ആബിദ് അടിവാരം
സണ്ണി എം കപിക്കാട് എയ്ഡഡ് കോളജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായത്തെക്കുറിച്ച് ദൂള്‍ ന്യൂസ് നല്‍കിയ ഒരു കുറിപ്പില്‍ സണ്ണി എം കപിക്കാടിന്റെ അഭിപ്രായം വലിയ വിവാദമായി. മുസ് ലിം മാനേജ്‌മെന്റ്‌സ്‌കൂളില്‍ നായന്മാരും ക്രിസ്ത്യാനികളും പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും അധ്യാപനം നടത്തുന്ന തികച്ചും ജനാധിപത്യപരമായ ഒരു അന്തരീക്ഷമാണ് എയ്ഡഡ് സ്ഥാപനങ്ങള്‍ പിഎസ് സിക്കുവിട്ടാന്‍ ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ ഇതര സമുദായക്കാര്‍ അല്പമെങ്കിലുമുള്ളത് മുസ് ലിം സ്ഥാപനങ്ങളിലാണ്. ഇത് മറന്നുകൊണ്ടാണ് മുസ് ലിം സ്ഥാപനങ്ങള്‍ എന്ന് പറഞ്ഞു തുടങ്ങുന്നതെന്നായിരുന്നു ആരോപണം. അതേ കുറിച്ചാണ് ആബിദ് അടിവാരത്തിന്റെ ഈ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിൽ ആകെ 7,140 എയിഡഡ് സ്കൂളുകളാണുള്ളത്, 2,957 സ്കൂളുകൾ ഹിന്ദു മാനേജ്മെൻറിന് കീഴിലാണ്, 2,596 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെൻറിൻറേതാണ് മുസ് ലിം മാനേജ്മെൻറുകൾ നടത്തുന്നത് 1384 സ്കൂളുകൾ മാത്രമാണ്.
കേരളത്തിൽ ആകെ 204 എയിഡഡ് കോളേജുകളാണുള്ളത്.
ഇതിൽ 95 കോളേജുകളും ക്രിസ്ത്യൻ മാനേജ്മെൻറിനാണ്. ഹിന്ദുക്കൾക്ക് 63 കോളേജുകളും മുസ് ലിം മാനേജ്മെൻറിന് വെറും 38 കോളേജുകളുമാണുള്ളത്.
അതായത്, സംസ്ഥാനത്തെ 54 ശതമാനം വരുന്ന ഹിന്ദുക്കളെക്കാൾ എയ്ഡഡ് മേഖലയിലെ സർക്കാർ ഫണ്ട് കിട്ടുന്നത് 17 ശതമാനം വരുന്ന ക്രിസ്ത്യാനികൾക്കാണ്.
ക്രിസ്ത്യൻ എയിഡഡ് സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ക്രിസ്ത്യൻ അധ്യാപകരാണ് ജോലിചെയ്യുന്നത്, ലൗകീക പരിത്യാഗികളായ അച്ചൻമാരും കന്യാസ്ത്രീകളും സർക്കാരിൽ നിന്ന് ശമ്പളം കൃത്യമായി എഴുതി വാങ്ങി സഭയെ ഏൽപ്പിക്കുകയാണ് പതിവ്, കോടികളാണ് ഈ വകയിൽ സഭയുടെ വരുമാനം.
വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളിൽ നിന്ന് എനിക്ക് നേരിട്ട് മനസ്സിലായ ഒരു വസ്തുതയുണ്ട്.
കേരളത്തിൽ ഒറ്റ മുസ് ലിം അധ്യാപകരുമില്ലാത്ത നിരവധി ക്രിസ്ത്യൻ ഹിന്ദു മാനേജ്മെൻറ് സ്ഥാപനങ്ങളുണ്ട്.
പക്ഷെ അമുസ് ലിംകളില്ലാത്ത ഒറ്റ മുസ് ലിം എയിഡഡ് സ്ഥാപനങ്ങൾ പോലുമില്ല...!
പക്ഷെ, സണ്ണി എം കപിക്കാടിന് മുസ് ലിം സ്ഥാപനങ്ങളിൽ നായൻമാരും ക്രിസ്ത്യാനികളും പട്ടിക ജാതിക്കാരും ജോലിചെയ്യുന്ന ജനാധിപത്യം കണ്ടാൽ മതി, മുസ്ലിംകളും പട്ടിക ജാതിക്കാരും ജോലി ചെയ്യുന്ന ക്രിസ്ത്യൻ, നായർ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പരിഗണനയിലില്ല.
പിസി ജോർജിസം കുറഞ്ഞും കൂടിയും പലയിടങ്ങളിലും പലരിലും ഉണ്ടെന്ന് പറഞ്ഞാൽ ഓവറായിപ്പോകും, അങ്ങനെ പറയുന്നില്ല.