പോപ്‌കോണും ലേയ്‌സും തിന്നുന്നവര്‍ അറിയുന്നുവോ, ഇത് നമ്മുടെ കര്‍ഷകരുടെ രക്തമാണെന്ന്?

നാല് ഉരുളക്കിഴങ്ങു കര്‍ഷകരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്ന വിധിയാണ് ഇന്നലെ ഗുജറാത്തിലെ കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.രാജ്യത്തെല്ലാവര്‍ക്കും അച്ഛേ ദിന്‍ കൊണ്ട് വരാനായി ലോകം ചുറ്റുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിലാണിത്.

Update: 2019-04-26 18:09 GMT

സി ആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശീതീകരിച്ച മാളില്‍ ഇരുന്നു ജനപ്രിയ സിനിമകള്‍ കാണുമ്പോള്‍ നാം വലിയ വിലകൊടുത്ത് വാങ്ങി തിന്നുന്ന പോപ്പ് കോണും ലേയ്‌സും മറ്റും നമുക്കും നാടിനും എത്രമാത്രം ദ്രോഹകരമാണെന്നു നമ്മള്‍ അറിയുന്നുണ്ടോ?



ആ പോപ്‌കോണ്‍ ജനതികമായി രൂപഭേദം വരുത്തിയ ധാന്യത്തില്‍ നിന്നുണ്ടാക്കുന്നതാണെന്നു എവിടെയും എഴുതിയിട്ടില്ല. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമടക്കം പലയിടത്തും നിരോധിച്ച ഈ ധാന്യം എങ്ങനെ ഇന്ത്യയിലെത്തുന്നു? നമ്മള്‍ തിന്നുന്ന പെപ്‌സിയുടെ ലെയ്‌സ് എന്ന ചിപ്‌സ് പറയുന്ന മറ്റൊരു കഥയുണ്ട്. കടബാധ്യത കൊണ്ട് നടുവൊടിഞ്ഞ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ വരുന്ന ഭീമന്‍ കോര്‍പറേറ്റുകള്‍ അവരുടെ ഭൂമി പാട്ടത്തിനെടുത്ത് ആയിരക്കണക്കിനേക്കറില്‍ ഉരുളക്കിഴങ്ങും തക്കാളിയും കൃഷി ചെയ്യുന്നു. അവിടെ ഇറക്കുന്ന വിളകള്‍ കൃത്രിമമായി ഉണ്ടാക്കുന്നവയാണ്. അതില്‍ നിരോധിക്കപ്പെട്ട, അനുവാദമില്ലാത്ത ജനതികരൂപഭേദം വരുത്തിയ (ജിഎം) വിത്തുകള്‍ ഉണ്ടെന്ന ആരോപണം ഉണ്ട്. അത് പരിശോധിക്കാന്‍ ഇവിടെ സര്‍ക്കാരോ കോടതിയോ ഇല്ല. ഹരിയാനയിലെ ഫത്തേബാദിലെ ഒരു കൃഷിയിടത്തില്‍ അങ്ങനെയുള്ള ജിഎം വഴുതന (ബിടി ബ്രിഞ്ചാള്‍) ഉല്‍പാദിപ്പിക്കുന്നു എന്ന പരാതി നിരവധി കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം നശിപ്പിക്കുന്ന ഈ നിയമവിരുദ്ധപ്രവര്‍ത്തനത്തില്‍ പരാതി കിട്ടിയാലും ഇടപെടാത്ത അധികൃതരും കോടതിയും ഇപ്പോള്‍ പാവപ്പെട്ട ഉരുളക്കിഴങ്ങു കര്‍ഷകര്‍ക്ക് നേരെ നിയമം പ്രയോഗിക്കുന്നു. അവിടെ പരാതിക്കാരന്‍ ബഹുരാഷ്ട്രക്കുത്തകയായ പെപ്‌സിയാണ്. അതുകൊണ്ട് തന്നെ എല്ലാ അധികൃതരും ഉഷാറായി.

നാല് ഉരുളക്കിഴങ്ങു കര്‍ഷകരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്ന വിധിയാണ് ഇന്നലെ ഗുജറാത്തിലെ കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.രാജ്യത്തെല്ലാവര്‍ക്കും അച്ഛേ ദിന്‍ കൊണ്ട് വരാനായി ലോകം ചുറ്റുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിലാണിത്. 2001ല്‍ നമ്മുടെ തന്നെ പാര്‍ലിമെന്റ് പാസാക്കിയ സസ്യ ജൈവ വൈവിധ്യ സംരക്ഷണ കര്‍ഷകാവകാശ നിയമമാണ് ഇന്ന് കര്‍ഷകരെ കുടുക്കിയിരിക്കുന്നത്.

ഏതു തരം കര്‍ഷകരെ സംരക്ഷിക്കാനാണ് ഈ നിയമം ഉണ്ടാക്കുന്നതെന്ന് അന്ന് സംശയം ഉന്നയിച്ചവര്‍ ആഗോളവല്‍ക്കരണ വിരുദ്ധരായിട്ടാണ് ഭരണകൂടവും മാധ്യമങ്ങളും കണ്ടത്. പെപ്‌സി കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങിന്റെ ഒരിനമായ എഫ് സി 5 ഇനത്തില്‍ പെട്ട വിത്തുകളാണ് ഇവര്‍ കൃഷി ചെയ്യുന്നതെന്ന് തീവ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയതിനാലാണത്രെ ഈ ശിക്ഷ. ആരവല്ലി ജില്ലയിലെ കര്ഷകര്‌ക്കെതിരായ ഈ കേസ് നടപടികള്‍ കഴിഞ്ഞ വര്ഷം തുടങ്ങിയതാണ്. ഒരു പക്ഷെ മറ്റു തിരക്കുകള്‍ ഉള്ളത് കൊണ്ടാകാം ഭരണകൂടങ്ങള്‍ ഇതില്‍ ഒരു ഇടപെടലും നടത്തിയില്ല. ഇനിയിപ്പോള്‍ ആ കര്‍ഷകര്‍ക്ക് ഒരു വഴിയേ ഉള്ളൂ. സ്വന്തം ഭൂമി വിറ്റ് ആ പിഴ അടക്കുക. അത് വാങ്ങാന്‍ കമ്പനി തന്നെ തയ്യാറായേക്കും. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാം. അഞ്ചുലക്ഷത്തിന്റെ കൂടെ നാലോ അഞ്ചോ കൂടിയാലും ആര്‍ക്കും പ്രശ്‌നമാകില്ല.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി നമ്മുടെ സര്‍ക്കാരുകള്‍ ഭരിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് എന്ന സംശയം ജനങ്ങള്‍ക്കുണ്ട്. നാട്ടില്‍ വലിയ തോതില്‍ വികസനം ഉണ്ടായതിന്റെ കണക്കുകള്‍ അവര്‍ നിരത്തുന്നുണ്ട്. നല്ലൊരു വിഭാഗം വരുന്ന മധ്യവര്‍ഗ്ഗക്കാര്‍ തങ്ങള്‍ക്കു കിട്ടിയ പുതിയ സൗകര്യങ്ങളില്‍ ആഹ്ലാദിക്കുന്നുമുണ്ട്. എന്നാല്‍ ഈ കാണുന്ന സമൃദ്ധിയുടെ യാഥാര്‍ത്ഥമുഖം കാണണമെങ്കില്‍ അല്പം താഴേക്കിറങ്ങി വരണം. പ്രകൃതിക്കു ഈ വികസനം വരുത്തുന്ന നാശം സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ക്രെഡിറ്റ് കാര്‍ഡ് കൊടുത്തു ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് മനസ്സിലാകില്ല. പക്ഷെ ഇവര്‍ അറിയാതെ പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ മണ്ണും വെള്ളവും വായുവും നശിക്കുകയും നാട്ടിലെ പ്രകൃതി വിഭവങ്ങള്‍ തീര്‍ന്നു പോകുകയും ചെയ്താല്‍ കേരളത്തില്‍ നിന്നും സൊമാലിയയിലേക്കും അധിക ദൂരമില്ല എന്നതാണത്. കമ്പോളത്തിനു മുന്നില്‍ മണ്ണിനും വെള്ളത്തിനും വായുവിനും വിലയിട്ടു വെക്കുമ്പോള്‍ അതിലൂടെ തകര്‍ന്നു പോകുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. ആദിവാസികളും ഗ്രാമീണരും മത്സ്യത്തൊഴിലാളികളും കര്ഷകരുമാണത്. പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്ന ഈ മനുഷ്യര്‍ നമ്മുടെ നാശത്തിന്റെ ആദ്യ ഇരകളാണ്. അവരുടെ രോദനങ്ങളും സമരങ്ങളും നമുക്ക് ഇടവേള വിനോദങ്ങള്‍ മാത്രം.

Full View




Tags:    

Similar News