കെ കെ ബാബുരാജ്
കോട്ടയം; മീഡിയ വണ്‍ ചാനല്‍ നിരോധനം ശരിവച്ചുകൊണ്ട് സിംഗിള്‍ ബെഞ്ച് നല്‍കിയ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഓര്‍മിപ്പിക്കുന്നത് ആധുനിക സേച്ഛാധിപത്യങ്ങള്‍ക്കൊപ്പം പഴയ രാജഭരണ വാഴ്ചകളെയുമാണെന്ന് എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ കെ കെ ബാബുരാജ്. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ പ്രതിഷേധിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മീഡിയ വണ്‍ ചാനലിന് മേലുള്ള ഭരണകൂട വിലക്ക് നില നിറുത്തിക്കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രതീക്ഷിച്ചത് തന്നെയായിരുന്നു എന്നു പറയാന്‍ മനസ്സുവരുന്നില്ല. നേരിയ പ്രതീക്ഷയുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ഇത്ര മാത്രം അവഗണിക്കാന്‍ ജുഡീഷ്യറിക്ക് കഴിയുമെന്നു വിശ്വസിക്കാന്‍ പൗരബോധം അനുവദിക്കാത്തത് മൂലമാണ് ചെറിയ പ്രതീക്ഷയുണ്ടായിരുന്നത്.
ആ ചാനല്‍ ദേശസുരക്ഷക്ക് എന്തു ഭീഷണിയാണ് ഉണ്ടാക്കിയതെന്നു അവരോടും അവരുടെ അഭിഭാഷകരോടും പറയാതെ ഇരുമ്പു മറ ഉയര്‍ത്തുകയാണ് ഭരണകൂടം ചെയ്തത്. ഈ അവസ്ഥ ഓര്‍മിപ്പിക്കുന്നത് ആധുനിക സേച്ഛാധിപത്യങ്ങള്‍ക്കൊപ്പം പഴയ രാജഭരണ വാഴ്ചകളെയുമാണ്.
ഒരു ന്യൂനപക്ഷ സമുദായ മാനേജ്‌മെന്റ് നടത്തുന്ന മീഡിയാവണ്‍ ചാനല്‍ സാംസ്‌കാരികമായും ബഹുജന താല്‍പര്യം പുലര്‍ത്തുന്നതിലും ഇന്ത്യയിലെ തന്നെ സമുന്നത സ്ഥാനമുള്ളതാണ്. എല്ലാ തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടും യാതൊരു വിധത്തിലുള്ള വിഭാഗീയതയും കാണിക്കാതെ പുതുമയുള്ള ഒരു ''പൊതു''വായി നിലനില്‍ക്കാന്‍ അതിനു സാധിച്ചു.
മാത്രമല്ല, കേരളത്തിലെ ഏറ്റവും പ്രഗത്ഭരും ഉന്നതമായ സാമൂഹിക ബോധം പുലര്‍ത്തിയവരുമായ മാധ്യമ പ്രവര്‍ത്തകരാണ് അതിലുള്ളത്. ആ സുഹൃത്തുക്കളുടെയും അവരുടെ കുടുംബങ്ങളുടെയും തൊഴില്‍പരവും ജീവിതപരവുമായ അനിശ്ചിതാവസ്ഥ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. സുപ്രിംകോടതിയില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നും സമാന്തര വഴികള്‍ കണ്ടെത്തിയും ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.