സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാണിക്കാതെ യുഎപിഎവിരുദ്ധ മുന്നേറ്റം സാധ്യമല്ല
രൂപേഷിനെതിരായ യുഎപിഎ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത് സിപിഎമ്മിന്റെ ഇരട്ടമുഖം വെൡപ്പെടുത്തുന്ന പ്രയോഗമാണ്. ഇതിനെതിരേ ഫേസ്ബുക്കില്‍ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ തുഷാര്‍ നിര്‍മല്‍ സാരഥി എഴുതിയ കുറിപ്പ്
തുഷാര്‍ നിര്‍മല്‍ സാരഥി
രൂപേഷിനെതിരായ യുഎപിഎ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ രൂപേഷിനെതിരെ കുറ്റിയാടി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2 കേസുകളിലും വളയം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും കേരളാ ഹൈകോടതി യുഎപിഎ പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പടെ മുഴുവന്‍ കുറ്റകൃത്യങ്ങളും നീക്കി ഉത്തരവിട്ടിരുന്നു. കേരളാ ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്.
യുഎപിഎയുടെ നാലും ആറും അദ്ധ്യായങ്ങളില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ വിചാരണാനുമതി (sanction) ഇല്ലാതെ കോടതികള്‍ വിചാരണാനടപടികള്‍ ആരംഭിക്കാന്‍ പാടില്ലെന്ന് യുഎപിഎയുടെ 45 ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. വിചാരണാനുമതി നല്‍കുന്നതിനു മുന്‍പ് അനുമതി നല്‍കാവുന്ന കേസ്സാണോ എന്ന പരിശോധനക്ക് ഒരു നടപടിക്രമവും സമയക്രമവും ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ സ്വതന്ത്രമായ പുനഃപരിശോധന നടത്തുന്നതിന് ഒരു recommending authortiy രൂപീകരിക്കണം. ഈ അതോറിറ്റി നല്‍കുന്ന റിപോര്‍ട്ടും കേസ് ഫയലും പരിശോധിച്ചതിനു ശേഷം സര്‍ക്കാരിന് വിചാരണാനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാം. വിചാരണാനുമതി നല്‍കുകയാണെങ്കില്‍ കേസില്‍ വിചാരണക്കായി കോടതിയെ സമീപിക്കാന്‍ നിയമപ്രകാരം പ്രോസിക്യൂഷനുള്ള തടസ്സം നീക്കപ്പെടും. അല്ലാത്തപക്ഷം വിചാരണാ നടപടിയിലേക്കു പോകാന്‍ പ്രോസിക്യൂഷന് സാധ്യമല്ല. 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സാങ്ക്ഷന്‍ റൂള്‍സ് പ്രകാരം ഈ പരിശോധനയ്ക്ക് ഒരു സമയക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതനുസരിച്ച് കേസന്വേഷണം പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന തെളിവുകള്‍ റെക്കമന്‍ഡിങ് അതോറിറ്റിക്ക് അയച്ചുകൊടുക്കണം. തെളിവുകള്‍ ലഭിച്ച് ഏഴു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം റെക്കമന്‍ഡിങ് അതോറിറ്റി തങ്ങളുടെ റിപോര്‍ട്ട് സര്‍ക്കാരിന് (സാങ്ക്ഷനിങ് അതോറിറ്റിക്കു) നല്‍കണം. റിപോര്‍ട്ട് കിട്ടി ഏഴു പ്രവര്‍ത്തി ദിവസത്തിനകം സര്‍ക്കാര്‍ വിചാരണാനുമതിയുടെ കാര്യത്തില്‍ തീരുമാനം എടുക്കണം.
2008ല്‍ അന്നത്തെ യുഎപിഎ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെയാണ് യുഎപിഎ നിയമത്തില്‍ വിചാരണാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വിശദമായ ഒരു നടപടിക്രമവും സമയക്രമവും വ്യവസ്ഥ ചെയ്യപ്പെട്ടത്. യുഎപിഎക്കു മുന്‍പുണ്ടായിരുന്ന ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളിലും മുന്‍കൂര്‍ വിചാരണാനുമതി വാങ്ങണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ടാഡയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്നു വിചാരണാനുമതി നല്‍കേണ്ടിയിരുന്നത്. ടാഡയില്‍ നിന്നും പോട്ടയിലേക്കു എത്തിയപ്പോള്‍ വിചാരണാനുമതി നല്‍കാനുള്ള അധികാരം പോലിസില്‍ നിന്നും മാറ്റി സര്‍ക്കാര്‍ ഏറ്റെടുത്തു. 2004ല്‍ പിന്‍വലിച്ച പോട്ടയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി യുഎപിഎ നിയമം ഭേദഗതി ചെയ്തപ്പോള്‍ വിചാരണാനുമതി സംബന്ധിച്ച പോട്ടയിലെ അതെ വ്യവസ്ഥ യുഎപിഎയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് 2008ലെ രണ്ടാം ഘട്ട ഭേദഗതിയിലാണ് റെക്കമന്‍ഡിങ് അതോറിറ്റിയുടെ സ്വതന്ത്രമായ പരിശോധന ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ യുഎപിഎ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ഭീകരവിരുദ്ധ നിയമങ്ങള്‍ പോലുള്ള കര്‍ക്കശമായ പ്രത്യേക നിയമങ്ങളുടെ ദുരുപയോഗം തടയാനുള്ള മാര്‍ഗമായിട്ടാണ് വിചാരണാനുമതി എന്ന നടപടി വിഭാവനം ചെയ്തിട്ടുള്ളത്. സാധാരണ നിയമങ്ങളില്‍ നിന്നും വ്യത്യസ്!തമായി പോലിസിനു അമിതമായ അധികാരങ്ങളാണ് ഇത്തരം നിയമങ്ങള്‍ നല്‍കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളില്‍ ഇത്തരം അമിതാധികാര നിയമങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമാകുമെന്നതിനാലാണ് കോടതിയിലേക്ക് വിചാരണയ്ക്ക് അയക്കുന്നതിനു മുന്‍പ് മുന്‍കൂര്‍ വിചാരണാനുമതി വാങ്ങിച്ചിരിക്കണം എന്ന വ്യവസ്ഥ ഇത്തരം നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ടാഡയില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു വിചാരണാനുമതി നല്‍കേണ്ടിയിരുന്നത് എന്ന് പറഞ്ഞല്ലോ. എന്നിട്ടും ടാഡ നിയമം ഉപയോഗിച്ച് കൊണ്ടുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍കഴിഞ്ഞില്ല. അത് കൊണ്ട് കൂടിയാണ് പോട്ടയിലേക്ക് വന്നപ്പോള്‍ വിചാരണാനുമതി നല്‍കുന്നതിനുള്ള അധികാരം പോലിസില്‍ നിന്നും മാറ്റി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തത്. പക്ഷേ എന്നിട്ടും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതില്‍ അത് പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് യുഎപിഎ നിയമത്തില്‍ വിചാരണാനുമതി നല്‍കുന്നതിന് മുന്‍പ് രണ്ടു ഘട്ടങ്ങളായുള്ള പരിശോധനയും നിശ്ചിതമായ സമയക്രമവും നിര്‍ദ്ദേശിക്കപ്പെട്ടത്. നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയായാണ് വിചാരണാനുമതി നല്‍കാനുള്ള വ്യവസ്ഥയെ കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്.
ഇതാണ് ഭീകരവിരുദ്ധ നിയമങ്ങളിലെ വിചാരണാനുമതി സംബന്ധിച്ച വ്യവസ്ഥകളുടെ ഒരു സാമാന്യചരിത്രം. ഓരോ നിയമങ്ങള്‍ പിന്നിടുമ്പോഴും വിചാരണാനുമതി നല്‍കുന്ന നടപടി കൂടുതല്‍ കൂടുതല്‍ സ്വതന്ത്രവും ഗൗരവതരവും ആയി മാറുന്നതാണ് ഇവിടെ നമ്മള്‍ കാണുന്നത്. എന്നാല്‍ ഈ കാര്‍ക്കശ്യത്തില്‍ ഇളവിന് വേണ്ടിയാണ് സിപിഎം നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. റെക്കമന്‍ഡിങ് അതോറിറ്റിയുടെയും അതിനു ശേഷം സാങ്ഷനിങ് അതോറിറ്റിയുടെയും രണ്ടു ഘട്ടമായുള്ള സ്വതന്ത്രമായ പരിശോധനയും അത് നടത്തുന്നതിനുള്ള സമയക്രമവും യുഎപിഎ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതായി പറഞ്ഞല്ലോ. അതനുസരിച്ച് രേഖകള്‍ ലഭ്യമായതിനു ശേഷം 7 ദിവസങ്ങള്‍ക്കകം റെക്കമന്‍ഡിങ് അതോറിറ്റിയും സാങ്ക്ഷനിങ് അതോറിറ്റിയും തീരുമാനം എടുക്കണം എന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്. എന്നാല്‍ രൂപേഷിനെതിരായ കേസില്‍ ഏതാണ്ട് ആറു മാസമാണ് വിചാരണാനുമതി നല്‍കുന്നതിന് വേണ്ടിയുള്ള നടപടി പൂര്‍ത്തിയാക്കാന്‍ എടുത്തത്. ഈ കാലവിളംബം നിയമവിരുദ്ധമാണെന്നു ചൂണികാണിച്ചാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് യുഎപിഎ പ്രകാരമുള്ള വകുപ്പുകള്‍ റദ്ദാക്കിയത്.
യുഎപിഎ നിയമത്തിനെതിരായ ഏറ്റവും പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് ജാമ്യമില്ലാതെ ദീര്‍ഘകാലം പ്രതികളെ തടവിലിടാന്‍ കഴിയുന്ന നിയമമാണ് എന്നതാണ്. NIA Vs. Zahoor Ahammed sha Watali കേസില്‍ ജാമ്യമാണ് നീതി എന്ന നിയമതത്വം യുഎപിഎ കേസ്സുകളില്‍ ബാധകമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു വച്ചിരിക്കുന്നു. ദീര്‍ഘമായ വിചാരണത്തടവും ഇഴഞ്ഞു നീങ്ങുന്ന വിചാരണയും കാരണം നിയമനടപടിക്രമങ്ങള്‍ തന്നെ ഒരു ശിക്ഷയായി പരിണമിക്കുന്നു എന്ന കുപ്രസിദ്ധി ഭീകരവിരുദ്ധ നിയമങ്ങള്‍ക്കെല്ലാമുണ്ട്. 5 വര്‍ഷമായി തടവില്‍ കഴിഞ്ഞ 121 ആദിവാസികളെ വിചാരണ കോടതി വെറുതെ വിട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. രൂപേഷ് തന്നെ ഇപ്പോള്‍ യുഎപിഎ റദ്ദാക്കിയ കേസ്സുകളില്‍ വിചാരണയില്ലാതെ തടവില്‍ കഴിയാന്‍ തുടങ്ങിയിട്ട് 6 വര്‍ഷം കഴിഞ്ഞിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള ഭീകരവിരുദ്ധ നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘമായ അന്വേഷണകാലാവധിയുള്ള നിയമമാണ് യുഎപിഎ എന്ന് കാണാന്‍ കഴിയും. തടവ് അന്യായമാണോ കുറ്റാരോപണങ്ങള്‍ വ്യാജമാണോ എന്നൊക്കെ പരിശോധിക്കാനുള്ള ഒരവസരമാണ് വിചാരണാനുമതി നല്‍കണോ വേണ്ടയോ എന്ന പരിശോധന. മാത്രവുമല്ല അന്യായമായ കാലവിളംബം ഒഴിവാക്കി ഇത്തരം കേസ്സുകളില്‍ വിചാരണ പൂര്‍ത്തിയാക്കുക എന്നതാണ് നിയമവാഴ്ചാ മൂല്യങ്ങള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ മൂല്യങ്ങള്‍ അട്ടിമറിച്ചു കൊണ്ടാണ് അനന്തമായ കാലത്തോളം വിചാരണാ നടപടികള്‍ നീളുന്നത്. തടവില്‍ കഴിയുന്നവരോട് ഭരണകൂടം പുലര്‍ത്തുന്ന കടുത്ത നീതിനിഷേധമാണ് ഈ കാലതാമസം. വിശാലമായ അര്‍ത്ഥത്തില്‍ പൊതു ജനാധിപത്യ വ്യവസ്ഥക്കും മൂല്യങ്ങള്‍ക്കും എതിരായ നടപടിയാണ് ഈ കാലതാമസം എന്ന് കാണാം.
വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ കൂടി ഉദ്ദേശിച്ചതാണ് വിചാരണാനുമതി നല്‍കാനുള്ള നടപടിക്രമത്തിനു സമയക്രമം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. എന്നാല്‍ ഇത് നിര്‍ദേശാത്മകം മാത്രമാണെന്നും കര്‍ശനമായി ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നുമാണ് സുപ്രിംകോടതിയില്‍ കേരള സര്‍ക്കാരിന്റെ പ്രധാന വാദം. യുഎപിഎ ക്കെതിരെ നിലപാടുണ്ടെന്ന് പറയുന്ന സിപിഎമ്മും സിപിഐയും പോലുള്ള കക്ഷികള്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ഇടതുപക്ഷമൂല്യം പോയിട്ട് കേവല ജനാധിപത്യ ധാര്‍മ്മികതക്ക് പോലും നിരക്കാത്ത ഒരു നടപടിയുമായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയുടെ വിധി നാട്ടിലെ നിയമമാണ്. കേരളം സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു വിധിയായാല്‍ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് പ്രതിക്കനുകൂലമായി യുഎപിഎ നിയമത്തിലുള്ള അപൂര്‍വ്വമായ ഒരു വ്യവസ്ഥയെ ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന ഒരു നടപടിയായി അത് മാറും. ഇനിയും വിചാരണയില്ലാതെ തടവില്‍ കഴിയുന്ന അനേകായിരം മനുഷ്യരുടെ മോചനത്തിനായുള്ള നേരിയ സാധ്യതയെ കൂടി അത് ഇല്ലാതാക്കും.
യുഎപിഎക്ക് എതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ തങ്ങളുടെ അവസരവാദ നിലപാടുകള്‍ കൊണ്ട് അട്ടിമറിക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളത്. യുഎപിഎ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്ന ഒരു ഘട്ടത്തിലാണ് യുഎപിഎ കേസ്സുകള്‍ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടത്തിയത്. എന്നാല്‍ 2008ലെ നിയമ ഭേദഗതി പ്രകാരം കൊണ്ടുവന്ന റെക്കമന്‍ഡിങ് അതോറിറ്റിയുടെ പരിശോധനയെ തന്നെയാണ് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി സ്വതന്ത്രമായ പുനഃപരിശോധന എന്ന നിലക്ക് അവതരിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. ഉയര്‍ന്നു വരുന്ന യുഎപിഎവിരുദ്ധ ജനകീയ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുകയും യുഎപിഎവിരുദ്ധ അഭിപ്രായരൂപീകരണത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്ത ഒരു നടപടിയായിരുന്നു അത്. അതേ ഇരട്ടത്താപ്പാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിച്ചു കിട്ടാന്‍ വേണ്ടി ഹര്‍ജി കൊടുത്ത നടപടിയിലും കാണുന്നത്.
സിപിഎമ്മിന്റെ ഈ കാപട്യം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേവലമായ കയ്യൊഴിയലായി മാത്രം കാണേണ്ട ഒരു നടപടിയല്ല ഇത്. മറിച്ച് ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരായ കടന്നാക്രമണമാണിത്. സിപിഎം എത്രമാത്രം ഭരണവര്‍ഗരാഷ്ട്രീയ താല്പര്യങ്ങളുടെ സംരക്ഷകരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ട വസ്തുത. മുസ് ലിംകള്‍ക്കും, ദലിത്ആദിവാസി ജനതക്കും ദേശീയപ്രസ്ഥാനങ്ങള്‍ക്കും വ്യവസ്ഥാ വിമര്‍ശകര്‍ക്കും എതിരെ അന്യായമായി ഉപയോഗിക്കപ്പെടുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്ന സിപിഎം തന്നെയാണ് നിയമത്തില്‍ ലഭ്യമായ ദുര്‍ബ്ബലമായ സംരക്ഷണ വ്യവസ്ഥകള്‍ പോലും ഇല്ലാതാക്കാന്‍ കോടതിയില്‍ പോയിരിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.
സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ കൂടി തുറന്നു കാണിക്കുകയും എതിര്‍ക്കുകയും ചെയ്യാതെ യുഎപിഎ വിരുദ്ധ ജനകീയ മുന്നേറ്റം സാധ്യമല്ല എന്ന വസ്തുതയെ ഒന്ന് കൂടി ഉറപ്പിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി.