'വാരിയംകുന്നനെതിരെയല്ല ആശാന്‍'(ദുരവസ്ഥയുടെ പുനര്‍ വായന)

സ്വാതന്ത്ര്യസമരത്തില്‍, ധീരതയുടെ തിളക്കമാര്‍ന്ന വ്യക്തിത്വമുള്ള വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദു ഹാജിയെ ചരിത്രത്തില്‍ നിന്നുപോലും തമസ്‌കരിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഗുഡാലാചനയുടെ കാര്യവും കാരണവും തേടുന്നതു അനിവാര്യമാകുന്ന സന്ദര്‍ഭമാണിതെന്ന് കെ ആര്‍ കിഷോര്‍ കുറിപ്പില്‍ പറയുന്നു.

Update: 2020-06-25 16:10 GMT

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നതിനെതിരേ സംഘപരിവാര്‍ രംഗത്തെത്തിയതോടെ ദുരാരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ആര്‍ കിഷോറിന്റെ കുറിപ്പ്.

പൃത്വീരാജ് സുകുമാരനും ആഷിക് അബുവും ചേര്‍ന്നു മലബാര്‍ സ്വാതന്ത്ര്യ സമരം സിനിമയാക്കുന്നു എന്ന വര്‍ത്തകേട്ടപ്പോള്‍ മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഹാലിളകിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തില്‍, ധീരതയുടെ തിളക്കമാര്‍ന്ന വ്യക്തിത്വമുള്ള വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദു ഹാജിയെ ചരിത്രത്തില്‍ നിന്നുപോലും തമസ്‌കരിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഗുഡാലാചനയുടെ കാര്യവും കാരണവും തേടുന്നതു അനിവാര്യമാകുന്ന സന്ദര്‍ഭമാണിതെന്ന് കെ ആര്‍ കിഷോര്‍ കുറിപ്പില്‍ പറയുന്നു.

കെ ആര്‍ കിഷോറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

പൃത്വീരാജ് സുകുമാരനും ആഷിക് അബുവും ചേര്‍ന്ന് മലബാര്‍ സ്വാതന്ത്ര്യ സമരം സിനിമയാക്കുന്നു എന്ന വര്‍ത്തകേട്ടപ്പോള്‍ മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഹാലിളകിയിരിക്കുകയാണ്.

സ്വാതന്ത്ര്യസമരത്തില്‍, ധീരതയുടെ തിളക്കമാര്‍ന്ന വ്യക്തിത്വമുള്ള വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദു ഹാജിയെ ചരിത്രത്തില്‍ നിന്നുപോലും തമസ്‌കരിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഗുഡാലാചനയുടെ കാര്യവും കാരണവും തേടുന്നതു അനിവാര്യമാകുന്ന സന്ദര്‍ഭമാണിത്. വര്‍ഗീയതയും രാജ്യദ്രോഹവും തീവ്രവാദവുമടങ്ങുന്ന എല്ലാഹീനകൃത്യങ്ങളും ഒരു സമുദായത്തില്‍ ആരോപിക്കുകയും, രാജ്യത്തിന്റെയും ലോക ത്തിന്റേയും ശത്രുവാണ് ഇസ്‌ലാം സമുദായമെന്ന നുണകള്‍ അവിരാമം അവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍,രാജ്യസ്‌നേഹിയും ധീരരക്തസക്ഷിയു മായ വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദുഹാജിയുടെ ചരിത്രം പുനരാവിഷ്‌കരിച്ചാല്‍ അത് സംഘപരിവാര്‍ നിരന്തരംപ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നനുണകള്‍ക്കു താങ്ങാനാവാത്ത ആഘാതമാവുമെന്നും ചീട്ടുകൊട്ടാരം പോലെ ഈനുണകളെല്ലാം ഒരുനിമിഷം കെണ്ടുപോളിഞ്ഞു വീഴുമെന്നും സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്കറിയാം. അത്തരത്തില്‍ ഒരു ധീര സ്വാതന്ത്ര്യസമര സേനാനിയുടെ ആവേശോജ്വല സമരചരിത്രം അവതരിപ്പിക്കുന്നതിലൂടെ ദളിതരും ന്യുനപക്ഷങ്ങളും അവശരുമായ അടിച്ചമര്‍ത്തപ്പെട്ടസമുദായങ്ങള്‍, അവരിലുറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ന്യുനപക്ഷ ദളിത് വിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നും, തീര്‍ച്ചയായും അവര്‍ ഭയക്കുന്നുണ്ട്. അതിനെ തടയിടുക എന്നതാണ്, ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഒരുസിനിമയേക്കുറിച്ചു ഇത്രയധികം വേവലാദിപ്പെടുന്നതും അതിനെതിരെ ആക്രമണം നടത്തുന്നതും. അവരുന്നയിക്കുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും സ്ഥാപിക്കാനായി, മഹാകവി കുമാരനാശാനേയും, കോണ്‍ഗ്രസ്സ് നേതാവ് കോഴിപ്പുറത്തു മാധവമേനോനെയും ഇഎംഎസിനെയും എല്ലാം വൃഥാ കൂട്ടുപിടിക്കുന്നുണ്ട്, അതുകൊണ്ടോന്നും അവരുടെ നുണകള്‍ ഇവിടെ സ്ഥാപിക്കാനാവില്ല എന്നതാണു വസ്തുത.

കുമാരനാശാന്‍ 1922 സെപ്റ്റംബറില്‍ എഴുതിയ ദുരവസ്ഥ എന്ന കാവ്യ ത്തിന്റെ മുഖ്യപ്രമേയം, സ്വാതന്ത്ര്യസമരമോ മതപരിവര്‍ത്തനമോ മതമൗലികവാദമോ ഒന്നുമല്ല. മൂവായിരത്തഞ്ഞൂറിലേറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്ന മനുസ്മൃതി യിലൂടെ നടപ്പിലാക്കിയ ജാതിവ്യവസ്ഥയെയാണു അതു വളരെ കൃത്യമായും വ്യക്തമായും അത് ഉന്നം വെക്കുന്നതും തകര്‍ക്കുന്നതും.

ബ്രാഹ്മണ യുവതിയായ സാവിത്രി, തൊഴിലാളിയും യുവാവുമായ പുലയ സമുദായത്തില്‍ ജനിച്ച ചാത്തന്റെ സ്‌നേഹത്തിലും സംസ്‌കാരത്തിലും മാനവികതയിലും ആകര്‍ഷിക്കപ്പെടുകയും, അന്ന് നിലനിന്നിരുന്ന ജാതി മതിലുകളേയും സാമ്പത്തിക അസമത്വങ്ങളേയും ഭേദിച്ചുകൊണ്ടു ആശാന്‍ ആ യുവമിഥുനങ്ങളുടെ വിവാഹംകഴിപ്പിക്കുകയാണ്. ചാത്തന്റെ കുടിലിലേക്കു സാവിത്രി എത്തപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു സാമുദായിക കലാപമുണ്ടാവുന്നുണ്ട്, ആ കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആണ് ഈ കൃതിയെ വിവാദത്തിലേക്കു വലിച്ചിഴക്കുന്നതും വാരിയന്‍ കുന്നനെ ആക്രമിക്കുന്നതും.

മലബാറില്‍ 1921 ല്‍ നടന്ന സംഭവങ്ങളോടും, ആ ചരിത്രകാലത്തോടും അല്‍പം അകലംപാലിക്കാന്‍ ആശാനു കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഏതൊരു സംഭവവും റിപ്പോര്‍ട്ടു ചെയ്യുമ്പോഴും ഭരണകൂട അനുകൂല ആശയങ്ങളാണു സ്വാഭാവികമായും ജനങ്ങളില്‍ പടരുന്നത്. ജനാധിപത്യസമൂഹം രൂപംകൊള്ളുന്നതും വരുന്നതും വരെ ഭരണ കൂടങ്ങളുടെ ഇലത്താളങ്ങളായിട്ടാണു പലപ്പോഴും ചരിത്രത്തില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ മേല്‍ക്കൈ നേടുമെന്ന വസ്തുത അക്കാലത്തു ആശാനടക്കമുള്ള പലപ്രമുഖര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മലബാര്‍ കലാപത്തെ കേവലം ഹിന്ദുമുസ്‌ലിം വര്‍ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും അതിലൊരു പരിധിവരെ ബ്രിട്ടഷുകാര്‍ അക്കാലത്തു വിജയിക്കുകയും ചെയ്തിരുന്നു.

ടിപ്പുവിന്റെ കാലശേഷം, സവര്‍ണ്ണരും ബ്രിട്ടീഷു കാരും തമ്മില്‍ ഐക്യം മലബാറില്‍ രൂപപ്പെടുന്നുണ്ട്. സവര്‍ണ്ണ താല്‍പര്യാനുസരണം ബ്രിട്ടീഷു കാര്‍ പ്രചരിപ്പിച്ച 'മാപ്പിള ലഹള' എന്ന ഓമനപ്പേരിട്ടു വിളിച്ച ആ കലാപം, വസ്തുതാ പരമായി കര്‍ഷക ജന്മി സമരമാണെന്നും, ഹിന്ദു മുസ്‌ലീം വര്‍ഗ്ഗീയകലാപമല്ലെന്നും അതില്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ അടരുകള്‍ ഉണ്ടായിരുന്നെന്നും പിന്നീടാണു ചരിത്രകാരന്മാര്‍ കണ്ടെ ത്തിയത്. മലബാറിനു അകത്തും പുറത്തും ബ്രിട്ടീഷുഭരണവര്‍ഗ്ഗം അവരുടെ നിലനില്‍പ്പിനു വേണ്ടിസവര്‍ണ്ണര്‍ക്കനുകൂലമായിസൃഷ്ടിച്ചപുകമറയെവസ്തുതയാണെന്നുപ്രചരിപ്പിച്ചുകൊണ്ടാണു,മുസ്‌ലിം സമൂഹം സജീവ മായി പങ്കെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മതവര്‍ഗീയകലാപമാണെന്നു പ്രചരിപ്പിക്കാന്‍ ഹിന്ദുത്വ വാദികള്‍ക്കു ഇന്നു സാധ്യമാകുന്നത്. സാമ്രാജ്യത്വ വിരുദ്ധ സമര സേനാനികളുടെ പോരാട്ട വീര്യം തകര്‍ക്കാനായി ബ്രിട്ടീഷുകാര്‍ നടത്തിയ നുണ പ്രചണമാണു ഇന്നു സംഘ്പരിവാര്‍ ശക്തി കള്‍ വര്‍ഗ്ഗീയതയിലൂടെ വെറുപ്പുണ്ടാക്കാന്‍ ഈ വിഷയത്തെഅനുകൂലമാക്കി മാറ്റുന്നതു.

'ക്രൂര മുഹമ്മദീയര്‍', 'ഭള്ളാര്‍ന്ന ദുഷ്ട മഹമ്മദന്മാര്‍' എന്നെല്ലാം ആശാന്‍ പ്രയോഗിക്കുന്നത്, മലബാര്‍ ലഹളക്കാലത്തു മുസ്‌ലിം സമുദായത്തെ കുറിച്ചു സവര്‍ണ്ണ ജന്മികളും,അവരുടെ മാധ്യമങ്ങളും പ്രചരിപ്പിച്ചിരന്ന പൊതു ധാരണകള്‍ വെച്ചായിരുന്നുവെന്നുവേണം മനസ്സിലാക്കേണ്ടതു. മാത്രവുമല്ല, എല്ലാമ ുഹമ്മദീയരും ക്രൂരരായിരുന്നുവെന്നല്ല, ക്രൂരന്മാരായമുഹമമ്മദീയ രെയാണു അദ്ദേഹം കുറ്റപ്പെടുത്തുന്നതെന്നും അഭിപ്രായമുണ്ട്. 1924 ല്‍ ആശാന്‍ബോട്ടപകടത്തില്‍ മരിക്കുന്നതിനു മുമ്പു മുസ്‌ലിം നേതാക്കള്‍ അദ്ദേഹത്തെ ഈ വിഷയ ത്തിന്റെ വിശദീകരണ ത്തിനായി സമീപിച്ച പ്പോള്‍, മുസ്‌ലിം സമുദാ യത്തെയല്ല,അത്തരംപ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരെ യാണു ഉദ്ദേശിച്ചതെന്നും എങ്കിലും, ആപ്രയോഗം ആരെയെങ്കിലും വേദനി പ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ആശാന്‍ അവരോട് പറയുകയുമുണ്ടായി. അങ്ങനെസാമുദായികമായി മുസ്‌ലിംസാമുദായത്തിനു മഹാകവിയോടു വെറുപ്പും വിദ്വെഷവും ഇല്ലാത്ത അവസ്ഥയില്‍, ആശാന്‍ വിരുദ്ധതകുത്തിപ്പൊക്കുന്നതില്‍ നിഗൂഢമായ രാഷ്ട്രീയമുണ്ട്.

ബ്രാഹ്മണ്യം കൊട്ടിഘോഷിക്കുന്ന മനുസ്മൃതി വ്യവസ്ഥ ചെയ്യുന്നജാതീയ വിവേചനനിയമങ്ങളെ, ദുരവസ്ഥയിലും, ചണ്ഡാലഭിക്ഷുകിയിലും ചിന്താ വിഷ്ടയായ സീതയിലുംതന്റേടത്തോടെ ചോദ്യം ചെയ്ത ഏകകവി, പണ്ഡിറ്റ് കറപ്പനൊഴികെ,മഹാകവി കുമാരനാശാന്‍ ആണു. മനുസ്മൃതിതിരിച്ചുകൊണ്ടുവരാനാഗ്രഹിക്കുന്ന സംഘപരിവാര്‍ശക്തികളുടെ ഉറക്കംകെടുത്തുന്നതു കുമാരനാശാനാണു, ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്ന കുമാര നാശാനെ,തല്ലാനൊരവസരംകിട്ടിയാല്‍അടിക്കാനാദ്യം ഓടിയെത്തുന്നതു സംഘപരിവാര്‍ സംഘ മായിരിക്കും.

മലബാര്‍ കലാപം സാമ്രാ ജ്യത്വത്തിനു എതിരെ മാത്രമായിരുന്നില്ല, അതൊരു കാര്‍ഷിക കലാപം കൂടിയായിരുന്നു. അതു പലപ്പോഴും അന്ധ മായരക്തച്ചൊരിച്ചിലുകളിലേക്കു വഴിത്തിരിഞ്ഞു പോയിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരം ക്രൂരത കള്‍ ഉയര്‍ത്തിക്കാട്ടി ആ സമരത്തിന്റെ ലക്ഷ്യത്തെ തെറ്റായി വ്യാഖ്യാനിക്കാനാവില്ല.

'ഹൈന്ദവച്ചോര' ഒഴുക്കു ന്നതിനെകുറിച്ചുള്ള ദീര്‍ഘമായ വിവരണത്തി നിടയില്‍,പാട്ടക്കര്‍ഷകരും,വസ്തുചാര്‍ത്തിപണയത്തില്‍ വെച്ചുപണി യെടുക്കുന്ന പാവങ്ങളും ജന്മിമാരുടെ ഭൃത്യരും അടങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗമാണ, കീഴാളരാണു കലാപത്തില്‍ പങ്കാളി കളായതെന്നു ആശാനറി യാമായിരുന്നു, ആശാന്‍ പറയുന്നു:

'എന്നല്ലിവരില്‍ പലരും മനയ്ക്കലെ

കുന്നുവാരത്തെ കൃഷിക്കരല്ലോ

പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍

ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ

എന്നല്ലീ മൂസ്സായും കാസീമും കൂട്ടരും

സ്വന്തം പടിക്കലെ ഭൃത്യരല്ലോ'

'വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ

രില്ലമിടിച്ചു കുളംകുഴിപ്പിന്‍'

എന്നും അതോടൊപ്പം ആശാന്‍ പറയുന്നുണ്ട്. സവര്‍ണ്ണര്‍ അവര്‍ണ്ണരായ പാവപ്പെട്ട തൊഴിലാളി കള്‍ക്കും കര്‍ഷകര്‍ക്കു മെതിരെ നടത്തിയിരുന്ന അനാചാരങ്ങള്‍,അയിത്തം, അനീതികള്‍, എന്നിവയെല്ലാം, മാര്‍ഗം കൂടി, ഇസ്‌ലാം മതത്തില്‍ ചേര്‍ന്നതോടെ, അവര്‍ ജന്മിമാരെ ചോദ്യം ചെയ്യുകയും അനാചാരങ്ങള്‍ അനുസരിക്കാതാവുകയും ചെയ്യുന്നതോടെ സവര്‍ണ്ണര്‍ക്കു ഇസ്‌ലാം മതം അസഹനീയ മാവുന്നുണ്ട്. കുടിയാന്‍മാര്‍, മുസ്‌ലിം മതത്തില്‍; ചേര്‍ന്നതിനു ശേഷമാണു , ജന്മിമാരുടെ നീതിവിരുദ്ധമായ കല്‍പനകള്‍ അനുസരിക്കാതിരിക്കുന്നതും, ചെറുക്കുന്നതും പ്രശ്‌നങ്ങള്‍ തലപൊക്കുന്നതും. ഇത്തരത്തിലുള്ള മതപരമായ പ്രശ്‌നങ്ങളും ഈ കലാപത്തില്‍ ഇഴചേര്‍ന്നുകിടക്കുന്നുണ്ട്. സവര്‍ണ്ണ ജന്മിമാര്‍ക്കു, തൊഴി ലാളികളോടും ഇസ്‌ലാം മതത്തോടും പകയുണ്ടാവുകയും ആ വെറുപ്പു കര്‍ഷകരും തൊഴിലാളികളുമായി മതം മാറ്റംചെയ്യപ്പെട്ടവരിലേക്കു പകരുകയുംചെയ്തിട്ടുണ്ട്. അള്ളായല്ലാതൊരു ദൈവം ഇവിടെ ഉണ്ടാവാതിരിക്കാന്‍ കൂടിയാണു ഈ സമര മെന്നും അദ്ദേഹം പറയു ന്നുണ്ടു. ഹിന്ദുത്വം ദുരുപ യോഗിക്കാന്‍ശ്രമിക്കുന്നതും ഈ അഭിപ്രായ ത്തെയാണു . ജന്മിത്വ ത്തിനും ബ്രിട്ടീഷുകാര്‍ ക്കുമെതിരെയാണു ഈ സമരമെന്നു ആശാനാറി യാമായിരുന്നു. എന്നാല്‍ ആശാന്‍ എന്നും സവര്‍ണ്ണ തക്കെതിരായിരുന്നു. .

ജാതീയവിവേചനത്തെ ഗുണപരമായി പ്രതികരി ക്കുന്നതിലൂടെയാണു മതപരിവര്‍ത്തനം നടത്തിയതും ഇവിടെ ഇസ്ലാംമതം പ്രചരിച്ചതും. . കര്‍ണ്ണാടകയില്‍, ബാബാ ബുഡന്‍ ഗിരിയില്‍ അന്നത്തെ ബ്രാഹ്മണര്‍, അവര്‍ണ്ണ സമൂഹത്തെ ജാതീയമായി പലതട്ടു കളാക്കി തിരിച്ചു, അതി നീചമായി ചൂഷണം ചെയ്യുമ്പോള്‍, അതിനെ തിരെ ബോധവല്‍ക്കര ണം നടത്തിയാണ്, പത്താം നൂറ്റാണ്ടില്‍, അബ്ദുല്‍ അസീസ് മാക്‌സി എന്ന ഇസ്ലാം മതപണ്ഡിതന്‍ മതം പ്രചരിപ്പിക്കുന്നത്. സമാനമായ അവസ്ഥ യില്‍ തന്നെയാണു കേരളത്തിലും ഇസ്‌ലാം മതം മലബാറില്‍ പ്രചാരം നേടുന്നതു എന്നു ആശാന്‍ വിശ്വസിച്ചിരുന്നു എന്ന സൂചന ദുരവസ്ഥ യിലുണ്ട്:

'ചീറും തിരകള്‍ കടന്നോ ഹിമാലയ

മേറിയോ വന്നവരേറെയില്ല.

എത്രയോദൂരം വഴിതെററിനില്‌ക്കേണ്ടോ

രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍

ചിത്രമവനെത്തിച്ചാരത്തിരുന്നിടാം

ചെററും പേടിക്കേണ്ട നമ്പൂരാരേ!

ഇത്ര സുലഭവുമാശ്ചര്യവുമായി

സ്സിദ്ധിക്കും സ്വാതന്ത്ര്യ സൌഖ്യമെങ്കില്‍

ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സ്‌പേക്ഷിച്ചു

ബദ്ധരായ്‌മേവുമോ ജാതിജേലില്‍ ?'

സാമ്രാജ്യത്വത്തില്‍നിന്നോ,സവര്‍ണ്ണാധിപത്യത്തില്‍നിന്നോ സ്വാതന്ത്ര്യം വേണ്ട തെന്ന ചോദ്യത്തെ രാഷ്ട്രീയമായിഏറ്റെടുത്ത ചിന്തകന്‍ കൂടിയായിരുന്നു ആശാന്‍.ജാതീയസ്വാതന്ത്ര്യത്തിനു പ്രാധാന്യം വേണ മെന്ന കാര്യത്തില്‍ ആശാനു,നിര്‍ബന്ധമുണ്ടായിരുന്നു. അതേസമയം, മലബാര്‍ കലാപത്തില്‍ ജന്മിത്വവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവും ആയഅംശങ്ങളുണ്ടായിരുന്നുവെന്ന വസ്തുത ആശാന്‍ 'ദുരവസ്ഥ'യില്‍ പൂര്‍ണ്ണമായുംനിഷേധിക്കുന്നുമില്ല. ദുരവസ്ഥയില്‍ സാമൂഹിക വിമര്‍ശന ത്തെആശാന്‍കേന്ദ്രീകരിച്ചതു ബ്രാഹ്മണ്യത്തിന്റെ ജാതിവ്യവസ്ഥയെയാണ്.

ദുരവസ്ഥ എന്ന കൃതി യിലെ ചില ഭാഗികമായ സാമൂഹിക സാഹചര്യ വര്‍ണനകള്‍ മാത്രം എടുത്തുയര്‍ത്തിക്കാണിച്ചു ആശാനെയും സാക്ഷി യാക്കി, ന്യൂനപക്ഷ വിരുദ്ധരാഷ്ട്രീയം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ പരിശ്രമങ്ങള്‍ക്കു നില നില്‍പ്പില്ല. മതപരമായ ആരോപണങ്ങള്‍ ദുരവസ്ഥയിലെ ചില വരികളില്‍ കാണാ മെങ്കിലും അതൊന്നും ആ കവിതയുടെ മുഖ്യമായ പ്രമേയമോ ഇതിവൃത്ത പരിസരമോ അല്ല. 'ലഹളയുടെഅപൂര്‍ണ്ണവും അസ്പഷ്ടവുമായ ഛായും പാഠങ്ങളില്‍ ചിലതിന്റെ മന്ദമായ പ്രതിദ്ധ്വനിയും മാത്രെ ഇതില്‍ നിന്നു ഗ്രഹിപ്പാന്‍ കഴിയൂ'എന്നും'ഭൂതകാലവും പരോക്ഷതയുമാണു കവിതാചിത്രനിര്‍മ്മാണത്തിനു പറ്റിയത്' എന്നും അദ്ദേഹമെഴുതുന്നു. 'വിലക്ഷമായ കൃതി' എന്നുസ്വയംപ്രഖ്യാപിക്കുന്ന ഈ കൃതിയില്‍ ഉള്ളതു, സൗന്ദര്യ പരമായ വിലക്ഷണതയല്ലെന്നും മലബാര്‍ ചരിത്രത്തെയും, അന്നത്തെ രാഷ്ട്രീയ വിഷയങ്ങളേയും സമഗ്രപഠനത്തിനു വിധേയമാക്കിയിട്ടില്ല എന്ന പരിമിതിസ്വയംഅറിയാമായിരുന്നതുകൊണ്ടു തന്നെയായിരി ക്കണം 'വിലക്ഷണത' എന്നദ്ദേഹംസ്വയം അംഗീകരിച്ചതും എന്നു വേണം അനുമാനിക്കാന്‍.

ഇങ്ങനെവരുന്നഭാഗികമായ ദുരവസ്ഥയിലെ ചില വിഷയങ്ങള്‍ ഉയര്‍ത്തി ക്കാണിച്ചു, അതൊരു ഇസ്‌ലാംവിരുദ്ധകൃതിയാണെന്നഹിന്ദുത്വവാദികളുടെ വ്യാഖ്യാനത്തിനു യാതൊരുനിലനില്‍പ്പുമില്ല. മലബാറിലെ പ്രമാദമായ സാമ്രാജ്യത്വവിരുദ്ധ / ജന്മിത്വവിരുദ്ധകലാപത്തെ കേവലം മതസ്പര്‍ ദ്ധയുടെ പേരിലുള്ള വംശീയ ഹിംസയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ഗൂഡാലോചന വിലക്ഷണ മാണു എന്നാണു ദുരവസ്ഥയുടെ പുനര്‍ വായന ഓര്‍മിപ്പിക്കുന്നതു.

(കടപ്പാട്: ഗുരുസ്മൃതി വാട്‌സ് ആപ് ഗ്രൂപ്പ്) 

Tags:    

Similar News