കക്ഷി രാഷ്ട്രീയ സംഘടനാ വലയങ്ങളില്‍നിന്നും അക്കാദമിക രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് കാമ്പസുകള്‍ വളരണം

Update: 2021-02-11 02:30 GMT

ആസാദ്

വികസ്വര രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ യുനെസ്‌കൊയും ലോകബേങ്കും ചേര്‍ന്ന് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് മന്‍മോഹന്‍ സിങ്ങാണ് സമിതിയില്‍ ഉണ്ടായിരുന്നത്. 2000 ഫെബ്രുവരിയില്‍ പുറത്തു വന്ന റിപോര്‍ട്ട് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത പരിമിതികളും ദൗര്‍ബല്യങ്ങളും എടുത്തെഴുതിയിട്ടുണ്ട്. നവലിബറല്‍ കാലത്തെ വിദ്യാഭ്യാസ പരിഷ്‌കാരമാണ് ലക്ഷ്യമിട്ടതെങ്കിലും നിലവിലുള്ള പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധാര്‍ഹമാണ്.

ആ റിപോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. നമ്മുടെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ചീഞ്ഞുനാറ്റം അസഹ്യമാകുന്ന സന്ദര്‍ഭത്തില്‍ മറിച്ചു നോക്കാവുന്ന റിപ്പോര്‍ട്ടാണത്. അക്കാദമിക സ്വാതന്ത്ര്യവും സ്വതന്ത്ര ധൈഷണികതയും വളര്‍ത്താനല്ല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും തെരഞ്ഞെടുക്കുന്നതില്‍ തെറ്റായ ഇടപെടലുകളുണ്ടാകുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴിമതിയും സ്വജനപക്ഷപാതവും അനാവശ്യമായ രക്ഷാകര്‍തൃ നാട്യങ്ങളും വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു. അക്കാദമിക രംഗം രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന്റെ ഫലമായാണ് ഈ അത്യാഹിതം വന്നുപെട്ടത്. അതാകെ തിരുത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

അക്കാദമിക രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കുന്ന കക്ഷിരാഷ്ട്രീയ മത്സരങ്ങളിലേക്കാണ് നമ്മുടെ വിദ്യാഭ്യാസ രംഗം തലകുത്തി വീണത്. ജനാധിപത്യത്തെ പരിപോഷിപ്പിക്കാനും അനീതിയെ ചെറുക്കാനും യുവാക്കളെ പ്രാപ്തരാക്കേണ്ട സംഘടനകള്‍ പകയും പരസ്പര വൈരവും വളര്‍ത്തുന്ന വിപരീത വിഭാഗങ്ങളെ സൃഷ്ടിക്കാനും കാലുഷ്യം വിതയ്ക്കാനുമാണ് ഉത്സാഹിക്കുന്നത്. ഇത് ഗവേഷണത്തിന്റെയും പഠനത്തിന്റെയും അന്തരീക്ഷം പൂര്‍ണമായും തകര്‍ക്കുന്നു. വൈസ് ചാന്‍സലറെയും ഡീന്‍മാരേയും അക്കാദമിക് കൗണ്‍സില്‍ ബോര്‍ഡ് ഓഫ്സ്റ്റഡീസ് അംഗങ്ങളെയും വകുപ്പുതല അദ്ധ്യാപകരെയും ഗവേഷകരെയും തെരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയാധികാരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വൈസ് ചാന്‍സലര്‍മാരെ അവരുടെ സമയം ചോദിച്ചു സന്ദര്‍ശിച്ചിരുന്ന കാലമുണ്ടായിരുന്നു. അന്ന് ആ പദവികളിലേക്ക് ആദരപൂര്‍വ്വം ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു പതിവ്. ഇപ്പോള്‍ വൈസ് ചാന്‍സലര്‍ പദവിമോഹികള്‍ മന്ത്രിമാരുടെയും നേതാക്കളുടെയും വീട്ടു പടിക്കല്‍ കാത്തുകെട്ടിക്കിടക്കും! പാര്‍ട്ടിക്കാര്‍ക്ക് എന്തും ചെയ്യിക്കാവുന്ന പാവ വിസിമാരെയാണ് വേണ്ടത്. അത്രയും യോഗ്യതയേ അവര്‍ക്കു വേണ്ടൂ. നമ്മുടെ സര്‍വ്വകലാശാലകളുടെ അമരത്ത് ഏറ്റവും മികച്ച അക്കാദമിക ശ്രേഷ്ഠര്‍ ഇരിക്കട്ടേയെന്ന് നമുക്കു തോന്നുന്നേയില്ല!

ഏറ്റവും പ്രഗത്ഭരായ മുതിര്‍ന്ന (സീനിയര്‍) പ്രൊഫസര്‍മാരോ സര്‍വ്വകലാശാലാ വകുപ്പ് അദ്ധ്യക്ഷന്മാരോ ആണ് ഫാക്കല്‍റ്റി ഡീന്‍ ആയി നിശ്ചയിക്കപ്പെടാറുള്ളത്. രാഷ്ട്രീയ താല്‍പ്പര്യം വന്നതോടെ ആ പതിവു മാറി. അസോസിയേറ്റ് പ്രൊഫസര്‍ക്കും ഡീനാവാം എന്നു വന്നു. ഓരോ ഇടത്തിലും വേണ്ട ഇടപെടലുകള്‍ക്ക് ആവശ്യമായ രാഷ്ട്രീയ ക്രമീകരണമാണ് നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കുള്ള തെരഞ്ഞെടുപ്പും സംഘടനാ താല്‍പ്പര്യം മാത്രമാണ്. പ്രവൃത്തി പരിചയമോ വിഷയത്തിലുള്ള പാണ്ഡിത്യമോ പരിഗണിക്കില്ല. അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പരിമിത വിഭവരെ കുത്തിനിറച്ച കീറച്ചാക്കുകള്‍ മതിയാവുമോ?

സര്‍വ്വകലാശാലാ നിയമനങ്ങളില്‍ പാര്‍ട്ടി കത്ത് വലിയ യോഗ്യതാ പത്രമാണ്. അതിനു നെട്ടോട്ടമോടുന്ന ഉദ്യോഗാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. എങ്ങനെ സംഘടിപ്പിക്കും എന്നാണ് ചോദ്യം. തരപ്പെടുത്താം എന്നു പറയുന്ന ഇടനിലക്കാര്‍ ചുററുമുണ്ട്. ഏതു പാര്‍ട്ടിക്കാര്‍ക്കും കത്തുകള്‍ കിട്ടിയേക്കും. അത് അരിപ്പയില്‍ അരിച്ചു യഥാര്‍ത്ഥ കക്ഷിയെ റാങ്കുചെയ്യുന്ന പ്രക്രിയയാണ് വൈസ് ചാന്‍സലര്‍മാരും പാര്‍ശ്വ വര്‍ത്തികളും നടത്തുന്നത്. അതിനു കൂട്ടായി ഡീനും വകുപ്പദ്ധ്യക്ഷനും മേല്‍ത്തട്ടു നോമിനിയും കാണും. ടി എ, ഡി എ മാമൂല്‍ ഒത്തിരിപ്പുകള്‍ ക്രമപ്രകാരം നടക്കണം.

ഈ രാഷ്ട്രീയാഭ്യാസങ്ങളില്‍ നിന്ന് നമ്മുടെ സര്‍വ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മോചിപ്പിക്കാന്‍ എന്തു ചെയ്യണം? അര്‍ഹതപ്പെട്ടവര്‍ക്ക് പരിഗണന കിട്ടണം. സംവരണം പാലിക്കപ്പെടണം. കാമ്പസുകളില്‍ ജനാധിപത്യം പുലരണം. തെളിഞ്ഞ സംവാദങ്ങളും വിപുലമായ ജ്ഞാന വിനിമയ സാദ്ധ്യതകളും ഉണ്ടാവണം. കക്ഷി രാഷ്ട്രീയ സംഘടനാ വലയങ്ങളില്‍നിന്നും അക്കാദമിക രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് കാമ്പസുകള്‍ വളരണം. മനുഷ്യവിഭവശേഷി അതിന്റെ അനന്തസാദ്ധ്യതകള്‍ തുറക്കണം.

അക്കാദമിക രംഗത്തെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായ സുഹൃത്തുക്കള്‍ ഒത്തൊരുമിച്ചാല്‍ നടക്കാത്തതെന്തുണ്ട്? ഇപ്പോഴത്തെ വഴിപിഴച്ച പോക്ക് തിരുത്തണം. മൂല്യങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അവയുടെ ശരിയായ വിതാനത്തില്‍ ആശ്ലേഷിക്കാന്‍ കഴിയട്ടെ.

Similar News