സാമ്പത്തിക സംവരണം; ഇടതുപക്ഷം കാണിച്ച ചരിത്ര പരമായ ഏററവും വലിയ വിഢിത്തം: സിആർ നീലകണ്ഠൻ
എനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാർടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉൾക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്.
സാമ്പത്തിക സംവരണം ഇടതുപക്ഷം കാണിച്ച ചരിത്ര പരമായ ഏററവും വലിയ വിഢിത്തമാണെന്ന് സിആർ നീലകണ്ഡൻ. ഇടതുപക്ഷക്കാരനായ ശ്രീനാഥൻ എസ്പി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കൂടി ഉൾപ്പെടുത്തിയാണ് പരിസ്ഥിതി പ്രവർത്തകനായ സിആർ നീലകണ്ഡൻ ഈ അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇടതുപക്ഷക്കാരനായ ഒരാളുടെ പോസ്റ്റ് :
ഒരു സംവരണാനുകൂല്യവും ഇല്ലാതിരുന്ന ഒരു സമുദായത്തിലാണ് ഞാൻ പിറന്നത്. സമ്പന്നരല്ലെങ്കിലും പേരിന് ജന്മിമാരായിരുന്ന ഒരു കുടുംബത്തിലായിരുന്നു അത്. കുടിയാനിൽ നിന്ന് കാഴ്ചക്കുലയൊക്കെ കിട്ടിയിരുന്ന ഒരു കാലം അവ്യക്തമായ ഓർമയുണ്ട് എനിക്ക്. എക്കാലത്തും കോൺഗ്രസിന് അനുകൂലമായിരുന്നു എന്റെ കുടുംബം. അടിയന്തിരാവസ്ഥയോടുള്ള എതിർപ്പാണ് 1975 ൽ പതിനഞ്ചു വയസ്സുണ്ടായിരുന്ന എന്നെ എസ്എഫ്ഐയിലും ദേശാഭിമാനി സ്റ്റഡീസർക്കിളിലും എത്തിച്ചത്. അവസരസമത്വത്തിന് എതിരല്ലേ ജാതി സംവരണം എന്ന എന്റെ സംശയം അന്നത്തെ പല സഖാക്കളോടും ഞാൻ ചോദിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിലെ ചരിത്ര നീതിയും അത് ഒരു ക്ഷേമപദ്ധതി അല്ലെന്നതും അന്ന് അവർ പറഞ്ഞു തന്നത് എനിക്ക് ബോധ്യപ്പെട്ടു. ഇന്ന് രണ്ടു മുഖ്യ ധാരാ കമ്യൂണിസ്റ്റു പാർടികൾ നയിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോഴും നിർഭാഗ്യവശാൽ അന്നുണ്ടായ ബോധ്യം ഇന്നും എന്നിൽ നില നിൽക്കുന്നുണ്ട്.
-ശ്രീനാഥൻ എസ് പി
എനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാർടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉൾക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്. എന്റെ എഫ് ബി സുഹൃത്തുക്കളിൽ നല്ലൊരു ഭാഗം ഇടതുപക്ഷക്കാരാണ്. അവരിൽ ആരും തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എഴുതിക്കണ്ടില്ല. പക്ഷേ , അവർ മൗനം ദീക്ഷിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ എന്റെ സുഹൃത്തുക്കൾ അത് ബോധ്യപ്പെടുത്തും എന്ന് കരുതുന്നു.