'നിഷ്‌കളങ്ക'മായ ചോദ്യങ്ങള്‍ കൊണ്ട് ഈ ജനതയെ നിങ്ങള്‍ എത്രകാലം വഞ്ചിച്ചു കൊണ്ടിരിക്കും?

Update: 2020-12-30 02:20 GMT

ശ്രുതീഷ് കണ്ണാടി

കേസ് കൊടുത്ത സ്ത്രീയ്ക്ക് എതിരെ ഉണ്ടായ രോഷപ്രകടനങ്ങളെ മുന്‍നിര്‍ത്തി അവര്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് അമ്പിളിയുടെയും രാജന്റെയും ഭരണകൂട കൊലപാതകത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് 'പുരോഗമനവാദികള്‍' ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ട വിചാരണക്ക് വിട്ടു നല്‍കാതെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം ആര്‍ക്കുമില്ല.

പക്ഷേ, വ്യക്തിപരതയിലേക്കും കുടുംബ തര്‍ക്കങ്ങളിലേക്കും വിഷയത്തെ ചുരുക്കിക്കൊണ്ട് ഭൂമിയെ കുറിച്ച് ഉന്നയിക്കുന്ന മുഴുവന്‍ രാഷ്ട്രീയ ചോദ്യങ്ങളെയും റദ്ദ് ചെയ്യാനുള്ള തന്ത്രപരമായ പ്രതിരോധമാണ് ഇടത് അനുഭാവികള്‍ ഇപ്പോള്‍ നടത്തുന്നത്. നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വങ്ങളും, വിഭവാധികാരത്തിന്റെ പ്രശ്‌നങ്ങളും, ഭൂവിതരണത്തിലെ വിവേചനങ്ങളും രാഷ്ട്രീയമായി നാം ഉയര്‍ത്തുകയും അതില്‍ ജാതി ഒരു സുപ്രധാന ഘടകമായി വര്‍ത്തിക്കുന്നതിനെ പ്രശ്‌നവത്കരിക്കുകയും ചെയ്യുമ്പോള്‍, വ്യക്തിപരതയുടെ കാഴ്ചയിലേക്ക് ചുരുക്കി ചരിത്രപരമായി തുടരുന്ന സകല നീതിനിഷേധങ്ങളെയും അവര്‍ സാധൂകരിക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ട് ഒരു വിഭാഗം ജനത മാത്രം കോളനികളിലേക്ക് ഒതുങ്ങി പോയെന്ന്, എന്തുകൊണ്ട് അനധികൃതമായി കോര്‍പ്പറേറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നില്ലെന്ന്, എന്തുകൊണ്ട് രാജമാണിക്യം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചെന്ന്, എന്തുകൊണ്ട് ഭൂരഹിതരായ ദലിതര്‍ക്കും, ആദിവാസികള്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും ഭൂവിതരണം നടത്തുന്നില്ലെന്നും ഒക്കെയാണ് ചരിത്രത്തിലുടനീളം നമ്മള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങളെ അഡ്രസ്സ് ചെയ്യാന്‍ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ വിമുഖത കാണിച്ചതിന്റെ ഒടുവിലത്തെ ഇരകളാണ് അമ്പിളിയും രാജനും. കേവലം രണ്ടു കുടുംബങ്ങളുടെ ഭൂതര്‍ക്കത്തിന്റെ മാത്രം പ്രശ്‌നമല്ലിത്.

ഭരണകൂടത്തിനു പ്രതിരോധം തീര്‍ക്കുക മാത്രമാണ് അങ്ങനെ വായിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം. ഇനിയും എത്ര കാലം ഇങ്ങനെ വക്രീകരിച്ച വാദങ്ങളും 'നിഷ്‌കളങ്ക'മായ ചോദ്യങ്ങളും കൊണ്ട് ഈ ജനതയെ നിങ്ങള്‍ വഞ്ചിച്ചു കൊണ്ടിരിക്കും?

Similar News