ഹര്‍ത്താല്‍ ദിനത്തില്‍ വഴിയാത്രക്കാരെ ഊട്ടിയ രാഘവേട്ടനെ അനുസ്മരിച്ച് ജീവന്‍ ജ്യോതി
ചൂട് കഞ്ഞിയും ഉപ്പുമാങ്ങയും എന്തോ ഒരു സ്വാദ്. കൈകഴുകി കാശു നീട്ടുമ്പോള്‍ രാഘവേട്ടന്‍ ഞെട്ടിച്ചു, 'ഇന്നത്തെ കഞ്ഞിക്കു പൈസ വേണ്ട '
ബാബരി മസ്ജിദ് പൊളിച്ചതിനു പിന്നാലെയുള്ള ആദ്യവര്‍ഷങ്ങളില്‍ ഏതോ ഒന്ന്. ചില മുസ്ലിം സംഘടനകള്‍ ഡിസംബര്‍ ആറിന് ഹര്‍ത്താല്‍ നടത്തുന്നുണ്ട്. അനിവാര്യമായ യാത്ര. ഇടയില്‍ ചില മുസ്ലിം പ്രദേശങ്ങളിലൂടെയും വേണ്ടി വരും. ആശങ്കയോടെയാണ് സഞ്ചരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക്. ഇടയില്‍ വിശപ്പും അധികരിച്ചു. ഹോട്ടല്‍ എന്ന ആരോ ഇട്ട ഒരു ബോര്‍ഡ്. റോഡ് സൈഡിലേക്കുള്ള ഊടു വഴി. ഭാഗ്യം പരീക്ഷിക്കാം എന്ന് വച്ച്. ഓലമേഞ്ഞ ആ ഹോട്ടലിനു മുന്നില്‍ എത്തി.
'ഇന്ന് ഹര്‍ത്താല്‍. കഞ്ഞിയും ഉപ്പു മാങ്ങയും . വിശക്കുന്നവര്‍ക്ക് കൊടുക്കും'
ഈ ബോര്‍ഡ് കൗതുകമുയര്‍ത്തി. ആളെ പരിചയപ്പെട്ടു. രാഘവേട്ടന്‍. യാത്രക്കാര്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും ഉള്ള ഏക ആശ്രയമാണ് ഹോട്ടല്‍. കാലിനു വയ്യാതെയുള്ള മീനാക്ഷി ചേച്ചിയുടെ കൈപ്പുണ്യത്തില് ഹോട്ടല്‍ ഐശ്വര്യത്തോടെ നടത്തുന്നു. രണ്ടു പെണ്മക്കള്‍ സ്‌കൂള്‍ പഠനവും, ഹോട്ടല്‍ സഹായ വുമൊക്കെയായി ഇങ്ങനെ പോകുന്നു. സംതൃപ്ത കുടുംബം. ചൂട് കഞ്ഞിയും ഉപ്പുമാങ്ങയും എന്തോ ഒരു സ്വാദ്. കൈകഴുകി കാശു നീട്ടുമ്പോള്‍ രാഘവേട്ടന്‍ ഞെട്ടിച്ചു, 'ഇന്നത്തെ കഞ്ഞിക്കു പൈസ വേണ്ട '
അപ്പോള്‍ കൗതുകം ഏറി. കുറച്ചു സമയം രാഘവേട്ടനോടൊപ്പം, 'പള്ളി പൊളിച്ചതിന്റെ ഹര്‍ത്താലില്‍ എന്തിനാണ് നിങ്ങള്‍?'
'ഓറു നമ്മുടെ ചോരയല്ലേ. ഈ ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം അഹ്മദിക്ക തന്നതാണ്, അവരുടെ ബെഷമം നമ്മുടേതും ആണ്. വഴിയാത്രക്കാരെ ബെഷമിപ്പിക്കരുത് എന്ന് അഹ്മദിക്ക പറഞ്ഞപ്പോള്‍ തീരുമാനിച്ച കാര്യമാണ് ഇന്ന് എന്റെ വക കഞ്ഞി കൊടുക്കും എന്ന്. ബേറൊന്നും ഇന്നില്ല'.
ഇതാണ് ഹര്‍ത്താല്‍ രാഘവേട്ടാ എന്ന് മനസ്സില്‍ പറഞ്ഞു പിന്നെ പല യാത്രകളിലും രാഘവേട്ടന്റെ കട എന്റെ വഴിയമ്പലം ആയി.മത്തിക്കറിയും, കിഴങ്ങും ഒക്കെ ഇത്ര രുചിയോടെ കഴിക്കാം എന്ന് അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്. ഹര്‍ത്താല്‍ അയാല്‍ ഞാന്‍ വിളിച്ചന്വേഷിക്കും
'ഇന്ന് കഞ്ഞിയാണോ'
ചിലപ്പോള്‍ കഞ്ഞി മാത്രം, അല്ലാത്തപ്പോള്‍ പതിവ് പോലെ. രാഘവേട്ടന്റെ രാഷ്ട്രീയബോധത്തെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയി. ഇങ്ങിനെയും മനുഷ്യര്‍ ഉണ്ട്. ഒടുവില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ ആരോ ഒരാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ നടന്ന ഹര്‍ത്താലിനും ഞാന്‍ വിളിച്ചു നോക്കി. നാട് മാറുമ്പോള്‍ രാഘവേട്ടനും?
ഇന്ന് ബീഫ് സ്‌പെഷ്യല്‍ ഉണ്ട് കേട്ടോ?
ഞാന്‍ പൊട്ടിച്ചിരിച്ചു പോയി
പക്ഷെ ഇനി ഇല്ല
സ്വര്‍ഗ്ഗത്തിലെ ഹര്‍ത്താലിന് കഞ്ഞി വിളമ്പാനായി രാഘവേട്ടന്‍ പോയി!
https://m.facebook.com/story.php?story_fbid=117696389303090&id=100031881880034