പ്രശാന്ത് കോളിയൂര്‍
ദലിതരുടെ മതസ്വീകരണത്തെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്തത് ഡോ. അംബേദ്കറാണ്. 'മതപരിവര്‍ത്തനം പലായനത്തിന്റെ പാതയല്ല. അത് ഭീരുത്വത്തിന്റെ പാതയുമല്ല. അത് വിവേകത്തിന്റെ പാതയാണ്. തുല്യതയിലേയ്ക്ക് നയിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ ശരിയായ പാതയാണ് മതപരിവര്‍ത്തനം' എന്നാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. ദലിതര്‍ മതസ്വീകരണത്തിലൂടെ ആത്മീയമായ പരിവര്‍ത്തനം മാത്രമല്ല ലക്ഷ്യമിടേണ്ടത്. ഭൗതികവും സാമൂഹികവുമായ ഉന്നമനം എന്ന ലക്ഷ്യം കൂടി ദലിതരുടെ മതസ്വീകരണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മത സ്വീകരണത്തിലൂടെ ലോകരാജ്യങ്ങളുമായുള്ള ബന്ധവും ആ മതത്തിന്റെ ഭൗതിക വൈജ്ഞാനിക ആസ്തിയുമായി നേരിട്ടുള്ള പങ്കാളിത്തവും അയിത്തജാതിക്കാര്‍ ലക്ഷ്യമിടേണ്ടതാണെന്നും അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ദലിതരുടെ മതസ്വീകരണം എന്നത് കേവലമൊരു വിശ്വാസ പ്രശ്‌നം മാത്രമായി ചുരുക്കി കാണാന്‍ കഴിയുന്നതല്ല. പോരാട്ടത്തിന്റെ തീഷ്ണതയുള്ള പാതയാണത്. അത്തരത്തില്‍, ജീവിതത്തില്‍ ഇന്നോളം കഠിന വഴികള്‍ താണ്ടി മതസ്വീകരണ പാതയിലെത്തിയ ചിത്രലേഖ ചേച്ചിക്ക് ഒരായിരം ആശംസകള്‍.
* * *
ചിത്രലേഖയെ നിരന്തരം ജാതീയമായി ആക്രമിക്കുകയും മനുഷ്യാന്തസ്സ് ഹനിക്കുകയും ചെയ്തത് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മാണ്. ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ തൊഴില്‍ സ്വാതന്ത്ര്യം മാത്രമല്ല താമസസ്ഥലം പോലും നിഷേധിച്ച് ചിത്രലേഖയെ തെരുവില്‍ നിര്‍ത്താനാണ് ജാതി-വംശീയ വാദികളായ സഖാക്കള്‍ ഇന്നും ശ്രമിക്കുന്നത്. ഹൈന്ദവ ജാതി ഭീകരതയുടെ ആധുനിക രൂപങ്ങള്‍ കാരണം തനിക്ക് നഷ്ടപ്പെടുന്ന ജീവിതത്തെയും ആത്മാഭിമാനത്തെയും തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് ചിത്രലേഖ നടത്തുന്നത്. വിമോചനത്തിനായുള്ള ഈ പോരാട്ടത്തില്‍ ദലിതര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും മൂല്യവത്തായതും ശക്തിയേറിയതുമായ വഴിയാണ് ചിത്രലേഖ തിരഞ്ഞെടുത്ത ഇസ്‌ലാം മതസ്വീകരണം എന്ന മാര്‍ഗ്ഗം.