ഈ വസ്തുതകളൊക്കെ മറച്ചുവെച്ചാണ് എംഎസ്പി കള്ളക്കഥകൾ സർക്കാർ അഴിച്ചുവിടുന്നത്
ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ചദുനി ചർച്ചാ വേളയിൽ അമിത് ഷായോട് ചോദിച്ച ചോദ്യം, കേന്ദ്ര ഗവൺമെന്റ് എംഎസ്പി പ്രഖ്യാപിച്ച 23 വിളകൾ ഇന്ത്യയിലെമ്പാടുമായി ഏറ്റെടുക്കാമോ എന്നായിരുന്നു. അത് സാധ്യമല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
കർഷക പ്രക്ഷോഭത്തിനെതിരേ ബിജെപിയും അവരുടെ നേതൃത്വത്തിലുള്ള സർക്കാരും നിരവധി നുണപ്രചാരണങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മിനിമം താങ്ങുവില എടുത്തുകളഞ്ഞ സർക്കാർ നിലപാടിനെയും, എടുത്തുകളഞ്ഞില്ലെന്ന ബിജെപി വാദത്തേയും വിമർശന വിധേയമാക്കുകയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ സഹദേവൻ
കർഷകർക്കുള്ള മിനിമം സഹായ വില (Minimum Support Price-MSP) സംബന്ധിച്ച് ബിജെപിയും കേന്ദ്ര സർക്കാരും നിരവധി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിലൊന്ന് പുതിയ കാർഷിക നിയമത്തിൽ നിന്ന് എംഎസ്പി നീക്കം ചെയ്തിട്ടില്ല എന്നതാണ്. മറ്റൊന്ന് എംഎസ്പി വിലയ്ക്ക് കാർഷിക വിളകൾ വാങ്ങാമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്ന് കർഷക സംഘടനകളുമായുള്ള ചർച്ചകൾക്കിടയിൽ കേന്ദ്ര കൃഷി മന്ത്രി വാഗ്ദ്ധാനം ചെയ്തുവെന്നും അവർ പറയുന്നു.
കർഷക സംഘടനകളുമായുള്ള ചർച്ചയ്ക്കിടയിൽ എന്തുനടന്നുവെന്ന് അറിയേണ്ടതുണ്ട്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ചദുനി ചർച്ചാ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ച ചോദ്യം കേന്ദ്ര ഗവൺമെന്റ് എംഎസ്പി പ്രഖ്യാപിച്ച 23 വിളകൾ ഇന്ത്യയിലെമ്പാടുമായി ഏറ്റെടുക്കാമോ എന്നായിരുന്നു. അത് സാധ്യമല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
കാരണമായി പറഞ്ഞത് അത്തരത്തിൽ സംഭരിക്കണമെങ്കിൽ 16 ലക്ഷം കോടി രൂപ സർക്കാരിന് ചെലവഴിക്കേണ്ടി വരും എന്നായിരുന്നു. അമിത് ഷാ പറഞ്ഞ 16 ലക്ഷം കോടി രൂപ എന്നത് ഒരു സൂത്രക്കണക്കായിരുന്നു. പൊതുവിതരണ സംവിധാനം വഴി ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ സർക്കാർ ഖജനാവിലേക്ക് തിരിച്ചെത്തുന്ന തുകയെക്കുറിച്ച് അമിത് ഷാ മൗനം പാലിച്ചുവെങ്കിലും കർഷക നേതാക്കൾ ആ കണക്കുകൾ കൂടി പറഞ്ഞുകൊടുത്തു. യഥാർത്ഥത്തിൽ എംഎസ്പി വിലയ്ക്ക് 23 വിളകളും രാജ്യമെമ്പാടുമുള്ള കർഷകരിൽ നിന്ന് വാങ്ങിയാൽ സർക്കാർ ഖജനാവിൽ നിന്ന് നീക്കിവെക്കേണ്ടി വരിക 2-3 ലക്ഷം കോടി രൂപ മാത്രമാണ്.
വാസ്തവത്തിൽ ഇന്നത്തെ നിലയിൽ അതിന്റെ പത്തിലൊന്നുപോലും സർക്കാരിന് നീക്കിവെക്കേണ്ടി വരുന്നില്ല. കാരണം, നെല്ല്, ഗോതമ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയ നാമമാത്ര വിളകൾ മാത്രമേ ഏതാനും സംസ്ഥാനങ്ങളിൽ നിന്നായി എംഎസ്പി വിലയ്ക്ക് സർക്കാർ സംഭരിക്കുന്നുള്ളൂ. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചാണ് എംഎസ്പി കള്ളക്കഥകൾ സർക്കാരും ഭരണപക്ഷ പാർട്ടികളും അഴിച്ചുവിടുന്നത്.
ഇനി എന്തുകൊണ്ടാണ് കാർഷിക വിളകൾ എംഎസ്പി വിലയ്ക്ക് വാങ്ങാനുള്ള നിർദ്ദേശം കൊണ്ടുവന്നതെന്ന് കൂടി മനസ്സിലായാൽ കർഷകരെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം പ്രാധാന്യമുള്ള ഒന്നാണെന്ന് മനസ്സിലാകും. ഏതെങ്കിലും ഒരു സീസണിൽ ഏതെങ്കിലും വിളയിൽ ബംപർ ഉത്പാദനം നടക്കുകയും വിപണിയിൽ ആ വിളയുടെ വിലയിൽ വമ്പിച്ച ഇടിവ് സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ കർഷകർ തങ്ങളുടെ ഉത്പന്നത്തിന് വില ലഭിക്കാതെ നശിപ്പിച്ചു കളയുകയോ, അടുത്ത തവണ ആ വിള ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോൾ വിപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കാനും കർഷകർക്ക് അവരുടെ അധ്വാനത്തിനുള്ള ഫലം ഉറപ്പുവരുത്താൻ ഉള്ള ഗവൺമെന്റ് ഇടപെടൽ എന്ന നിലയിലാണ് എംഎസ്പി എന്ന കാഴ്ചപ്പാട് അവതരിപ്പിച്ചത്. ഇത് കർഷകർക്കെന്ന പോലെ ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംഗതിയാണ്.