ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞുകയറ്റമോ?; മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശവുമായി സമസ്ത നേതാവ്

'ഒന്നുകില്‍ മുഖ്യമന്ത്രി പൊതുജനത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു. അല്ലെങ്കില്‍, കേരള പോലിസ് മുഖ്യമന്ത്രിയെ ബോധപൂര്‍വം 'ധരിപ്പിക്കുന്നു', ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുക. ബഷീര്‍ ഫൈസി ദേശമംഗലം ആവശ്യപ്പെട്ടു.

Update: 2020-02-04 15:36 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിമയത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം. ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞ് കയറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍കൂര്‍ അനുമതിയെടുത്ത് തൃശൂര്‍ ജില്ലാ എസ്‌കെഎസ്എസ്എഫ് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് കമ്മീഷര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ബഷീര്‍ ഫൈസി പറയുന്നു.

'ഒന്നുകില്‍ മുഖ്യമന്ത്രി പൊതുജനത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു. അല്ലെങ്കില്‍, കേരള പോലിസ് മുഖ്യമന്ത്രിയെ ബോധപൂര്‍വം 'ധരിപ്പിക്കുന്നു', ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുക, നിലപാടുകള്‍ക്ക് എല്ലുറപ്പുണ്ടെങ്കില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ പലസ്ഥലത്തും എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കേരള പോലിസിന് നിര്‍ദേശം കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ?, ഇല്ലെങ്കില്‍ ഈ വാചകമടി കോമഡിയായിട്ടാണ് ജനം വിലയിരുത്തുക... ഇങ്ങനെ പോകുന്നു വിമര്‍ശം. നേരത്തെ, സമസ്തയുടെ മറ്റൊരു നേതാവായ ഓണംപിള്ളി മുഹമ്മദ് ഫൈസിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു.

ബഷീര്‍ ഫൈസിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

തൃശൂര്‍ ജില്ലാ SKSSF നേതാക്കള്‍ക്കെതിരെ എടുത്ത കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി കൊടുത്തു, ജില്ലാ പോലീസ് കമ്മീഷണറെ നേരിട്ട് കണ്ടു പരാതി കൊടുത്തു. ആ പ്രവര്‍ത്തകര്‍ ആരും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ആളുകള്‍ അല്ല. അവരില്‍ പലരും മഹല്ല് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. അപ്പോള്‍ പിന്നെ ഞങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്..!? ഒന്നുകില്‍ മുഖ്യമന്ത്രി പൊതുജനത്തെ ബോധൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു.

അല്ലങ്കില്‍ കേരള പോലീസ് മുഖ്യമന്ത്രീയെ ബോധപൂര്‍വ്വം 'ധരിപ്പിക്കുന്നു..!' എങ്കില്‍ ആഭ്യന്തര വകുപ്പില്‍ ഫാഷിസ്റ്റ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടുണ്ടോ എന്നു അടിയന്തിരമായി പരിശോധിക്കുക.! മഹല്ല് കമ്മറ്റികളിലെ നുഴഞ്ഞു കയറ്റം നോക്കാന്‍ ഇവിടെ വേറെ ആളുകള്‍ ഉണ്ട്.

പറയുന്ന നിലപാടുകള്‍ക്കു എല്ലുറപ്പുണ്ടെങ്കില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ പല സ്ഥലത്തും എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കേരള പൊലീസിന് നിര്‍ദ്ദേശം കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ..!?

ഇല്ലങ്കില്‍ പിന്നെ ഈ വാചകമടി കോമഡിയായിട്ടാണ് ജനം വിലയിരുത്തുക...സഖാവ് പിണറായി വിജയന്‍ ഒരു കോമേഡിയനാകുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ, കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങിനെയാകുന്നതു ഒട്ടും സുഖമുള്ള കാര്യമല്ല..!! അവസാനമായി ആവര്‍ത്തിക്കുന്നു: 'പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകുമോ..!?

ബശീര്‍ ഫൈസി ദേശമംഗലം

*********************


Full View





Tags:    

Similar News