ആസാദ്
കോഴിക്കോട്: ലോകായുക്ത നിയമം പരിശോധിക്കാന്‍ മുഖ്യമന്ത്രിക്കോ മറ്റൊരു സമിതിക്കോ അധികാരം നല്‍കുന്നത് മന്ത്രിമാരുടെ അഴിമതിക്ക് കുടപിടിക്കാനെന്ന് സാമൂഹികനിരീക്ഷകനും എഴുത്തുകാരനുമായ ആസാദ്. എഫ്ബി പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകായുക്തയുടെ വിധി പരിശോധിക്കാനും അതില്‍ വിധി പറയാനും മുഖ്യമന്ത്രിക്കോ മറ്റൊരു സമിതിക്കോ നിയമസഭയ്‌ക്കോ അധികാരം നല്‍കുന്ന ഭേദഗതിയെക്കാള്‍ നല്ലത് ലോകായുക്ത പിരിച്ചുവിടുന്നതാവും.
ഭരിക്കുന്നവര്‍ അഴിമതി നടത്തുന്നുവെന്ന പരാതികളില്‍ അവസാന തീര്‍പ്പ് ഭരണകക്ഷിയുടേതാവുക എന്നു ലജ്ജ കൂടാതെ പറയാന്‍ കഴിയുന്നത്ര ദുഷിച്ചിട്ടുണ്ട് നമ്മുടെ കാലം. പിന്നെ എന്തിനാണ് ലോകായുക്ത? എക്കാലത്തെയും അഴിമതിസര്‍ക്കാറുകള്‍ ആഗ്രഹിക്കുന്ന വിധം ലോകായുക്ത നിയമം മാറ്റാന്‍ 'ഇടതുപക്ഷ' സര്‍ക്കാറിനുള്ള ജാഗ്രത കാണാതെ പോവരുത്! അഴിമതി നടത്തുന്ന ഒരാള്‍പോലും തന്റെ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്ന ശാഠ്യം പുലര്‍ത്തിയ നായനാരെ ഓര്‍മ്മിക്കണം. ലോകായുക്ത നിയമം എന്തഭിമാനപൂര്‍വ്വമാണ് നിയമസഭ പാസ്സാക്കിയതെന്നും ഓര്‍ക്കണം. നായനാരുടെ പിന്‍ഗാമിയായ ഒരു സി പി എം മുഖ്യമന്ത്രി കൂടുതല്‍ ദുഷിച്ച കാലത്ത് നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉത്സാഹിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവാതെ വരില്ല.
അഴിമതിയുടെ പേരില്‍ ഒരു മന്ത്രിയെങ്കിലും രാജി വെക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ നിലവിലുള്ള ലോകായുക്ത നിയമം പ്രസക്തവും നിലനില്‍ക്കേണ്ടതുമാണ്. അങ്ങനെ ഒരു രാജിയും ഉണ്ടാവാതിരിക്കാന്‍ ഭരണകക്ഷി നടത്തുന്ന അനുകൂല ഭേദഗതി അഴിമതിക്കാരെ രക്ഷിക്കാനോ വെള്ളപൂശാനോ ഉള്ള ശ്രമമായേ ജനങ്ങള്‍ കാണൂ.