ക്രുദ്ധമുഖമുള്ള ഇതിഹാസ പുരുഷന്മാര്‍

മുദൃലവും സൗഹൃദം സ്ഫുരിക്കുന്നതുമായ റാം റാം എന്ന അഭിവാദനം ജയ് ശ്രീറാം എന്ന പോര്‍വിളിയായി. കരുണാമയനായ ശ്രീരാമന്‍ ക്രമേണ ഹീനജാതികളെയും മ്ലേച്ഛന്മാരെയും പോരില്‍ ജയിക്കുന്ന യോദ്ധാവായി; ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ രാവണകിങ്കരന്മാരായി.

Update: 2019-01-29 11:15 GMT
പ്രഫ. പി കോയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം...

ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ രൗദ്രമുഖത്തോടെ അവതരിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയം ദര്‍ശിക്കാനാവും. ഇപ്പോള്‍ ചിലപ്പോഴൊക്കെ വാഹനങ്ങളില്‍ കാവിനിറമുള്ള സ്റ്റിക്കറുകളില്‍ പ്രത്യക്ഷപ്പെടുന്ന ഹനുമാനും ശിവാജിയും വളരെ ക്രൂദ്ധരായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മുംബൈയില്‍ വംശവെറിയുടെ ചോരചിന്തുന്ന രാഷ്ട്രീയം കളിച്ചു അധികാരപങ്കാളിത്തം ഉറപ്പാക്കിയ ബാല്‍താക്കറയുടെ ശിവസേന അത്തരം ചിത്രങ്ങളിലൂടെ തെരുവു ഗുണ്ടായിസത്തിനു വലിയ പ്രതീകാത്മകത നല്‍കി. ശിവജിയുടെ ഭീഷണിപ്പെടുത്തുന്ന മുഖമായിരുന്നു ഓട്ടോറിക്ഷകളിലും ടാക്‌സികാറുകളിലും പ്രദര്‍ശിപ്പിക്കാന്‍ ശിവസൈനികര്‍ നിര്‍ബന്ധിച്ചിരുന്നത്.

അത്തരം ചിത്രങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും കപട ധൈര്യവും പൊതുഇടങ്ങള്‍ കയ്യടക്കുന്നതിനു ഹിന്ദുത്വകാലാളിനെ സഹായിക്കുന്നുണ്ടാവും.ഉത്തരേന്ത്യയില്‍ സംഘപരിവാര നേട്ടം കൊയ്തത് വില്ലാളിവീരനായ പുതിയൊരു ശ്രീരാമന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. എല്‍.കെ അദ്വാനി 1990 ല്‍ നടത്തിയ രക്തപങ്കിലമായ രഥയാത്രയില്‍ ക്രൂദ്ധനായ രാമനായിരുന്നു ബാനറുകളിലും പോസ്റ്ററുകളിലും നിറഞ്ഞുനിന്നത്. എല്ലാം ഭാവനാകല്‍പിത മായതിനാല്‍ ഏതുവിധത്തിലും നമുക്ക് അവതാരപുരുഷന്മാരെ അവതരിപ്പിക്കാം.

രഥയാത്രയ്ക്കു ശേഷം ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഗല്ലികളില്‍ നിരപരാധികളുടെ ചോര ചാലിട്ടപ്പോള്‍ തുള്ളിച്ചാടിയവരുടെ കയ്യിലും അത്തരം ചിത്രങ്ങള്‍ ! കണ്ടിരുന്നു. അതോടൊപ്പം മുദൃലവും സൗഹൃദം സ്ഫുരിക്കുന്നതുമായ റാം റാം എന്ന അഭിവാദനം ജയ് ശ്രീറാം എന്ന പോര്‍വിളിയായി. കരുണാമയനായ ശ്രീരാമന്‍ ക്രമേണ ഹീനജാതികളെയും മ്ലേച്ഛന്മാരെയും പോരില്‍ ജയിക്കുന്ന യോദ്ധാവായി; ബി.ജെ.പി ക്ക് വോട്ടു ചെയ്യാത്തവര്‍ രാവണകിങ്കരന്മാരായി. രാമന്‍ 'തന്റെ ജന്മസ്ഥാനം കയ്യേറി പള്ളി പണിതവരെ' കൊന്നൊടുക്കുന്നത് ഒരു പാവനകര്‍മ്മമായി മനസ്സിലാക്കാന്‍ താമസമുണ്ടായില്ല. തുടര്‍ന്ന് ചിത്രങ്ങളില്‍ ശ്രീരാമന്റെ കയ്യില്‍ അമ്പിനും വില്ലിനും പുറമെ മഴുവും തൃശ്ശൂലവും ഖഡ്ഗവുമൊക്കെ കാണാന്‍ തുടങ്ങി. സംഘി പടയാളികള്‍ തൃശൂലം കയ്യിലെടുക്കുന്നതും നേതാക്കള്‍ അതുവിറ്റു കാശാക്കുന്നതും സമാന്തരമായിട്ടാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി വന്നപ്പോള്‍ അതുപോലുള്ള ഒരു ഘടനാമാറ്റത്തിന്നാണ് സംഘപരിവാരം കേരളത്തില്‍ ശ്രമിച്ചത്. യോഗമുദ്രയുമായി പീഠത്തിലിരിക്കുന്ന നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയാണ് കേരളീയര്‍ക്ക് പരിചിതം. ഇടക്ക് പുലിപ്പുറത്ത് കയറിയ അയ്യപ്പനെയും കണ്ടിരുന്നു. 'രാഷ്ട്രീയ ശത്രുക്കള്‍ ചെയ്യുന്ന അനീതി'ക്കെതിരെ പടക്കിറങ്ങുന്ന യോദ്ധാവായി അയ്യപ്പനെ മാറ്റിയെടുക്കാനാണ് സംഘിബുദ്ധിജീവികള്‍ ശ്രമിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന, ഫ്യൂഡല്‍ സ്വഭാവമുള്ള ശബരിമല കര്‍മസമിതിക്ക് വേണ്ടി സ്വയം സേവകര്‍ മുഴക്കുന്ന ശരണം വിളിയില്‍ രോഷവും ഭീഷണിയും പല്ലിളിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ശബരിമല കയറിയ സ്ത്രീകളെ കയ്യേറ്റം ചെയ്യുമ്പോള്‍ അക്രമികള്‍ ശരണം വിളിക്കുന്നത് ശ്രദ്ധിക്കുക. ഭക്തിയേക്കാളും അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനുള്ള ആത്മാവേശത്തേക്കാളുമത് ലക്ഷ്യം വെക്കുന്നത് 'ശത്രുക്കളെ'യാണ് കേരളത്തില്‍ അതു നിരാശമുറ്റിയ വെറുമൊരു തേങ്ങലായി, വിരസമായ പ്രഹസനമായി അവസാനിച്ചു. മറുഭാഗത്ത് ശത്രുക്കളായി മുസ്്‌ലിംകളില്ലാത്തതും അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലെ ബഹുസ്വരതയുമാണ് അതിനു കാരണം.



Full View




Tags:    

Similar News