ശക്തന്‍തമ്പുരാന്റെ ഔട്ട്ഹൗസ് എവിടെയായിരുന്നെന്ന് തൃശൂര്‍ക്കാര്‍ക്കറിയുമോ? രാമനിലയത്തിന്റെ ചരിത്രം പങ്കുവച്ച് കടകംപളളി സുരേന്ദ്രന്‍
സംസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തൃശൂര്‍ രാമനിലയത്തിന്റെ 120 വര്‍ഷം പഴക്കമുള്ള പൈതൃക ബ്ലോക്ക് പഴമയുടെ പ്രൗഢി ചോരാതെ നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. 120 വര്‍ഷം പഴക്കമുള്ള രാമനിലയത്തിന്റെ ചരിത്രം ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു ഒന്നാണ്.
ടൂറിസം മന്ത്രിയായി ഞാന്‍ ചുമതലയെടുക്കുമ്പോള്‍ കാലപ്പഴക്കവും അശാസ്ത്രീയമായ അറ്റകുറ്റപ്പണികളും മൂലം നാശോന്മുഖമായ അവസ്ഥയിലായിരുന്നു ഈ പൈതൃകമന്ദിരം. അങ്ങനെയാണ് നവീകരണം സംബന്ധിച്ച ആലോചനകളുണ്ടായത്. തുടര്‍ന്ന് പൈതൃകത്തനിമ ചോരാതെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നവീകരിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. ആര്‍ക്കിടെക്റ്റ് എം എം വിനോദ്കുമാര്‍ നല്‍കിയ സംരക്ഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 3.45 കോടി രൂപ ചെലവില്‍ കെട്ടിട നവീകരണവും 1.25 കോടി രൂപ ചെലവില്‍ ലാന്‍ഡ് സ്‌കേപ്പിംഗും ലൈറ്റിംഗും ഉള്‍പ്പെടുന്ന പരിസര നവീകരണവുമായിരുന്നു പദ്ധതി. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
നിലവിലെ പൈതൃക ബ്‌ളോക്ക് ഈ രീതിയില്‍ സ്ഥാപിക്കപ്പെട്ടത് 120 വര്‍ഷം മുമ്പാണെങ്കിലും ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റെ ഔട്ട്ഹൗസ് അണിപറമ്പ് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്നതായാണ് അനുമാനം. പിന്നീട് ദിവാന്‍ ബംഗ്‌ളാവായും ബ്രിട്ടീഷ് റസിഡന്റിന്റെ വാസസ്ഥാനമായ ട്രിച്ചൂര്‍ റസിഡന്‍സിയായും രണ്ടാം ലോക മഹായുദ്ധക്കാലത്ത് മിലിട്ടറി ഓഫീസായുമൊക്കെ രൂപാന്തരങ്ങളുണ്ടായി. കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ സ്മരണകളിലേക്ക് നയിക്കുന്നതാണ് രാമനിലയം എന്ന നാമകരണം.
രാമവര്‍മ്മ കൊച്ചി മഹാരാജാവും രാജഗോപാലാചാരി ദിവാനുമായിരിക്കെയാണ് അണിപറമ്പിലെ കെട്ടിട സമുച്ചയം ഈ മാതൃകയില്‍ സ്ഥാപിതമായത്. എറണാകുളത്തും ഇക്കാലയളവില്‍ റസിഡന്‍സി ബംഗ്ലാവും പബ്ലിക്ക് ഓഫീസുകളും നവീകരിക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. തൃപ്പൂണിത്തുറ കൊട്ടാരം, ഹജൂര്‍ കച്ചേരി, മഹാരാജാസ് കോളേജ് ഇവയെല്ലാം ഇക്കാലയളവിലാണ് ഇന്നത്തെ രൂപം കൈക്കൊണ്ടത്.
റസിഡന്‍സി എന്ന നിലയില്‍ ഈ മന്ദിരത്തില്‍ ആദ്യം താമസിച്ച ബ്രിട്ടീഷ് റസിഡന്റ് ഗോര്‍ഡന്‍ തോമസ് മക്കിന്‍സി ആയിരുന്നെന്ന് കൊച്ചി രാജ്യവുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. അടുത്ത റസിഡന്റായിരുന്ന സര്‍ ആ9ഡ്രൂവും തൃശൂര്‍ വാസം ചെലവിട്ടത് ഈ റസിഡ9സി മന്ദിരത്തിലാണ്. എന്ന പട്ടാഭിരാമറാവു ആയിരുന്നു അക്കാലത്തെ ദിവാന്‍. പക്ഷെ ഇതിനു ശേഷം റസിഡന്റുമാര്‍ ഇവിടെ താമസിച്ചിട്ടില്ല. ദിവാന്‍ എ.ആര്‍ ബാനര്‍ജിയായിരുന്നു അടുത്ത താമസക്കാരന്‍.
ബാനര്‍ജിയുടെ ദിവാ9 കാലത്താണ് റസിഡന്‍സി രാമനിലയം പാലസായി നാമകരണം ചെയ്യപ്പെട്ടത്. തൃശൂരിന് നിരവധി സംഭാവനകള്‍ നല്‍കിയ ബാനര്‍ജിയുടെ സാന്നിധ്യം 1914 വരെ ഇവിടെയുണ്ടായിരുന്നു. ബാനര്‍ജിക്ക് ശേഷം ദിവാനായ ജോസഫ് ഡബ്ല്യു. ബോര്‍, തുടര്‍ന്ന് രാമനിലയം കൊട്ടാരത്തിലെ ആതിഥേയനായി.
ബാനര്‍ജിയുടെ കാലഘട്ടത്തില്‍ തൃശൂരിലെത്തിയ ഹെന്റി ബ്രൂസ് അദ്ദേഹത്തിന്റെ ലെറ്റേഴ്‌സ് ഫ്രം മലബാര്‍ ആന്റ് ഓണ്‍ ദ വേ എന്ന കുറിപ്പുകളുടെ സമാഹാരത്തില്‍ രാമനിലയത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലും കൊച്ചിയിലുമെത്തിയ ശേഷം ആദ്യമായി താന്‍ ഒരു പങ്ക(ഫാന്‍)യ്ക്ക് കീഴിലുറങ്ങിയത് രാമനിലയത്തിലാണെന്ന് ബ്രൂസിന്റെ കുറിപ്പിലുണ്ട്. കൊച്ചി രാജ്യത്തിന്റെ ഭരണനിര്‍വഹണം എറണാകുളത്തേക്ക് സംക്രമിക്കുന്ന ഘട്ടമായിരുന്നെങ്കിലും തൃശൂരിന്റെ പ്രാധാന്യം ഏറെയായിരുന്നെന്നും ബ്രൂസ് രേഖപ്പെടുത്തുന്നു.
തൃശൂര്‍ ക്‌ളബ്ബായി മാറിയ ടെന്നിസ് ക്‌ളബ്ബിന് രാമവര്‍മ്മ മഹാരാജാവിനെ രക്ഷാധികാരിയാക്കി ബാനര്‍ജി തുടക്കം കുറിച്ചത് രാമനിലയം വളപ്പിലെ കോര്‍ട്ടുകളിലാണ്. മിസിസ് ബാനര്‍ജി അടക്കം നാല് വനിതകള്‍ രാമനിലയം കോര്‍ട്ടില്‍ ടെന്നിസ് കളിച്ചിരുന്നതായി രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ജീവചരിത്രത്തില്‍ ഡോ. കെ.ടി. രാമവര്‍മ്മ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവാന്‍ പദമൊഴിഞ്ഞ് 30 വര്‍ഷത്തിന് ശേഷം തൃശൂരിലെത്തിയ ബാനര്‍ജി തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഏഴു വര്‍ഷമെന്നാണ് ദിവാനായിരിക്കെ തൃശൂരില്‍ ചെലവിട്ട വര്‍ഷങ്ങളെ വിശേഷിപ്പിച്ചത്.
രാമവര്‍മ്മ മഹാരാജാവിന്റെ ആതിഥേയത്വം സ്വീകരിച്ച് 1923ല്‍ തൃശൂരിലെത്തിയ തിരുവിതാംകൂര്‍ രാജകുടുംബം താമസിച്ചതും രാമനിലയം കൊട്ടാരത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാമനിലയം മിലിട്ടറി റിക്രൂട്ട്‌മെന്റ് ഓഫീസായും രാമനിലയം വളപ്പ് മിലിട്ടറി ബാരക്കുകളായും രൂപാന്തരപ്പെട്ടു. 1939-45 കാലഘട്ടത്തില്‍ 1.7 ലക്ഷം പേരാണ് ഇവിടെ നിന്നും പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.
ഷണ്മുഖം ചെട്ടി ദിവാനായതിന് ശേഷമായിരുന്നു രാമനിലയത്തിന്റെ അടുത്ത ശാപമോക്ഷം. കെട്ടിടം വീണ്ടും നവീകരിക്കപ്പെട്ടു, റസിഡ9സിയുടെയും ദിവാ9 ബംഗ്ലാവിന്റെയും പ്രൗഢി വീണ്ടെടുത്തു.
1957 ഫെബ്രുവരിയില്‍ തൃശൂര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് സ്വാഗതമരുളിയത് രാമനിലയമാണ്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും പട്ടം താണുപിള്ളയും മുതലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും രാമനിലയത്തിന്റെ ഇന്നലെകള്‍ക്ക് ഓര്‍ത്തെടുക്കാനുണ്ട്. നിരവധി രാഷ്ട്ര നേതാക്കളും വിവിധ രംഗങ്ങളിലെ പ്രമുഖരും രാമനിലയത്തിന്റെ ആതിഥ്യം ആസ്വദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥി മന്ദിരമായി മാറിയതോടെ നിരവധി സുപ്രധാന സംഭവങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാമനിലയം വേദിയായി. ഇതോടൊപ്പമാണ് രാമനിലയത്തിന്റെ വളപ്പില്‍ പുതിയ കെട്ടിട സമുച്ചയം സ്ഥാനം പിടിച്ചത്.
കരിങ്കല്ലും ചെങ്കല്ലും കുമ്മായവും കൊണ്ട് നിര്‍മിച്ച മന്ദിരത്തിന്റെ നവീകരണത്തിലും കുമ്മായം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്കിലും ഈട്ടിയിലുമുള്ള മുഖപ്പുകളും അലങ്കാരപ്പണികളും കേടുപാടുകള്‍ തീര്‍ത്ത് മിനുക്കി മനോഹരമാക്കി. തറയോടുകള്‍, മരം കൊണ്ടുള്ള ഫ്‌ളോറിംഗ്, ഭിത്തികവചങ്ങള്‍ എന്നിവയും തനിമയില്‍ പുനഃസ്ഥാപിച്ചു. കസേരകള്‍, മേശകള്‍ തുടങ്ങിയ മര ഉരുപ്പടികളും നവീകരണത്തിന്റെ ഭാഗമായി തിളക്കം വീണ്ടെടുത്തു. അത്യാധുനികമായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് സംവിധാനങ്ങളും ഉപകരണങ്ങളും പൈതൃക ബ്‌ളോക്കിന് നല്കുന്നത് പഞ്ചനക്ഷത്ര നിലവാരത്തിലുള്ള അനുഭവമാണ്. കുളിമുറികളും അത്യാധുനികമായാണ് നവീകരിച്ചിരിക്കുന്നത്.
നാല് ആഡംബര സ്യൂട്ട് മുറികളോടു കൂടിയ പൈതൃക ബ്‌ളോക്കിന് 14,500 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. നീള9 വരാന്ത അരികു ചാര്‍ത്തുന്ന കെട്ടിടത്തിലെ രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍ നവീകരണത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുറികളിലൊന്ന് വിവിഐപികള്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടായാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ബ്‌ളോക്കുകളിലുമായി 34 മുറികള്‍ നിലവില്‍ ലഭ്യമാണ്.