതിനു പുല്ലുവില പോലും കാണില്ല.
നാഷനല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍, നോണ്‍ പേഴ്‌സണല്‍ ഡാറ്റയ്ക്കായുള്ള പ്രത്യേക ഗവേണന്‍സ് ഫ്രെയിം വര്‍ക്ക്, ഡാറ്റാ എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ ആര്‍ക്കിടെക്ചര്‍, അതിനുമുമ്പ് നാഷനല്‍ ഓപണ്‍ ഡിജിറ്റല്‍ എക്കോ സിസ്റ്റം എന്നൊക്കെ സ്‌റ്റൈലന്‍ പേരിട്ടുള്ള കണ്‍സള്‍ട്ടേഷനുകള്‍. എന്നാല്‍ ഇവയൊക്കെ കോര്‍പറേറ്റ് ഇന്ററസ്റ്റുകളുടെ ഒളിച്ചുകടത്തലാണു താനും. വേറെയും കുറെയുണ്ട്. കുറച്ചെണ്ണം പറഞ്ഞു എന്നു മാത്രം. ഇവയില്‍ പലതിലും ഞാന്‍ ഇടപെടുകയും കാര്യമായിത്തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
കോഡ് ആദ്യം, കോഡിനു ചേര്‍ന്നവണ്ണമുള്ള നിയമം പിന്നീട് എന്ന ഈ അപ്രോച്ച് ഇന്ത്യന്‍ നയ രൂപീകരണത്തില്‍ എത്തിയിട്ട് കുറച്ചുവര്‍ഷമായി. പ്രൈവറ്റ് സെക്റ്റര്‍ നിര്‍മിക്കുന്ന കോഡ് ബേസുകള്‍ യാതൊരു അക്കൗണ്ടബിലിറ്റി സ്ട്രക്ചറുമില്ലാതെ ഒരു രാജ്യത്തിനു മീതെ മുഴുവന്‍ പുറത്തിറക്കുക എന്നതൊക്കെയാണ് മുഖ്യ പ്രവര്‍ത്തന മണ്ഡലം. പോക്കിമോന്‍ ഗോയെ തോല്‍പ്പിച്ചേ എന്നും പറഞ്ഞ് ആരോഗ്യ സേതു അടക്കമുള്ളവ ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിക്കല്‍ ഒരു ഭാഗത്തും മറുവശത്ത് ജനങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്ന കോര്‍പറേറ്റ് പ്ലാനിങ് പ്രോസസ്സും.
ഭരണഘടനയുടെ 73 ഉം 74 ഉം അമന്റ്‌മെന്റുകള്‍ പ്ലാനിങ് എന്നതിലെ ജനതയുടെ പങ്ക് എന്താണെന്നതിനെ വ്യക്തമാക്കുന്നുണ്ട്. പ്ലാനിങ് പ്രൊസസില്‍നിന്ന് മനുഷ്യരെ മാറ്റി ഡാറ്റയെ ഊറ്റുന്ന തരത്തില്‍ കോറമംഗല ക്രോണീകള്‍ നിര്‍മിക്കുന്ന ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡിസിഷനുകള്‍ക്ക് പ്രൈം മിനിസ്റ്റര്‍ ഓഫിസിന്റെ അംഗീകാരം വാങ്ങിക്കൊടുക്കുന്ന ഒരു ഫ്രണ്ട് ഓഫിസിന്റെ ചുമതലക്കാരന്‍ ആണ് അമിതാഭ് കാന്ത്. ഈ കൊടി കെട്ടിക്കൊണ്ടുവരുന്ന പുതിയ പ്ലാനുകള്‍ പലതും പൊളിഞ്ഞുവീഴുന്നത് കോടതികളില്‍ കൂടിയാണ്.(ഉദാ: ആരോഗ്യസേതു വഴി കോര്‍പറേറ്റുകള്‍ക്ക് ടെലിമെഡിസിന്‍ കസ്റ്റമര്‍ അക്വിസിഷനായുള്ള ആരോഗ്യസേതു മിത്ര് എന്ന പ്ലാറ്റ്‌ഫോം മെഡിക്കല്‍ ഷോപ്പുകളുടെ ഡല്‍ഹി ഹൈക്കോടതിയിലെ കേസോടെ പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇല്ലീഗല്‍ ഡാറ്റാ ഷെയറിങ് എന്റെ കര്‍ണാടക ഹൈക്കോടതിയിലെ കേസിലുമുണ്ട്). ഒപ്പം വലിയതോതിലുള്ള കണ്‍സള്‍ട്ടേഷനുകളിലെ വിമര്‍ശനങ്ങളിലും. അങ്ങനെ ഒരാള്‍ക്ക് ജനാധിപത്യം അമിതമാണെന്ന് തോന്നുന്നതില്‍ സംശയം വേണ്ട.
Anivar aravind's FB write up about NITI AYOG ceo Amithabh കനത്ത
അമിതാഭ് കാന്തും ജനാധിപത്യവും --------------------------- ഇന്ത്യൻ ജനാധിപത്യത്തിന് ഇന്ന് ഏറ്റവും ഭീഷണിയുണ്ടാക്കുന്ന...
Posted by Anivar Aravind on Wednesday, 9 December 2020