മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി; ചരിത്രവിധിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

Update: 2021-04-28 10:30 GMT

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ച ഹൈക്കോടതിയുടെ വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിനാകെ സ്വന്തം ഒരു ബാങ്ക് എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന്റെ വിജയമാണ് ഈ വിധി. കേരള ബാങ്ക് കേരളത്തിന്റെയാകെ ബാങ്കാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന വിധി മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളുടെയും ജീവനക്കാരുടെയും ആവശ്യത്തിന്റെ കൂടി അംഗീകാരമാണ്. കേരള ബാങ്ക് രൂപീകരണം തടയാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മലപ്പുറത്തെ മാത്രം അടര്‍ത്തിമാറ്റി നിര്‍ത്തിയ യു.ഡി.എഫിന്റെ അഹങ്കാര രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സഹകരണ മാനേജിങ് കമ്മിറ്റിയും ബാങ്കിനു കീഴിലുളള തുവൂര്‍, പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി.

അതേസയമം ജില്ലാ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍, പുലമാന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയവര്‍ ഓര്‍ഡിനന്‍സിനനുകൂലമായും ഹരജി സമര്‍പ്പിച്ചു.

ലയന നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

Tags:    

Similar News