200 കോടി ചെലവഴിച്ച് ആലപ്പുഴയിലെ അനധികൃത റിസോര്‍ട്ട് പൊളിച്ചുകളയുമ്പോള്‍ ഉയരേണ്ട ആലോചനയാണ് സാമൂഹികമാധ്യമ പോസ്റ്റില്‍ ആബിദ് അടിവാരം പറയുന്നത്. നിയമം ലംഘിച്ച് നിർമാണം നടത്തിയാൽ നിർമാതാക്കളുടെ അതേ ഉത്തരവാദിത്തം കൈക്കൂലി വാങ്ങി അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഉണ്ടാവില്ലേ...? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ആബിദ് അടിവാരം
200 കോടി ചിലവഴിച്ച് നിർമിച്ച 35,900 സ്ക്വയർ ഫീറ്റ് നിർമിതിയാണ് ആലപ്പുഴ ജില്ലയിൽ പൊളിച്ചു കളയുന്നത്.
രണ്ടു വർഷം മുമ്പ് ആയിരക്കണക്കിന് കോടികൾ മുടക്കിയ ഫ്ലാറ്റ് സമുച്ചയങ്ങളാണ് കൊച്ചിയിൽ പൊളിച്ചു കളഞ്ഞത്.
അതിനിടക്ക് പാലാരി വട്ടം പാലത്തിന്റെ പുതുക്കി പണിയലും കോഴിക്കോട് KSRTC സമുച്ചയത്തിന്റെ ബലക്ഷയവും നമ്മൾ കണ്ടു.
കാപികോയും മരടിലെ ഫ്ലാറ്റുകകളും അനധികൃതമായി നിർമിച്ചതാണത്രെ...! ഒരു രാത്രി ഇരുട്ടിവെളുക്കും മുമ്പ് പൊങ്ങി വന്നതല്ല ഇതൊന്നും, വർഷങ്ങളെടുത്ത് നിർമിച്ചതാണ്. ആലപ്പുഴ ജില്ലയിലെ പനവള്ളി പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും മുതൽ മുകളിലോട്ടുള്ള പല സർക്കാർ ഓഫീസുകളിൽ നിന്നും അനുമതി വാങ്ങി അവരുടെ കൺമുന്നിലാണ് കാപികോ റിസോർട്ട് പണിതത്, മരടിലെ ഫ്ലാറ്റ് പണിതതും നഗരസഭാ അധികൃതരുടെ അംഗീകാരത്തോടെ അവരുടെ കൺമുന്നിലാണ്.
നിയമം ലംഘിച്ച് നിർമാണം നടത്തിയാൽ നിർമാതാക്കളുടെ അതേ ഉത്തരവാദിത്തം കൈക്കൂലി വാങ്ങി അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഉണ്ടാവില്ലേ...?
പക്ഷെ അവരുടെ പേരുകൾ നാം കേൾക്കുന്നുണ്ടോ...? അവർ ശിക്ഷിക്കപ്പെടുന്നുണ്ടോ...?
കോടതി ഉത്തരവു പ്രകാരം പൊളിച്ചു കളയാനുള്ള പണം പോലും ഞാനും നിങ്ങളും അരിയും ഉപ്പും വാങ്ങുമ്പോൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നാണെടുക്കുന്നത്. സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ പണമില്ലാത്തതിനാൽ ഹെഡ്മാസ്റ്റർ മാരെ തെണ്ടാൻ വിടുന്ന നാട്ടിൽ അഴിമതിക്കാരെ രക്ഷിക്കാൻ പണത്തിന് മുട്ടില്ല.
എന്തൊരു നാടാണിത്...!
പാലാരിവട്ടം പാലത്തിൽ സിമന്റോ കമ്പിയോ കുറയുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്ത് സർക്കാർ പോറ്റുന്ന ഉദ്യോഗസ്ഥപ്പരിശകൾ കൈക്കൂലി വാങ്ങി കണ്ണടക്കുന്നത് കൊണ്ടാണ് പാലം പൊളിഞ്ഞു വീഴുന്നത്, അവർ ശിക്ഷിക്കപ്പെടുന്നത് പോകട്ടെ അവരുടെ പേരെങ്കിലും പുറത്തു വരുന്നുണ്ടോ..? ഉദ്യോഗസ്ഥർ വെട്ടിക്കുന്ന കോടികളുടെ പങ്ക് കൃത്യമായി കിട്ടുന്നത് കൊണ്ടല്ലേ ഭരണ-പ്രതിപക്ഷ കക്ഷികൾ മൗനം പാലിക്കുന്നത്...? മാധ്യമങ്ങൾ മിണ്ടാതിരിക്കുന്നത്...?
ഇന്നലെ മന്ത്രി റിയാസ് പറഞ്ഞത് കേട്ടായിരുന്നോ..? റോഡ് തകർച്ചക്ക് കാരണം അവിശുദ്ധ കൂട്ട് കെട്ടാണത്രെ. ആ അവിശുദ്ധ കൂട്ടുകെട്ടിൽ റിയാസിന്റെ പാർട്ടിയില്ലെങ്കിൽ എന്ത് കൊണ്ടാണ് 'അവിശുദ്ധ' സർക്കാർ ഉദ്യോഗസ്ഥർ നടപടിക്ക് വിധേയരാവാത്തത്...? അവരുടെ പേര് പോലും പുറത്തു വരാത്തത്...?
'അനധികൃത'മായതെന്തും പൊളിച്ചു കളയണമെന്ന വിധികളാണ് മറ്റൊരു വിരോധാഭാസം.
കടലിലും കായലിലും കാട്ടിലുമൊക്കെ ടൂറിസം പദ്ധതികൾ വരുന്ന കാലമാണിത്, ലോകത്ത് എല്ലായിടത്തും ടൂറിസം വളരുന്നത് അങ്ങനെയൊക്കെയാണ്. നിർമാണം അനധികൃതമാണെങ്കിൽ, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ കനത്ത പിഴ ചുമത്താം, അല്ലെങ്കിൽ സർക്കാരിന് പിടിച്ചെടുക്കാം.
കോടിക്കണക്കിന് രൂപയും മനുഷ്യരുടെ അധ്വാനവും പൊളിച്ചു കളയുന്നതെന്തിനാണ്..? അതൊരു ദേശീയ നഷ്ടമല്ലേ...?
പൊളിക്കലിലെ ബുദ്ധി ശൂന്യത മനസ്സിലാക്കാൻ കൊച്ചിയിൽ ഫ്ലാറ്റ് പൊളിച്ചതിന്റെ സാങ്കേതീകത്വം അറിഞ്ഞാൽ മതി.
മരടിൽ പൊളിച്ചു കളഞ്ഞ ഫ്ലാറ്റ് സമുച്ചയം അതേ സ്ഥലത്ത് വേണമെങ്കിൽ ഇനി പുതുതായി ഉണ്ടാക്കാം!
നിയമപരമായി തന്നെ!
അതായത് ഉത്തമാ...
1996 ലെ തീരദേശനിർമ്മാണ നിയന്ത്രണ വിജ്ഞാപനം അനുസരിക്കാത്തതിനാണ് ഫ്ലാറ്റുകൾ പൊളിച്ചത്.
ആ നിയമം അനുസരിച്ച് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ മാറിയേ കെട്ടിടമുണ്ടാക്കാൻ പാടുള്ളൂ,
2019 ഫെബ്രുവരി 25 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അതനുസരിച്ച്, വേലിയേറ്റ രേഖയിൽ നിന്ന് 20 മീറ്റർ മാറി കെട്ടിടമുണ്ടാക്കാം...
ഇപ്പോൾ നിന്നതിൻ്റെ ഇത്തിരി കൂടിതീരദേശത്തേക്ക് മുന്നോട്ട് നീക്കി അതെ ഭൂമിയിൽ കെട്ടിട മുണ്ടാക്കാമെന്ന്!
ഈ നാട് ഇങ്ങനെയൊക്കെ ആയാൽ മതിയോ..?
നിങ്ങളും ഞാനും വിചാരിക്കാത്തിടത്തോളം നമുക്ക് വേണ്ടി ഏതെങ്കിലും അന്യഗ്രഹ ജീവികൾ നാടു നന്നാക്കാൻ ഇറങ്ങും എന്ന് കരുതി കാത്തിരിക്കുകയാണോ...?