കേന്ദ്ര മന്ത്രിയാണെങ്കിലും സംഘമിത്രങ്ങള്‍ സത്യം പറയില്ല; വി മുരളീധരനെതിരേ എഴുത്തുകാരന്‍ രാജീവ് ചേലനാട്ട്
സിനിമാഹാളില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തയാളെ നോക്കിപ്പേടിപ്പിച്ചെന്ന് അവകാശപ്പെട്ട മന്ത്രി മുരളീധരന്‍ നുണപറയുകയാണെന്ന് എഴുന്നേല്‍ക്കാതിരുന്ന എഴുത്തുകാരന്‍ രാജീവ് ചേലനാട്ട്.
കേന്ദ്രമന്ത്രി ശ്രീ മുരളീധരന്‍,
ഞായറാഴ്ച താങ്കളിവിടെ പാലക്കാട്ടെ പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വന്നത് വായിച്ചറിഞ്ഞു.
രണ്ട് കൊല്ലം മുന്‍പ് ഇതേ പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ താങ്കള്‍ പങ്കെടുത്തതും, അന്ന് സ്‌ക്രീനില്‍ ദേശീയ ഗാനം കാണിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ സീറ്റിലിരുന്നിരുന്ന ഒരുത്തനെ തുറിച്ചു നോക്കി അയാളെ പേടിപ്പിച്ച് വിട്ടതും ഉദ്ഘാടന പ്രസംഗത്തിനിടയ്ക്ക് താങ്കള്‍ സൂചിപ്പിച്ചതായി അറിഞ്ഞു.
ബഹുമാനപ്പെട്ട മന്ത്രീ, ദേശീയഗാനം കാണിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ ഇരുന്ന ആ ആള്‍ ഈ ഞാനായിരുന്നു.
ദേശീയഗാനം കഴിഞ്ഞ് സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരു ഫോണ്‍ വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങിയ നേരത്താണ് ഹാളിന്റെ പിന്നിലിരുന്നിരുന്ന താങ്കളെ ഞാന്‍ കണ്ടത്. അര്‍ത്ഥം വെച്ചൊരു ചിരി താങ്കള്‍ എനിക്ക് സമ്മാനിച്ചു. ഞാനത് തിരിച്ചു നല്‍കുകയും ചെയ്തു. തിരിച്ചു വന്നപ്പോഴേക്കും താങ്കളും സംഘവും പോവുകയും ചെയ്തിരുന്നു. സിനിമ ഞാന്‍ മുഴുവന്‍ കാണുകയും ചെയ്തു.
ഇതിനെക്കുറിച്ച് പിറ്റേന്നോ തൊട്ടടുത്ത ദിവസങ്ങളിലോ എഫ്.ബി.യില്‍ എഴുതുകയും ചെയ്തിരുന്നു. അതിപ്പോഴും അവിടെ കാണും.
ഇതല്ലേ മിത്രമേ അന്നുണ്ടായത്? വേണ്ട, സംഘമിത്രങ്ങള്‍ സത്യം പറയുമെന്ന തെറ്റിദ്ധാരണയും അത്യാഗ്രഹവുമൊന്നും എനിക്കുമില്ല. അതല്ല, താങ്കള്‍ തുറിച്ചുനോക്കിയപ്പോള്‍ ഞാന്‍ ബോധംകെട്ട് നിലത്ത് വീണെന്നോ മറ്റോ സമ്മതിച്ചു തന്നാല്‍ താങ്കള്‍ക്ക് സമാധാനമാവുമെങ്കില്‍ അതും സമ്മതിച്ചു തരാം.
പേടിപ്പിക്കാന്‍ ഉദ്ദേശിച്ചതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് താങ്കളുടെ മുഖത്ത് വന്നതെന്നും, ഞാന്‍ ശരിക്കും പേടിച്ച പേടി മുഴുവന്‍ ഞാന്‍ പുറത്ത് കാണിച്ചിട്ടുണ്ടാവില്ല എന്ന് താങ്കളുടെ ശൈലിയില്‍ പറഞ്ഞാലും തെറ്റില്ല.
എന്നാലും ഇടയ്ക്ക് വല്ലപ്പോഴും സത്യം പറയുന്നതും നല്ലതാണ്.
എന്ന്
സ്‌നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്