മാധ്യമ മുത്തശ്ശിമാരും ഗാന്ധിവധത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കെ കെ ആര്‍ വെങ്ങര
ഈ മാനസിക നില ഇന്നും തുടരുന്നവര്‍ തന്നെയാണ് ഗാന്ധിജിയെ വര്‍ഷം വര്‍ഷം പ്രതീകാത്മകമായി വധിച്ചുകൊണ്ടിരിക്കുന്നത്. കൊലയാളിയെ വീര നായകനായി അവതരിപ്പിക്കുന്നത്. അയാളുടെ ജന്‍മദിനം പുണ്യദിനമായി ആചരിക്കുന്നത്. ഈ കാപാലികന് ക്ഷേത്രം പണിയുവാന്‍ തുനിയുന്നത്.
കെ കെ ആര്‍ വെങ്ങരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒടുവില്‍ തീവ്രഹിന്ദുത്വ സംഘടനയും ഗാന്ധിജിക്ക് വാഴ്ത്ത് പാട്ട് തുടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തുവാനുള്ള ശ്രമം ഗാന്ധിജി നടത്തി എന്നും പറയുന്നുണ്ട്. 1936ല്‍ ഗാന്ധിജി സംഘ ശിബിരം സന്ദര്‍ശിച്ച കാര്യവും സ്മരിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലമൊന്നും വിവരിക്കുന്നില്ല തന്നെ. അതെന്തോ ആവട്ടെ. ഒരു മത തീവ്രവാദത്തെയും അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഗാന്ധിജിയുടെ ജീവിതം പഠിച്ചവര്‍ക്കതറിയാം. അത് കൊണ്ടു തന്നെയാണ് ഗാന്ധിജി ഒരു മതഭ്രാന്തനാല്‍ കൊല്ലപ്പെടുന്നത്. ഈ മാനസിക നില ഇന്നും തുടരുന്നവര്‍ തന്നെയാണ് ഗാന്ധിജിയെ വര്‍ഷം വര്‍ഷം പ്രതീകാത്മകമായി വധിച്ചുകൊണ്ടിരിക്കുന്നത്. കൊലയാളിയെ വീര നായകനായി അവതരിപ്പിക്കുന്നത്. അയാളുടെ ജന്‍മദിനം പുണ്യദിനമായി ആചരിക്കുന്നത്. ഈ കാപാലികന് ക്ഷേത്രം പണിയുവാന്‍ തുനിയുന്നത്. ഒരിക്കലും പൂവണിയാന്‍ സാധ്യതയില്ലാത്ത, രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്ന വിദ്യാര്‍ഥി പോലും വിദൂര സ്വപ്നം പോലും കാണാത്ത അഖണ്ഡഭാരതപ്പിറവി വരെ കൊലയാളിയുടെ ചിതാഭസ്മം മതാചാരപ്രകാരം നിമഞ്ജനം ചെയ്യാതെ പൂവിട്ട് പൂജിച്ചുകൊണ്ടിരിക്കുന്നത്.
ഹെഡ്‌ഗേവാറിന്റെ ഗാന്ധിജിയെക്കുറിച്ചുള്ള ഒരു വാചകം ഈ ലേഖനത്തിലുണ്ട്. അദ്ദേഹത്തിന്റെ വാക്കിനും പ്രവര്‍ത്തിക്കും തമ്മില്‍ യാതൊരു അന്തരവും കാണാനാകില്ല എന്ന്. അക്കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടു തന്നെയാണ് എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അസന്നിഗ്ദമായി ഗാന്ധിജിക്ക് പറയുവാന്‍ കഴിഞ്ഞത്. പുതിയ ഗാന്ധി ഭക്തര്‍ക്കോ ഗാന്ധി ശിഷ്യര്‍ക്കോ നെഞ്ചില്‍ കൈവച്ച് അത്തരം ഒരു വാക്ക് ഉരുവിടാനാവില്ല. ഗാന്ധിജിയുടെ വാക്കുകള്‍ പ്രസംഗവേദിയില്‍ വിളിച്ച് കൂവാനുള്ള കേവലം ഉപചാരവാക്കുകള്‍ മാത്രമാണെന്ന് ഇവരും തിരിച്ചറിയുന്നുണ്ട്.
ഇത്തരം വിടുവായത്തങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മാധ്യമ മുത്തശ്ശിമാരും ഒരു കണക്കില്‍ ആധുനിക കാലത്തെ ഗാന്ധിവധത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് പറയേണ്ടിവരും. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള വിവേകവും ഉത്തരവാദിത്വവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതുണ്ട്. മത തീവ്രവാദം അത് ഹിന്ദുത്വത്തിന്റെ പേരിലായാലും ഇസ്‌ലാമിന്റെയോ ക്രിസ്തീയതയുടേയോ പേരിലായാലും ഒരു ജനാധിപത്യ രാജ്യത്തിന് ഭീഷണിയാണ്. ഈ മനോരോഗത്തെയാണ് തന്റെ ചിന്തകളിലൂടെയും ജീവിതത്തിലൂടെയും ഗാന്ധിജി എതിര്‍ത്തുപോന്നിരുന്നത്. ആ മഹത്തായ ജീവിതത്തിന്റെ ദീപ്ത സ്മരണയുടെ നൂറ്റമ്പതാം വര്‍ഷത്തില്‍ ഇനിയും ഇത്തരം ചെയ്തികള്‍ നമ്മള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ഒരു തരം രാഷ്ടീയ പൊറാട്ട് നാടകമായി മാത്രം ഇതിനെ കാണേണ്ടതില്ല. ഗാന്ധിജിയെ ഒരു രാഷ്ട്രീയ കച്ചവടച്ചരക്കാക്കി പുതിയ രൂപത്തിലും ഭാവത്തിലും വില്‍പനക്കെത്തിക്കുന്ന കാലം വിദൂരമല്ല.... കരുതിയിരിക്കുക.
Full View