ഹിന്ദി അടിച്ചേല്‍പ്പിക്കല്‍; ഹിന്ദി -ഹിന്ദു- ഹിന്ദുത്വ നയത്തെ ബലപ്പെടുത്താനുള്ള അടവിന്റെ ഭാഗം
എന്‍ ഇ സുധീര്‍
കോഴിക്കോട്: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള അമിത് ഷായുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കത്തിനെതിരേ എന്‍ ഇ സുധീര്‍ എഴുതിയ ഫേസ് ബുക്ക് കുറിപ്പാണ് താഴെ. ഇപ്പോഴത്തെ നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഹിന്ദി ഭാഷയോട് എനിക്ക് പ്രത്യേകിച്ച് ഒരാഭിമുഖ്യമോ വിരോധമോ നാളിതുവരെ ഉണ്ടായിരുന്നില്ല. പത്താം ക്ലാസുവരെ മാത്രമെ ആ ഭാഷ പഠിച്ചിട്ടുള്ളൂ. പത്താം ക്ലാസ് പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്ക് ഹിന്ദിക്കായിരുന്നു താനും! ഹിന്ദി ബന്ധം അതോടെ അവസാനിച്ചു. വിരോധം കൊണ്ടൊന്നുമല്ല, ആവശ്യം വന്നില്ല എന്നതുകൊണ്ടു മാത്രം. എന്നാല്‍ ഇന്നു മുതല്‍ ആ ഭാഷയോട് വിരോധം വെച്ചു പുലര്‍ത്താന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ഇന്ന് നടത്തിയ ഭയപ്പാടുളവാക്കുന്ന പ്രസ്താവനയാണ് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്നെ ഹിന്ദി വിരുദ്ധ നിലപാടിലേക്ക് നയിച്ചിരിക്കുന്നത്. വ്യത്യസ്ത സംസ്ഥാനക്കാര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഹിന്ദി ഉപയോഗിക്കണം എന്നാണ് അമിത് ഷാ പ്രസ്താവിച്ചത്. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് ആവശ്യമാണെന്നും ഔദ്യോഗിക സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി തിരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് വംശീയ ജനാധിപത്യം സ്ഥാപിച്ചെടുക്കുന്നതു പോലെ, ഭാഷാഭൂരിപക്ഷവാദം അടിച്ചേല്പിക്കുക എന്ന ബി.ജെ.പിയുടെ മനസ്സിലുള്ള ഒരു രാഷട്രിയ പ്രയോഗമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഹിന്ദി ഹിന്ദു ഹിന്ദുത്വ എന്ന അടിസ്ഥാന നയത്തിനെ ബലപ്പെടുത്തുവാനുള്ള അടവിന്റെ ഭാഗമായുള്ള നീക്കമായി വേണം ഇതിനെ വായിച്ചെടുക്കാന്‍. സാംസ്‌കാരിക അധീശത്വം കൈവരിക്കുക എന്ന അജണ്ടയുടെ പ്രത്യക്ഷമായ ഇടപെടല്‍. എന്റേതല്ലാത്ത ഒരു ഭാഷ പഠിക്കുവാന്‍ എന്നെ നിര്‍ബന്ധിതനാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. അത് നമ്മുടെ ബഹുസ്വര സംസ്‌കാരത്തിന്‍മേലുള്ള കത്തിവെക്കലാണ്. ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ രാജ്യത്തിന്റെ ഭാഷയാക്കുക എന്ന തികച്ചും രാജ്യദ്രോഹപരമായ നിലപാടുകൂടിയാണ്. ഇക്കാര്യത്തില്‍ ഏഴു പതിറ്റാണ്ടു മുമ്പുതന്നെ രാജ്യത്ത് നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടത്തുകയും ഈ വാദം തള്ളപ്പെടുകയും ചെയ്തിട്ടുള്ളതുമാണ്. പിന്നീടൊരിക്കലും ഇത് ചര്‍ച്ചയായിട്ടുണ്ട്. അന്ന് തമിഴ്‌നാട്ടില്‍ നിന്ന് കാമരാജോ മറ്റോ പരിഹാസത്തോടെ മുന്നോട്ടുവെച്ച മറുവാദം ഇങ്ങനെയായിരുന്നു. ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്നതു കൊണ്ട് എന്ന വാദം മുഖവിലയ്‌ക്കെടുത്താല്‍, നമുക്ക് ഏറ്റവും കൂടുതലുള്ളത് എന്ന നിലയില്‍ കാക്കയെ ദേശീയപക്ഷിയാക്കേണ്ടി വരും !
അമിത് ഷായ്ക്കും ടീമിനും ഈ ചരിത്രമൊന്നും അറിയാത്തതുകൊണ്ടല്ല; മറിച്ച് ഇതാണ് അവരുടെ രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള കുറുക്കുവഴികളിലൊന്ന് എന്ന തിരിച്ചറിവുകൊണ്ടാണ് വീണ്ടും ഈ വാദം മുന്നോട്ടു വെക്കുന്നത്. അതു കൊണ്ട് തന്നെ ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഭൂരിപക്ഷമതസ്ഥരുടേതാണ് രാജ്യം എന്നതുപോലെ ഭയാനകമായ വാദമാണിത്. ഇതിനുള്ള മറുമരുന്ന് ഹിന്ദി വിരുദ്ധതയാണ്. പ്രധാന കാരണം ഇത് നമ്മുടെ ബഹുസ്വര സംസ്‌ക്കാരത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അധിനിവേശത്തിന്റെ, അടിച്ചേല്പിക്കലിന്റെ ഓരോരോ മുഖങ്ങളായി അവര്‍ പുറത്തെടുക്കുകയാണ്. ഹിന്ദി സംസാരിക്കുന്നവര്‍ ഒന്നാം തരം പൗരരും അല്ലാത്തവര്‍ രണ്ടാം തരക്കാരുമായി മാറ്റിയെടുക്കും. ഇന്ത്യയിലെ ഓരോ ഭാഷയും ഹിന്ദിക്ക് തുല്യമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയുടെ കീഴിലല്ല. ഇപ്പോള്‍ ഭരണകൂടം കാണിക്കുന്ന ഹിന്ദി സ്‌നേഹത്തിന്റെ പുറകിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അത് രാഷ്ട്രീയമായി തന്നെ എതിര്‍ക്കപ്പെടേണ്ടതുമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ ഭരണഘടനാ മൂല്യം ഹിന്ദിവിരുദ്ധമാണ്.