ജയ് ഭീമിൽ പറഞ്ഞു വച്ച അതേ പ്രശ്നങ്ങൾ ഇപ്പോഴും അങ്ങനെ തന്നെയാണ്
ജയ് ഭീം കണ്ടവർക്കറിയാം സെങ്കേനിയും മണികണ്ഠനുമൊക്കെ താമസിക്കുന്ന ആ കുടിൽ.. പക്ഷെ അതിലും കഷ്ടമായിരുന്നു അവിടെ. പനയോലയും മണ്ണും കൊണ്ടുണ്ടാക്കിയ 4 കുടിലുകളിലായി 10 കുടുംബങ്ങൾ താമസിക്കുന്നു
ജയ് ഭീം എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിവിധ തട്ടിൽ ചർച്ചകൾ നടക്കുകയാണ്. ജയ് ഭീമിന്റെ പശ്ചാത്തലത്തിൽ പുന്നൈപ്പാക്കം ഗ്രാമത്തിൽ 2020ൽ ഇരുള ആദിവാസി വിഭാഗത്തിനിടയിൽ തന്റെ ബിരുദാന്തര ബിരുദ കാലയളവിൽ നടത്തിയ ഫീൽഡ് വർക്കിനെ മുൻ നിർത്തി മഞ്ജുഷ തോട്ടുങ്ങൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്
ജയ് ഭീം കണ്ടു കഴിഞ്ഞ് ആദ്യം ചെയ്തത് എംഎസ്ഡബ്ല്യു രണ്ടാം സെമെസ്റ്ററിൽ ചെയ്ത ഫീൽഡ് വർക്കുകളുടെ റിപോർട്ട് മെയിലിൽ പരതുക എന്നതായിരുന്നു. അങ്ങനെ 2020 മാർച്ച് മൂന്നിലെ റിപോർട്ടിൽ ഒബ്ജെക്റ്റീവ്സ് എന്ന ഹെഡിങ്ങിന് കീഴെ ഇങ്ങനെ എഴുതിക്കണ്ടു: to meet irula community and to build rapport with them.
ഫീൽഡ് വർക്കിന്റെ ഭാഗമായി പുന്നൈപ്പാക്കം ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പും യൂത്ത് ക്ലബ് initiationum കുട്ടികൾക്കുള്ള സ്കിൽ ഡെവലപ്പ്മെന്റ് ക്ലാസ്സുകളുമൊക്കെ സംഘടിപ്പിക്കുന്നതിനിടയ്ക്കാണ് സ്കൂൾ ഹെഡ് ടീച്ചർ ജയന്തിയോട് ചോദിച്ചത്, ഞങ്ങൾക്കിതൊന്നുമല്ലാതെ മറ്റെന്തെങ്കിലുമിവിടെ ചെയ്യാനുണ്ടോ?. അവർ തന്ന മറുപടി ഇങ്ങനെയായിരുന്നു: പുന്നൈ ഗ്രാമത്തോട ബോർഡർ ല, ബ്രിഡ്ജ് പക്കം പുറമ്പോക്ക് ഭൂമിയിലെ ഇരുളർകൾ വാഴ്‌രാറ്. ഉങ്കൾക്ക് മുടിഞ്ച അവങ്കള പോയി പാരുങ്ക".
അങ്ങനെയാണ് പുന്നൈയിൽ നിന്നും ഏറെമാറി ബ്രിഡ്ജിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ഇരുള കുടുംബങ്ങളെ കാണുവാൻ ഞങ്ങൾ പോകുന്നത്. അങ്ങോട്ടുള്ള വഴിയിൽ മറ്റു വീടോ കുടുംബങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.. തീർത്തും വിജനം! എച്ച്ഒഡി ലളിത മാം പറഞ്ഞതോർത്തു : ഇരുളർ പാമ്പിനെയും എലിയെയുമൊക്കെ പിടിച്ചു ജീവിക്കുന്നവരാണ്. പൊതു സമൂഹത്തിൽ നിന്നും വേർപെട്ടാണ് അവർ ജീവിക്കുന്നത്.. വേർപെട്ടതോ അതോ വേർപെടുത്തിയതോ എന്ന് അന്ന് ഞാൻ ആലോചിച്ചിരുന്നില്ല.
ജയ് ഭീം കണ്ടവർക്കറിയാം സെങ്കേനിയും മണികണ്ഠനുമൊക്കെ താമസിക്കുന്ന ആ കുടിൽ.. പക്ഷെ അതിലും കഷ്ടമായിരുന്നു അവിടെ. പനയോലയും മണ്ണും കൊണ്ടുണ്ടാക്കിയ 4 കുടിലുകളിലായി 10 കുടുംബങ്ങൾ താമസിക്കുന്നു. " അക്കാ കൊഞ്ചം പേശലമാ " എന്ന് ചോദിച്ചു ഞങ്ങൾ ഞങ്ങളെ പരിചയപ്പെടുത്തി. കുടിലുകളിൽ നിന്നും ഓരോരുത്തരായി പുറത്തേക്ക് വന്നു. ഞങ്ങൾക്കിരിക്കാൻ മരത്തണലിൽ അവർ പാ വിരിച്ചു. പതുക്കെയെങ്കിലും അവർ തുറന്ന് സംസാരിച്ചു തുടങ്ങി.
സിനിമയിൽ കഥ നടക്കുന്ന കാലം 1995-97 ആണ്. എന്ന് വച്ചാൽ ഞാൻ ജനിക്കുന്നതിനും മുൻപ്... ശെരിക്കു പറഞ്ഞാൽ ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ്. 2020 മാർച്ചിൽ അതെ കമ്മ്യൂണിറ്റിയോട് ഞങ്ങൾ സംസാരിച്ചപ്പോഴും സിനിമയിൽ പറഞ്ഞു വച്ച അതെ പ്രശ്നങ്ങൾ അവർ ആവർത്തിച്ചു. ഞാൻ കണ്ട ആ 10 കുടുംബങ്ങളിൽ ആകെ 10 കുട്ടികളും 10 സ്ത്രീകളും 7 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.. അതിൽ ആകെ 4 കുട്ടികളാണ് സ്കൂളിൽ പോകുന്നുണ്ടായിരുന്നത്.എന്ത് ജോലി ചെയ്യുന്നു എന്ന ചോദ്യത്തിന്,എന്റെ കണക്കുകൾ തെറ്റിച്ചു കൊണ്ട് അവർ പറഞ്ഞത് എല്ലാവരും തന്നെ തൊട്ടടുത്ത redhills rice മിലിൽ ജോലിക്ക് പോകുന്നു എന്നാണ്.. അതും തുച്ഛമായ തുകക്ക്. ആരും തന്നെ പാമ്പു പിടുത്തതിന് പോകുന്നുണ്ടായിരുന്നില്ല. സ്ത്രീകൾ ആകട്ടെ മിക്കപ്പോഴും വീട്ടിൽ തന്നെ, ചിലർ മാത്രം കൃഷിയും കല്യാണ മണ്ഡപത്തിൽ വല്ലപ്പോഴും കിട്ടുന്ന ജോലിക്കും പോയി.
10 വർഷമായി വെള്ളമോ വൈദ്യുതിയോ തുടങ്ങി ഒരടിസ്ഥാന സൗകര്യങ്ങളുമില്ലാതെ അവരവിടെ കഴിയുന്നു.. തല ചായ്ക്കുന്ന മണ്ണ് പോലും സ്വന്തമായില്ലാതെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവ് പോലുമില്ലാതെ കാലങ്ങളോളം അവരാ മണ്ണിൽ ജീവിച്ചു മരിക്കുന്നു. ഒരു കണക്കുകളിലും പെടാതെ ഒരു വോട്ട് ബാങ്കിന്റെയും ലിസ്റ്റിൽ ഇടം പിടിക്കാതെ.
സംസാരത്തിനിടയ്ക്ക് ദീപക് കുടിക്കാൻ അൽപ്പം വെള്ളം ചോദിച്ചപ്പോൾ അവരൊന്നു പതുങ്ങി... " അയ്യാ... ഇങ്ക തണ്ണി മോശം " എന്നവർ മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ ദീപക് ഇടയിൽ കയറി " ഇല്ല അണ്ണാ... വെയിൽ അന്ത അടി അടിക്കുത്.. വേറെ എതവും നിനക്കാമ കൊഞ്ചം തണ്ണി മട്ടും കൊടുങ്ക... പോതും "
അവർ ചിരിച്ചു കൊണ്ട് ഒരു മൊന്തയിൽ വെള്ളം കൊണ്ടു വന്നു.. തമിഴ് കലാചാരം ❤
പക്ഷെ സമൂഹത്തിൽ നിന്നും നേരിടുന്ന ഭീകരമായ അവഗണനകളും ചൂഷണങ്ങളും ജാതി വേർതിരിവുകളും തന്നെയാണ് അവരെ പിന്നോട്ട് വലിച്ചതെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറാകാത്തതിന്.. പുരുഷന്മാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നതിന്... സ്ത്രീകൾ പട്ടിണി കിടന്നാലും ജോലിക്ക് പോകാതിരിക്കുന്നതിനു.. ഒക്കെയും ഒരേ ഒരുത്തരമേ ഒള്ളു... ജാതി... !!!
ഞങ്ങളെക്കൊണ്ട് എന്ത് ചെയ്യാനൊക്കും എന്നായിരുന്നു പിന്നെ ആലോചിച്ചത്.. അങ്ങനെയാണ് ഒരു സെമിനാറിൽ വച്ച് കണ്ട സ്വർണലത എന്ന സാമൂഹിക പ്രവർത്തകയെ നമ്പർ ഒപ്പിച് വിളിക്കുന്നത്. അവർ Adhivasi Social Service Educational Trust ന്റെ മാനേജിങ് ട്രസ്റ്റീയും ഏറെക്കാലം ഇരുള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിച്ചവരുമാണ്.. അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്, പുന്നൈ നിലകൊള്ളുന്ന തിരുവള്ളൂർ ഉൾപ്പടെ വളരെ കുറഞ്ഞ ജില്ലകളിൽ മാത്രമാണ് ഇരുളർ ഇപ്പോൾ ജീവിക്കുന്നത് എന്നാണ് . അവരുടെ പൂർണമായ കണക്കുകളോ വിവരങ്ങളോ ഒന്നും ലഭ്യമല്ല . യാതൊരു വിധ തിരിച്ചറിയൽ രേഖകളുമില്ലാത്ത അവരുടെ പ്രശ്നങ്ങളെ പുറത്തേക്ക് കൊണ്ടു വരുന്നതും എളുപ്പമല്ല. എങ്കിലും വിദ്യാർത്ഥികൾ എന്ന നിലക്ക് നിങ്ങൾക്ക് ഒരു പവർ ഉണ്ടെന്നും.. അവരുടെ പേരും ഫോട്ടോയുമെല്ലാം ആയി ആധാർ കാർഡിന് വേണ്ടിയുള്ള ഒരു അപേക്ഷ തയ്യാറാക്കി തിരുവള്ളൂർ കളക്ടറേറ്റിൽ നൽകാനാണ് അവർ നിർദ്ദേശിച്ചത്... പക്ഷെ ഒരിക്കൽ കൂടെ ഞങ്ങൾക്കവിടേക്ക് ചെല്ലാനായില്ല... അപ്പോഴേക്കും കോവിഡ് അവതരിക്കുകയും ക്യാമ്പസ് അടച്ചു പൂട്ടുകയും ഞങ്ങൾക്ക് വീടുകളിലേക്ക് മടങ്ങേണ്ടിയും വന്നു...വാഗ്ദാനങ്ങൾ മാത്രം നൽകി അവരെ കടന്നു പോയവരുടെ ലിസ്റ്റിൽ അങ്ങനെ ഞങ്ങളും!!
ഒരുപാട് കാര്യങ്ങൾ ബാക്കിയാക്കിയാണ് പുന്നൈയിൽ നിന്നും തിരിച്ചു വരേണ്ടി വന്നത്... ഇന്നോർക്കുമ്പോൾ ഏറ്റവും വലിയ ലേണിംഗ് ഉണ്ടായിട്ടുള്ളത് അവിടെ നിന്നൊക്കെയാണ്... ജയ് ഭീം പോലുള്ള സിനിമകൾ ശക്തമായ രാഷ്ട്രീയം പറഞ്ഞു നിർത്തുമ്പോൾ രോമാഞ്ചവും നെഞ്ച് കലങ്ങുന്ന വേദനയും മാത്രമല്ല...ദശകങ്ങൾക്കിപ്പുറവും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ലെന്ന തിരിച്ചറിവ് കൂടെയുണ്ടാകണം നമുക്ക് ... നാട്ടിലേക്ക് വന്നാൽ നിങ്ങൾ കാടുകളിലും മലകളിലുമല്ലേ ജീവിക്കേണ്ടതെന്ന് പറഞ്ഞു അവരെ ആട്ടിയോടിക്കുന്ന ഒരു വിഭാഗം..ഇനി കാടുകളിൽ താമസിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ നീയൊക്കെ കാട് കയ്യേറുമെന്നും പശ്ചിമഘട്ടം നശിപ്പിക്കുമെന്നും പറഞ്ഞു പുറം പൊളിക്കാൻ അപ്പുറത് കുറെ ഹിപ്പോക്രറ്റുകൾ... ഇതിനിടയിൽ നിന്ന് വട്ടം കറങ്ങുമ്പോൾ കൊന്ന് ചോര കുടിക്കാൻ നിൽക്കുന്ന കോർപ്പറേറ്റ്കളും മേലാളന്മാരും ഭരണകൂടവും.. സെങ്കേനിയെ പോലുള്ള നൂറു കണക്കിന് മനുഷ്യർക്ക് ഇന്നും ഇതാണ് യഥാർഥ്യം.. ഇതാണ് ജീവിതം!!
ജയ് ഭീമ് കണ്ടപ്പോൾ എനിക്ക് പറയാനുണ്ടായിരുന്നത് ഇതൊക്കെയാണ്. രണ്ട് ദിവസമായി നമ്മുടെയൊക്കെ സ്റ്റാറ്റസ് ഭരിക്കുന്ന ആ രംഗമില്ലേ... അങ്ങനെയൊന്നു നടക്കണമെങ്കിൽ ഇനിയും ഒരു നൂറു കൊല്ലങ്ങൾകൂടി കഴിയേണ്ടി വരും...ചിലപ്പോൾ അതിനുമപ്പുറം....
നിങ്ങൾ ഓരോരുത്തരും ജയ് ഭീം കാണുക...മരിക്കുന്നതിന് മുൻപ് തീർച്ചയായും കണ്ടിരിക്കേണ്ട പടം തന്നെയാണ് അത് ..നമ്മൾ ചരിത്ര പുസ്തകത്തിൽ പഠിച്ചതിനുമപ്പുറത്തേക്ക് ആ മനുഷ്യർ ഇന്നും ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിയുക..സെങ്കേനിയോടും മണികണ്ഠനോടും സഹതാപമല്ല സഹജീവി സ്നേഹമാണ് വേണ്ടതെന്നു മനസിലാക്കുക... ചന്ദ്രു അവരെ സഹായിക്കുകയല്ല... അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുകയാണ് ചെയ്തതെന്ന് തിരിച്ചറിയുക... നാളെ അങ്ങനെ ആരുടേയുമെങ്കിലുമൊക്കെ ശബ്ദമാകാൻ നമുക്കൊരോരുത്തർക്കും സാധിക്കട്ടെ എന്ന് നമ്മോട് തന്നെ പറയുക ... ❤