ശരിയാണ്, സംഘപരിവാറിന്റെയും ചില ജഡ്ജിമാരുടെയും നിലവാരത്തിലേക്കുയരാന്‍ എനിക്കു കഴിയാതെ പോയി...!
-എസ് സുദീപ്
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഇന്‍ക്രിമെന്റ് തടയാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച സബ് ജഡ്ജി എസ് സുദീപ്, തനിക്കെതിരായ നടപടികള്‍ക്കു പിന്നിലെ കാരണമെന്താണെന്ന് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തുന്നു. സുപ്രിംകോടതിയുടെ ഉള്‍പ്പെടെയുള്ള വിധികള്‍ക്കെതിരേ കലാപം സൃഷ്ടിച്ച സംഘപരിവാര നിലപാടുകള്‍ക്കെതിരേയും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ നിലപാടറിയിച്ചതിനാണ് തനിക്കെതിരേ നടപടിയെന്നാണ് എസ് സുദീപ് വ്യക്തമാക്കുന്നത്. ഭരണഘടനയെ പരസ്യമായി പിന്തുണച്ച ഒരു ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കിലും നിങ്ങളെ കാത്തിരിക്കുന്നതും മറ്റൊന്നല്ലെന്നും അടിയന്തിരാവസ്ഥ നിലവിലില്ലെന്ന് ആരാണു പറഞ്ഞതെന്നും അദ്ദേഹം ചോദിക്കുന്നു.
എസ് സുദീപിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശരിയാണ്, സംഘപരിവാറിന്റെയും ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, ദേവന്‍ രാമചന്ദ്രന്‍, നഗരേഷ് എന്നിവരുടെയുമൊക്കെ നിലവാരത്തിലേയ്ക്കുയരാന്‍ എനിക്കു കഴിയാതെ പോയി!. മൂന്ന് ഇന്‍ക്രിമെന്റുകള്‍ തടയാന്‍ മാത്രമാണ് എനിക്കെതിരെ ഹൈക്കോടതിയുടെ ശുപാര്‍ശ, മനോരമജയശങ്കര്‍ പ്രഭൃതികള്‍ പറയുമ്പോലെ എന്നെ പിരിച്ചുവിടാന്‍ യാതൊരു ശുപാര്‍ശയുമില്ല. എനിക്കെതിരായ അച്ചടക്ക നടപടികള്‍ക്ക് ആധാരം ഞാന്‍ മുമ്പ് സൂചിപ്പിച്ചതു പോലെ നാല് എഫ് ബി പോസ്റ്റുകളാണ്.
1. അയലത്തെ കാക്കായെ കൊന്നിട്ട് ആകാശത്തെ കാക്കയ്ക്ക് എന്തിനു ബലിച്ചോറു നല്‍കണം?
2. പുള്ളിക്കാരനു ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാനിത്ര പാടാണെങ്കില്‍ നമ്മുടെയൊക്കെ ബ്രഹ്മചര്യ ചാരിത്ര്യങ്ങളുടെ അവസ്ഥയോ
#യുടൂ അയ്യപ്പേട്ടാ.
3. വലിയ വില കൊടുക്കേണ്ടി വരും(ഒന്നാം ശബരിമല വിധിക്കെതിരായ പ്രക്ഷോഭങ്ങള്‍ അപലപിച്ചുകൊണ്ട് )
4. പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് പറയാമ്പറ സാറമ്മാരേ (ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഫ്‌ലക്‌സ് വിധി വളച്ചൊടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട്)
ഒന്നു മുതല്‍ മൂന്നു വരെ പോസ്റ്റുകള്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതായി ആരോപിച്ച് ദേശീയ അഭിഭാഷക പരിഷത്ത് എന്ന സംഘപരിവാര്‍ സംഘടനാ ഭാരവാഹി ആര്‍ രാജേന്ദ്രന്‍ പരാതിപ്പെട്ടു. നാലാമത്തെ പോസ്റ്റ് ഹൈക്കോടതി വിധിയെ പരിഹസിക്കുന്നു എന്നാരോപിച്ച് ഹൈക്കോടതി സ്വമേധയാ പ്രത്യക്ഷപ്പെട്ടു. സീനിയര്‍ ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും, ഒന്നാമത്തെ പോസ്റ്റ് ആത്മപരിശോധന മാത്രമാണെന്നും, രണ്ടാമത്തെ പോസ്റ്റ് കവി എ അയ്യപ്പനെക്കുറിച്ചാണെന്ന എന്റെ വാദം പരിശോധിച്ച് ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പരാമര്‍ശിക്കുന്നില്ലെന്നും, നാലാമത്തെ പോസ്റ്റ് ഹൈക്കോടതി വിധി വളച്ചൊടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ മാത്രമാണെന്നും കണ്ടു.
നടപടിയില്‍ പറഞ്ഞ എന്റെ പോസ്റ്റുകള്‍ നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതും കോടതി വിധിയെ പിന്തുണയ്ക്കുന്നതുമാണെന്നും കണ്ടു. അതിനൊപ്പം രണ്ടുമുതല്‍ നാലുവരെ പോസ്റ്റുകള്‍ വിവാദ അതിലോല വിഷയങ്ങളെ സംബന്ധിച്ചാണെന്നും കണ്ടു. ആ നടപടിയില്‍, മുന്‍പറഞ്ഞ അന്വേഷണ റിപോര്‍ട്ട് സ്വീകരിച്ച്, പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് തന്നു. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണത്. മറുപടിക്കു ശേഷം മാത്രമാണ് തീരുമാനം വരിക. മറുപടി നല്‍കി. ഹൈക്കോടതി തീരുമാനം എന്റെ മൂന്ന് ഇന്‍ക്രിമെന്റുകള്‍ തടയാന്‍ മാത്രമാണ്. മൂന്ന് ഇന്‍ക്രിമെന്റുകള്‍ തടയാനുള്ള ആ ശുപാര്‍ശ മാത്രമാണ് നാളിതുവരെ സര്‍ക്കാര്‍ മുമ്പാകെ ഹൈക്കോടതി നല്‍കിയിട്ടുള്ളത്. ജയശങ്കര്‍ പറയുമ്പോലെ തുടര്‍ച്ചയായ പോസ്റ്റുകള്‍ അല്ല, മുന്‍പറഞ്ഞ കൃത്യമായ നാല് പോസ്റ്റുകളാണ് ആ നടപടിക്കാധാരം. എന്നെ തുടക്കത്തിലേ വിലക്കിയെങ്കില്‍ ഞാന്‍ പേടിച്ച് മാളത്തിലൊളിച്ചേനെ എന്നും ജയശങ്കര്‍. നിയമവാഴ്ച്ചയെയും കോടതി വിധികളെയും പിന്തുണയ്ക്കരുതെന്ന കൃത്യമായ സന്ദേശമാണ് ജയശങ്കറും സംഘപരിവാറും മറ്റും നല്‍കുന്നത്.
നിയമവാഴ്ച്ചയെ പിന്തുണയ്ക്കുന്നവന്‍ ജഡ്ജിയാണെങ്കില്‍ പോലും ഇതാണവസ്ഥ, പിന്നെ സാധാരണക്കാരനെ ബാക്കി വച്ചേക്കില്ലെന്ന വ്യക്തമായ അറിയിപ്പ്. അതിനാണ് എന്നെ വിലക്കേണ്ടിയിരുന്നത്.!. നിയമവാഴ്ച്ചയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി ഉണ്ടാകുന്നത് ഭരണഘടനയ്ക്ക് അപമാനമാണ്. ഞാന്‍ ഇന്‍ക്രിമെന്റിനെയല്ല, ശമ്പളത്തെയല്ല, മറിച്ച് ഭരണഘടനയെ മാത്രം മാനിക്കുന്നു. അതുകൊണ്ടാണ് മൂന്ന് ഇന്‍ക്രിമെന്റ് തടയാന്‍ മാത്രമുള്ള ശുപാര്‍ശയിന്മേല്‍ രാജി നല്‍കിയത്. ഞാന്‍ പരമബോറനാണെന്ന് ജയശങ്കറിന്റെ 'സംഘടന'ക്കാര്‍ പറഞ്ഞത്രെ! അദ്ദേഹം പകല്‍ പോകുന്ന പാര്‍ട്ടി ഓഫിസാണോ രാത്രി പോവുന്ന പാര്‍ട്ടി ഓഫിസാണോ എന്നു മനസ്സിലായില്ല. രണ്ടായാലും അതൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. അടിയന്തിരാവസ്ഥയെ പിന്തുണച്ചവരും അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നവരും എന്നെ പിന്തുണക്കുന്നതിനേക്കാള്‍ അഭികാമ്യം മരണം തന്നെ..! ജഡ്ജിമാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല. ഞാന്‍ ചട്ടക്കൂടില്‍ ഒതുങ്ങിയില്ല. ഇതൊക്കെയും ജയശങ്കറും കുറേ സംഘപരിവാറുകാരും ആരോപിക്കുന്നുണ്ട്.
എനിക്കെതിരായ അച്ചടക്ക നടപടി മുകളില്‍ പറഞ്ഞ കൃത്യമായ നാലു പോസ്റ്റുകളിലാണ്. അവ ആത്മപരിശോധനയും നിയമവാഴ്ച കോടതി വിധികള്‍ എന്നിവയെ പിന്തുണക്കുന്നവയുമാണെന്ന കൃത്യമായ കണ്ടെത്തല്‍ ഉണ്ട്. നിയമവാഴ്ചയെ പിന്തുണക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും ചട്ടക്കൂടിനും വെളിയിലാണെങ്കില്‍, ശരിയാണ് സര്‍ ഞാന്‍ വെളിയിലാണ്. ശരിയാണ്, ഞാന്‍ രഞ്ജന്‍ ഗോഗോയും മൂന്നു സീനിയര്‍ സുപ്രിം കോടതി ജഡ്ജിമാരും ചെയ്തതുപോലെ കോടതി സമയത്ത് കോടതിക്കെതിരേ ആഞ്ഞോ അല്ലാതെയോ അടിച്ച് പത്രസമ്മേളനം നടത്തിയില്ല. ദേവന്‍ രാമചന്ദ്രനെപ്പോലെ സെന്‍കുമാറിനും ആര്‍എസ്എസ് നേതാവിനുമൊപ്പം വേദി പങ്കിട്ടില്ല.(സുകൃതം ഭാഗവത സപ്താഹയജ്ഞം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ സന്ദേശം നല്‍കി). എനിക്കെതിരേ നിരന്തരം പരാതിപ്പെട്ട സംഘപരിവാറുകാരനും അയാളുടെ സംഘടനയ്ക്കുമൊപ്പം ദേവനെപ്പോലെ വേദി പങ്കിട്ടില്ല.(ഭാരതീയ അഭിഭാഷക പരിഷത്തിന്റെ 11.1.17 ലെ രജത ജൂബിലി ആഘോഷവേദി, ദേവന്‍ രാമചന്ദ്രനും എനിക്കെതിരായ പരാതിക്കാരനായ പരിഷത്ത് ഭാരവാഹി ആര്‍ രാജേന്ദ്രനും കൂടി പങ്കിടുന്ന ചിത്രം രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ എഫ് ബി അക്കൗണ്ടില്‍ പരസ്യമായി പങ്കുവച്ചിരിക്കുന്നത്). സംഘപരിവാര്‍ നേതാവായിരുന്ന നഗരേഷിനെപ്പോലെ ഭരണഘടന, ധര്‍മ്മസങ്കല്‍പ്പത്തെ അവഗണിച്ചെന്നു പ്രസംഗിച്ചില്ല. ജയ് ശ്രീറാം വിളിയെ വാഴ്ത്തിയില്ല. (ഭാരതത്തിലെ ഏറ്റവും വലിയ നിയമസങ്കല്‍പ്പപമായ ധര്‍മ്മസങ്കല്‍പ്പത്തെ നാം ഭരണഘടനയില്‍ ചേര്‍ക്കാതെ അവഗണിച്ചു. ജയ് ശ്രീറാം വിളിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന തരത്തിലേയ്ക്കു രാജ്യം മാറി. ജസ്റ്റിസ് എന്‍ നഗരേഷ്, എനിക്കെതിരേപരാതി നല്‍കിയ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ തിരൂര്‍ സംസ്ഥാന കൗണ്‍സില്‍ യോഗം).
ഞാന്‍ ആര്‍ക്കുമൊപ്പം വേദിയും മറ്റൊന്നും പങ്കിട്ടില്ല. കോട്ടയം ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രവര്‍ത്തന ഭാഗമായി തിരുവഞ്ചൂര്‍, ലതികാ സുഭാഷ് എന്നിവരെ പരസ്യമായി കണ്ടതല്ലാതെ ഒരു പാര്‍ട്ടിയിലെയും ഒരു നേതാവിനെയും നാളിതുവരെ കണ്ടിട്ടുമില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും പറഞ്ഞുമില്ല. അങ്ങനെയുള്ള ഒരുവന്റെ ഇന്‍ക്രിമെന്റ് കട്ട് ചെയ്താല്‍ പോര..! കഴുത്തു തന്നെ മുറിക്കണമായിരുന്നു..!. ഭരണഘടനയെ പരസ്യമായി പിന്തുണച്ച ഒരു ജഡ്ജിയുടെ അവസ്ഥ ഇതാണ്. നിങ്ങളെ കാത്തിരിക്കുന്നതും മറ്റൊന്നല്ല. അടിയന്തിരാവസ്ഥ നിലവിലില്ലെന്ന് ആരാണു സര്‍ പറഞ്ഞത്?.
ശരിയാണ്, സംഘപരിവാറിൻ്റെയും ജഡ്ജിമാരായ രഞ്ജൻ ഗോഗോയ്, ദേവൻ രാമചന്ദ്രൻ, നഗരേഷ് എന്നിവരുടെയുമൊക്കെ നിലവാരത്തിലേയ്ക്കുയരാൻ...
Posted by എസ്. സുദീപ് on Sunday, 11 July 2021