അംബിക
കോഴിക്കോട്: ജനങ്ങളുമായി ആഴത്തില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമെന്ന പേരില്‍ പോലിസ് ചെയ്യുന്നത് സംഘപരിവാര ആശയങ്ങള്‍ പ്രചരിപ്പിക്കലാണോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് മറുവാക്ക് വാരികയുടെ എഡിറ്ററും സാമൂഹിക രാഷ്ട്രീയപ്രവര്‍ത്തകയുമായ അംബിക. ഹിന്ദുത്വപ്രത്യയശാസ്്ത്രം പഠിപ്പിക്കാന്‍ ശ്രമിച്ച ബേപ്പൂര്‍ ജനമൈത്രി പോലിസ് സ്‌റ്റേഷനിലെ രണ്ട് പോലിസുകാരെക്കുറിച്ചാണ് അംബിക ഫേസ്ബുക്കില്‍ എഴുതുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
സംഘിമൈത്രി പോലിസ് എന്ന് കേട്ടിട്ടുണ്ടോ? ഞാനിന്നലെ കണ്ടു. ഇന്നലെ ഇടേണ്ടിയിരുന്ന പോസ്റ്റാണ്. തിരക്കു കാരണം കഴിഞ്ഞില്ല.
ഇന്നലെ ബേപ്പൂര്‍ സ്‌റ്റേഷനിലെ രണ്ടു ജനമൈത്രി പോലിസുകാര്‍ യൂനിഫോമില്‍ വീട്ടില്‍ വന്നിരുന്നു. 87 വയസ്സായ അമ്മയും ഞാനുമുണ്ടായിരുന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി, മതം, വിദ്യാഭ്യാസം, തൊഴില്‍ അങ്ങനെ നിരവധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജാതി പറഞ്ഞപ്പോള്‍ ജാതിയോ മതമോ ദൈവമോ അമ്പലമോ, പള്ളിയോ ഒന്നിലും വിശ്വസിക്കുകയാ ആചരിക്കുകയോ ചെയ്യുന്നില്ലെന്നു പറഞ്ഞു. അപ്പോള്‍ ഭക്ഷണം വെജിറ്റേറിന്‍ ആണല്ലേ എന്നായി അടുത്ത ചോദ്യം. അല്ല, ഞാന്‍ ബീഫടക്കം എല്ലാം കഴിച്ചിരുന്നു എന്നു ഞാന്‍ പറഞ്ഞു. ഉടന്‍ വന്നു വെജിറ്റേറിയനാണ് നല്ലത് എന്ന്. ഞാനങ്ങനെ കരുതുന്നില്ലന്നും എല്ലാം സ്വന്തം താല്‍പര്യമാണെന്നും പറഞ്ഞു.
പിന്നെ വസ്ത്രം,സംസ്‌കാരം ഒക്കെ ഉപദേശരൂപത്തില്‍ വന്നു. നമ്മുടെ കാലാസ്ഥയ്ക്കും സംസ്‌കാരത്തിനും പറ്റിയതല്ല ജീന്‍സ് പോലുള്ളവ, അത് സ്‌കിന്‍ ഡിസീസ് ഉണ്ടാക്കും, മറ്റ് പ്രശ്‌നങ്ങളും... എന്നവര്‍ പറഞ്ഞപ്പോഴും സൗകര്യവും താല്‍പര്യവുമാണ് പ്രധാനം എന്നു ഞാന്‍ പറഞ്ഞു.
നമ്മുടെ സാംസ്‌കാരിക പൈതൃകം നഷ്ടപ്പെടുന്നു, നമ്മള്‍ മറ്റുള്ളവരെ അനുകരിക്കുന്നു എന്നൊക്കെ അവര്‍ പറഞ്ഞപ്പോഴേക്കും ഞാനൊരു നാടിന്റെയും ദേശത്തിന്റെയും സംസ്‌കാരത്തിലും അഭിമാനിക്കുന്നില്ലെന്നും ഒരു നാടിന്റെയും സംസ്‌കാരത്തെ മോശമായി കാണുന്നില്ലെന്നും ലോകത്തു ജീവിക്കുന്ന ഒരു മനുഷ്യജീവി എന്നു മാത്രമേ കരുതുന്നുള്ളൂ എന്നും പറയേണ്ടി വന്നു. പൗരത്വത്തെക്കുറിച്ച് ഏറെ അഭിമാനിക്കുന്നയാളല്ലെന്നും പറയേണ്ടിവന്നു. മറുവാക്കിന്റെ വാര്‍ഷികപ്പതിപ്പ് കോപ്പിയുമായി അവര്‍ പോയി. എല്ലാ വിവരവും ശേഖരിച്ച് ജനമൈത്രി പോലിസിങ്ങിന്റെ ഭാഗമായി വന്നവര്‍ ഇറങ്ങി.
അപ്പോള്‍ സംഘിമൈത്രി പോലിസ് വരും. എല്ലാവരും കാത്തിരിക്കൂ.