മറ്റൊരു രാജ്യത്തും ജനങ്ങള്‍ക്കെതിരേ ഒളിയുദ്ധം നടത്തുന്ന സര്‍ക്കാറുകളെ വച്ചു പൊറുപ്പിക്കുന്ന പതിവില്ല

ആസാദ്

Update: 2021-07-20 07:26 GMT

    നാമെല്ലാം നിരീക്ഷണ വലയത്തിലാണ്. നമ്മുടെ ഫോണിലും ലാപ്‌ടോപ്പിലും നമ്മുടെ ശത്രുക്കള്‍ ഒളിഞ്ഞിരിക്കുന്നു. നമ്മുടെ സ്വകാര്യതകള്‍ ചോര്‍ത്തുക മാത്രമല്ല, നാമറിയാത്ത വിധ്വംസക സ്വകാര്യങ്ങള്‍ നമ്മുടെ ഫോണിലും ലാപ്‌ടോപ്പിലും ഒളിച്ചുവെയ്ക്കുക കൂടി സാദ്ധ്യമായിരിക്കുന്നു. ഭീമകൊറഗോവ് കേസുകളില്‍ ആക്റ്റിവിസ്റ്റുകളെയും ബുദ്ധിജീവികളെയും വേട്ടയാടാന്‍ ഈ അധിനിവേശ കൗശലമാണ് ഉപയോഗിച്ചതെന്ന് വെളിപ്പെട്ടിരുന്നു. എന്തിനും പോന്ന സോഫ്റ്റ് വെയര്‍ സര്‍വയലന്‍സ് സൃഷ്ടിക്കുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ ശത്രുവാണ്.

    ഇസ്രായേലിന്റെ ചാരക്കണ്ണായ പെഗാസസ് രാഷ്ട്ര ഭരണകൂടങ്ങള്‍ക്കു മാത്രമാണ് വില്‍പ്പന നടത്തുന്നത്. അതു വാങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ടൊറാന്റോ സര്‍വകലാശാലയില്‍ പെഗാസസിനെപ്പറ്റി പഠനം നടത്തുന്ന സംഘം ഇന്ത്യയുള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പെഗാസസ് നിരീക്ഷണത്തിനു തെളിവു കണ്ടെത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. 2019ല്‍ തന്നെ പാരീസ് കേന്ദ്രമായ മാധ്യമ പഠന സംഘം പെഗാസസ് ചാരദൗത്യം കണ്ടെത്തി പഠനമാരംഭിച്ചിരുന്നു. ആ അന്വേഷണങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് നമ്മെ എത്തിച്ചത്.

    ആയിരത്തിലേറെ പേരെയാണ് ഇന്ത്യയില്‍ പെഗാസസ് സ്‌പൈവെയര്‍ കടത്തി ചാരനിരീക്ഷണ വലയത്തില്‍ പെടുത്തിയത്. ഭരണാധികാരികളുടെ എതിര്‍പക്ഷത്തു ശക്തമായി നിലകൊള്ളുന്നവരാണ് ഇരകളേറെയും. അതില്‍ രാഹുല്‍ഗാന്ധിയെപ്പോലെ രാഷ്ട്രീയ നേതാക്കളുണ്ട്. സിദ്ധാര്‍ത്ഥ വരദരാജിനെപ്പോലെ ഒട്ടേറെ പത്രപ്രവര്‍ത്തകരുണ്ട്. നരേന്ദ്രമോദി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുണ്ട്. കേന്ദ്ര സര്‍ക്കാറിലെ രണ്ടു മന്ത്രിമാരുണ്ട്. പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാംഗുണ്ട്. ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയും കുടുംബവുമുണ്ട്. ബില്‍ ആന്റ് മെലീന്റ ഫൗണ്ടേഷന്‍ ഇന്ത്യാ മേധാവി ഹരി മേനോനുണ്ട്. അങ്ങനെ പലരും. ഭീകരവാദത്തെ നേരിടാനെന്ന പേരില്‍ രാജ്യത്തെ ഭരണകൂടം ഇസ്രായേലി കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പില്‍നിന്നു വാങ്ങിയ സ്‌പൈ വെയര്‍ സങ്കുചിത രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗം ചെയ്തതിന്റെ ചിത്രമാണ് തെളിയുന്നത്. ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണിത്. യുഎപിഎ, എന്‍ഐഎ നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയും വ്യാപകമായ വേട്ടയും ഈ അതിക്രമവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ട് എവിടേയ്ക്കാണ് രാജ്യത്തെ കൊണ്ടുപോവുന്നത്?.

    പെഗാസസ് സ്‌പൈ വെയര്‍ യുദ്ധത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ആഭ്യന്തര വകുപ്പാണെന്നു വ്യക്തം. ആരെയെല്ലാം ചോര്‍ത്തണം ആരെയെല്ലാം വീഴ്ത്തണം എന്ന ഗൂഢാലോചനയും പ്രവര്‍ത്തനവും അവിടെ നടന്നു എന്നുവേണം കരുതാന്‍. ഈ വെളിപ്പെടലിന്റെ ആഘാതത്തില്‍ തകര്‍ന്നുപോവണം മോദി സര്‍ക്കാര്‍. മറ്റൊരു രാജ്യത്തും ജനങ്ങള്‍ക്കെതിരേ ഒളിയുദ്ധം നടത്തുന്ന സര്‍ക്കാറുകളെ വച്ചു പൊറുപ്പിക്കുന്ന പതിവില്ല. ഇവിടെയും അതുണ്ടാവരുത്. ലോകമാധ്യമങ്ങള്‍ക്കും ജന സമൂഹങ്ങള്‍ക്കും മുന്നില്‍ ഇന്ത്യ നാണംകെട്ടു നില്‍ക്കുകയാണ്. നരേന്ദ്രമോദിയുടെ സര്‍വ പരിവേഷവും അഴിഞ്ഞുവീണിരിക്കുന്നു. ഇനി ഭരണത്തില്‍ തുടരാന്‍ മോദി സര്‍ക്കാറിന് അവകാശമില്ല.

നാമെല്ലാം നിരീക്ഷണ വലയത്തിലാണ്. നമ്മുടെ ഫോണിലും ലാപ്ടോപ്പിലും നമ്മുടെ ശത്രുക്കള്‍ ഒളിഞ്ഞിരിക്കുന്നു. നമ്മുടെ...

Posted by ഡോ. ആസാദ് on Monday, 19 July 2021

Dr. Azad about Pegasus spyware software

Tags:    

Similar News