ഈഴവ-മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കേരളത്തിലാദ്യമായി ക്വാട്ട നിശ്ചയിച്ച് സംവരണം നല്‍കിയത് ഇഎംഎസ്സല്ല

Update: 2020-11-30 13:30 GMT

ഒ പി രവീന്ദ്രന്‍

''ഇന്ത്യയില്‍ ആദ്യമായി മുസ്‌ലിം ഈഴവ വിഭാഗങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് ഒബിസി സംവരണം നടപ്പാക്കിയത് ഇ.എം.എസ് സര്‍ക്കാറാണ്- മുന്നാക്ക സംവരണത്തിന് ന്യായീകരണവുമായി എഫ്ബിയില്‍ കറങ്ങി നടക്കുന്ന ഒരു പോസ്റ്റിലെ അവകാശവാദമാണ് മുകളിലുദ്ധരിച്ചത്.

ഇന്ത്യയില്‍ പോയിട്ട് കേരളത്തില്‍ പോലും മുസ്‌ലിം, ഈഴവ വിഭാഗങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പാക്കിയത് ഇ.എം.എസ് അല്ല. ഇ.എം.എസ് സര്‍ക്കാര്‍ പിറവി കൊള്ളുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയിട്ടുണ്ട്.

മലബാറില്‍ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1934 ല്‍.

മലബാറില്‍ നിയമനങ്ങള്‍ക്കായി 1924ലാണ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചത്. നിയമനങ്ങളില്‍ സംവരണം ഉള്‍പ്പെടുത്തിയെങ്കിലും സംവരണവിരോധികളുടെ ഇടപെടല്‍ മൂലം സംവരണം നടപ്പായില്ല. തുടര്‍ന്ന് 1934ല്‍ ബ്രിട്ടീഷിന്ത്യാ സെക്രട്ടറിയായിരുന്ന എം.ജി.ഹാലറ്റ് സാമുദായിക സംവരണം പുതുക്കി നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കി. പ്രസ്തുത ഉത്തരവില്‍ അഖിലേന്ത്യാ സര്‍വീസുകളിലും പ്രാദേശിക സര്‍വ്വീസുകളിലും ഇന്ത്യക്കാര്‍ക്ക് നീക്കിവെച്ചിട്ടുള്ള തസ്തികളില്‍ 25% മുസ്‌ലിംകള്‍ക്കും മൂന്നിലൊന്ന് മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും സംവരണം നല്‍കണമെന്ന് നിശ്ചയിച്ചു.

തിരുവിതാംകൂറില്‍ സംവരണം നടപ്പിലാക്കിയത് 1936ല്‍

നിയമനങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ആവശ്യപ്പെട്ട് കൊണ്ട് 1932-ല്‍ ഈഴവ-മുസ്‌ലിം - ക്രിസ്ത്യന്‍ സമുദായങ്ങള്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭങ്ങളുടെയും അയ്യന്‍കാളി പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരുടെയു ശ്രമഫലമായി 1936-ല്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിലവില്‍ വന്നു. ജനസംഖ്യാ ടിസ്ഥാനത്തില്‍ സംവരണം ഉള്‍പ്പെടുത്തി. 60% മെറിറ്റും 40% സാമുദായിക സംവരണപ്രകാരവും നിയമനം ആരംഭിച്ചു.

കൊച്ചിയില്‍ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1937-ല്‍.

1937ലാണ് കൊച്ചിന്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചത്. ബോര്‍ഡിലെ സംവരണ ക്വോട്ട: നായര്‍ - 16 %, തമിഴ് ബ്രാഹ്‌മണര്‍ - 4 % , ഈഴവര്‍ 20%, പുലയര്‍ - 4%, മറ്റ് ഹിന്ദുക്കള്‍ - 10%, ലത്തീന്‍ കത്തോലിക്ക - 6%, മറ്റ് ക്രിസ്ത്യന്‍- 6%, മുസ്‌ലിം - 6%, ജൂതര്‍ - 2%, പിന്നാക്കരും അധ:കൃത വര്‍ഗക്കാരും - 16%. എന്നിങ്ങനെയായിരുന്നു.

തിരു-കൊച്ചിയില്‍ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1949-ല്‍

തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സ്റ്റേറ്റ് നിലവില്‍ വന്നപ്പോള്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും സെലക്ഷന്‍ ബോര്‍ഡുകളിലെ വ്യത്യസ്ത സംവരണ ക്വാട്ട ഏകീകരിച്ച് സംവരണം നിശ്ചയിച്ചത് 1949ലാണ്. 175 രൂപയ്ക്ക് മുകളില്‍: ഹയര്‍ ഡിവിഷന്‍. 75 നും 175 നും ഇടയില്‍: ഇന്റര്‍മീഡിയറ്റ്. 75 ന് താഴെ: ലോവര്‍ ഡിവിഷന്‍ എന്നിങ്ങനെ എല്ലാ നിയമനങ്ങളിലും 55% മെറിറ്റും 45% സാമുദായിക സംവരണവും നടപ്പാക്കി.

45%ത്തില്‍ 10% പട്ടികജാതി പട്ടിക വര്‍ഗ്ഗത്തിനും 35% പിന്നോക്കര്‍ക്കുമായി ക്വാട്ട നിശ്ചയിച്ചു.35 % പിന്നാക്ക സംവരണ ക്വാട്ടയില്‍: ഈഴവ 13% , മുസ്‌ലിം 5 %, കമ്മാളര്‍ 3%, നാടാര്‍ 3%, എസ്.ഐ.യു.സി 1%, ലാറ്റിന്‍ ക്രിസ്ത്യന്‍ 6, മറ്റ്ഹിന്ദു 2 %, ' പരിവര്‍ത്തിത ക്രിസ്ത്യന്‍ 2 % എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ക്വാട്ട നിശ്ചയിച്ചു.

ഐക്യകേരളത്തില്‍ ക്വാട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1957 ഫെബ്രുവരിയില്‍

തിരു-കൊച്ചിയിലേയും മലബാറിലേയും സംവരണം ഏകീകരിച്ച് നടപ്പിലാക്കിയത് 1957 ഫെബ്രുവരിയിലാണ്.(ഇ.എം.എസ് സര്‍ക്കാര്‍ ജനിക്കുന്നതിന് രണ്ട് മാസം മുന്‍പ്.) 1956ലെ സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ആകട് പ്രകാരം പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളേയും പുനര്‍നിര്‍ണയിച്ചു. തിരുവിതാംകൂറില 8 സമുദായങ്ങള്‍ കൂടാതെ 70 സമുദായങ്ങള്‍ കൂടെ പിന്നാക്ക ലിസ്റ്റില്‍ വന്നു. പ്രതിമാസം 200 രൂപക്ക് മേല്‍ ശമ്പളമുള്ള ഹയര്‍ ലവല്‍, 200നും 80 നുമിടയിലുള്ള ഇന്റര്‍മീഡിയറ്റ് ലവല്‍ 80ന് താഴെയുള്ള ലോവര്‍ ലെവല്‍ എന്നിങ്ങനെയുള്ള എല്ലാ നിയമനങ്ങളിലും സാമുദായിക സംവരണം നടപ്പിലാക്കി ഉത്തരവിറക്കി.

വസ്തുതകള്‍ ഇതായിരിക്കെ ചരിത്രത്തെ വക്രീകരിച്ച് നുണ പ്രചരണങ്ങളുമായി ഇറങ്ങുന്നതിന്റെ പിന്നില്‍ ഇ.എം.എസ് ഭക്തി അല്ലെന്നുണ്ടോ!

Similar News