അരമനയില്‍ നിന്നും താഴെയിറങ്ങിയ കോടിയേരിയെ വേദനിപ്പിച്ചത് സവര്‍ണ അഗ്രഹാരങ്ങള്‍ മാത്രം
സഖാവ് കോടിയേരിയുടെ ദേശാഭിമാനിയില്‍ വന്ന ലേഖനം വായിച്ചു. തിരുവനന്തപുരത്തെ അഗ്രഹാര തെരുവിലെ വീടുകള്‍ സന്ദശിച്ച് അവിടെയുള്ള ബ്രാഹ്മണരുടെ കഥ കേട്ടിട്ട് കോടിയേരി പറഞ്ഞത് ചേരിക്ക് സമാനമായ ദുരവസ്ഥയിലാണ് പല ബ്രാഹ്മണ അഗ്രഹാരങ്ങളുമെന്നാണ്. മാത്രമല്ല അവര്‍ക്ക് വീടുകള്‍ പുതുക്കി പണിയുന്നതിന് കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്നുമാണ്. അവര്‍ക്ക് സവരണം നല്‍കുന്നതിന്റെ സിപിഎമ്മിന്റെ കാലങ്ങളായുള്ള ആവശ്യത്തിന്റെ പ്രസക്തിയെ കുറച്ചുമൊക്കെ പ്രതിബാധിക്കുന്നതും കണ്ടു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അരമനയില്‍ നിന്നും താഴേക്കിറങ്ങിയ സഖാവ് കോടിയേരി സവര്‍ണരുടെ പ്രശ്‌നങ്ങള്‍ കേട്ട് കണ്ണ് നിറഞ്ഞ് വിഷമം സഹിക്കവെയ്യാതെ നിലവിളിക്കുകയാണ്. സവര്‍ണ അഗ്രഹാരത്തില്‍ നിന്നുമാണ് കോടിയേരി ജീവിതത്തിലാദ്യമായി ചേരിയെന്നും പട്ടിണിയെന്നും കേട്ടതെന്ന് തോന്നിപോകും വിദത്തിലാണ് കോടിയേരിയുടെ നിലവിളി.
കാലങ്ങളായി ചേരികളിലും പുറംപോക്കുകളിലും ലക്ഷംവീട് കോളനികളിലും പരമ ദരിദ്രരായി കഴിയുന്ന ഇവിടുത്തെ അടിസ്ഥാന വര്‍ഗ്ഗ ജന വിഭാഗങ്ങളോട് യാതൊരു താല്‍പര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സഖാവ് കോടിയേരി. കോടിയേരിയും സിപിഎമ്മും അവരുടെ പരമ്പരാഗതമായ സവര്‍ണ താല്‍പ്പര്യത്തിലേക്ക് ഓടിയടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സഖാവ് കോടിയേരി പറന്നിറങ്ങിയ അഗ്രഹാര തെരുവില്‍ നിന്നും കുറഞ്ഞ കിലോമീറ്ററുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്താവുന്ന ഒരു പ്രദേശമുണ്ട് തിരുവനന്തപുരത്ത്. പേര് ബീമാപള്ളിയെന്നാണ്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സിപിഎം സര്‍ക്കാരിന്റെ പോലിസ് വെടിവച്ച് കൊന്ന ആറുപേരുടെ കുടുംബം ഉണ്ട് അവിടെ. അവരെ സന്ദര്‍ശിച്ച് അവര്‍ക്ക് ഇതുവരെ കിട്ടാത്ത നീതി ലഭ്യമാക്കാന്‍ കോടിയേരി തയ്യാറാവുമോ?. തിരുവനന്തപുരത്തെ തീരദേശങ്ങളില്‍ ഒറ്റമുറിവീടുകളില്‍ കഴിയുന്ന മുക്കുവ കുടുംബങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്കും പദ്ധതികള്‍ തയ്യാറാക്കാന്‍ കോടിയേരി തയ്യാറാകുമോ?.
മതം മാറി എന്ന കാരണത്താല്‍ ആര്‍എസ്എസുകാര്‍ വെട്ടികൊന്ന കൊടിഞ്ഞിയിലെ ഫൈസലിന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായ പിണറായി വിജയനെ സമീപിച്ചപ്പോള്‍ അതിന് കീഴ് വഴക്കമില്ലെന്ന് പറഞ്ഞ് ആട്ടി പായിച്ച പിണറായി വിജയനും പാര്‍ട്ടിയും ഏത് കീഴ്‌വഴക്കത്തിലാണ് അഗ്രഹാരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ചുലക്ഷവും പട്ടിണിമാറ്റാന്‍ സംവരണവും എന്ന പദ്ധതിയെകുറിച്ച് അലോചിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവുന്നുണ്ട്.
പാവപ്പെട്ട ജനങ്ങളുടെ നൂറുകണക്കിന് പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ മുഖം തിരിച്ചു നില്‍ക്കുന്ന സിപിഎമ്മും സര്‍ക്കാരും തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പ്രായശ്ചിത്തം മൃതുഹിന്ദുത്വമാണ് എന്ന ലൈനിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ബംഗാള്‍ ഘടകത്തിന്റെ പകര്‍പ്പാവകാശം നേടിയെടുക്കാനുള്ള പ്രയാണത്തില്‍ കോടിയേരിയും അണികളും വിജയിക്കാന്‍ തന്നെയാണ് സാധ്യത. ആദര്‍ശം നഷ്ടപ്പെട്ടവര്‍ക്ക് അധികാരവും അരമനയും നഷ്ടപ്പെടാതിരിക്കാനുള്ള പോംവഴി അവസാനത്തെ കുറുക്കുവഴി തന്നെയാണ്.