അംജത് അലി ഇ എം
കോഴിക്കോട്: വലിയൊരു പരിപാടിയിലെ മുദ്രാവാക്യം വിളിയെച്ചൊല്ലി പോലിസ് നടത്തുന്ന വേട്ട ഇസ് ലാമോഫോബിയയുടെ ലക്ഷണമാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ വിവാദ സമയത്ത് സി ദാവൂദ് എഴുതിയ 'കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്? ' എന്ന ലേഖനത്തില്‍ പറയുന്നതുപോലുള്ള സമാനമായ സാഹചര്യമാണ് ഉയര്‍ന്നിരിക്കുന്നത്. അതേ കുറിച്ചാണ് അംജത് അലി ഇ എം ഫേസ് ബുക്കില്‍ എഴുതുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കളമശ്ശേരി ബസ് കത്തിക്കല്‍ വിവാദ സമയത്ത് അന്ന് സി ദാവൂദ് എഴുതിയ 'കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്? ' എന്ന തലക്കെട്ട് ആ വിഷയത്തില്‍ ഉണ്ടായ അസ്വഭ്വാവിക ദൃശ്യതയേയും മുസ് ലിം വിരുദ്ധതയേയും ചോദ്യം ചെയ്യുന്നതായിരുന്നു.
സമാനമായ ദൃശ്യതയും അസ്വഭാവിക പോലിസ് നടപടികളുമാണ് ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യംവിളിയുടെ പേരില്‍ നടക്കുന്നത്. പാര്‍ട്ടികള്‍ പരസ്പരം നടത്തുന്ന കൊലവിളകള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. എന്ന് മാത്രമല്ല അതിനോടുള്ള വിമര്‍ശനത്തിന് തീര്‍ച്ചയായും പ്രസക്തിയുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആലപ്പുഴയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്ന പോലിസ് വേട്ട തീര്‍ച്ചയായും സംഘ്പരിവാര്‍ തിരക്കഥ അനുസരിച്ചാണ്. ആര്‍.എസ്.എസി നെ അഭിസംബോധന ചെയ്ത് വിളിച്ച മുദ്രാവാക്യത്തെ ആ സംഘടന പോലും ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കിയിട്ടും അത് രണ്ട് മതവിഭാഗങ്ങള്‍ക്കെതിരാണെന്ന സംഘ്പരിവാര്‍ വാദത്തെ ഏറ്റെടുത്ത് വേട്ടക്കിറങ്ങുകയാണ് കേരള പോലീസ് ചെയ്തത്.
അതേസമയം മുസ് ലിം വിഭാഗത്തിനെതിരെ പ്രത്യക്ഷത്തില്‍ തന്നെ നടക്കുന്ന വംശഹത്യ ആഹ്വാനങ്ങളെയും വംശീയ പ്രചാരണങ്ങളെയും സ്വാഭാവികമായി കാണുകയും നടപടികളെടുക്കാതിരിക്കുകയും വഴി അവയെ പ്രോത്സാഹിപ്പിക്കുകയും വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് കേരള സര്‍ക്കാറും പോലിസും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. അതി രൂക്ഷമായ രീതിയില്‍ മുസ് ലിം സമുദായത്തിന് നേരെ വെറുപ്പ് പരത്തിയ നിരവധി സെഷനുകളും പ്രഭാഷണങ്ങളും നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടകാര്‍ക്കെതിരെയോ പി.സി ജോര്‍ജ്ജ് ഒഴികെയുള്ള മറ്റു പ്രഭാഷകര്‍ക്ക് നേരെയോ കേസെടുക്കാന്‍ പോലീസ് ഇത് വരെയും തയ്യാറായിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാ വാഹിനിയുടെ നേതൃത്വത്തില്‍ ആയുധമേന്തി നടത്തിയ പ്രകടനത്തിനെതിരെയും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
വംശീയമായ മുന്‍വിധിയില്‍ നിന്ന് കൊണ്ടാണ് മാധ്യമങ്ങളും ആലപ്പുഴ മുദ്രാവാക്യ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. സംഘ്പരിവാര്‍ നുണ പ്രചാരണങ്ങള്‍ വളരെ എളുപ്പത്തില്‍ വേരുറക്കുന്ന രീതിയില്‍ ഇസ്ലാമോഫോബികാണ് കേരളത്തിന്റെ പൊതുമണ്ഡലമെന്ന് കൂടി ഇത് തെളിയിക്കുന്നു. മുസ് ലിംകളിലേക്ക് സര്‍വയലന്‍സിന്റെ ഭൂതക്കണ്ണാടി തിരിച്ചുവെച്ച് വംശഹത്യയുടെ കാരണങ്ങള്‍ ചികഞ്ഞെടുക്കാനുള്ള 'മതേതരന്മാരുടെ' വംശീയ ജാഗ്രതയാണ് ആലപ്പുഴയിലെ മുദ്രാവാക്യത്തിന്റെ മുഴക്കം കൂട്ടുന്നതും അതില്‍ ഹിന്ദുമഹാസമ്മേളനങ്ങളും ദുര്‍ഗാവാഹിനികളും മറച്ചുപിടിക്കുന്നതും.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തീര്‍ത്തും അസ്വാഭാവികമായ പോലീസ് നടപടിക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.