മരണത്തിനു ശേഷം ആർക്കും"ഞെട്ടലുണ്ടായിട്ട്" കാര്യമില്ല; ഇബ്രാഹിം കേരളത്തിലെ സ്റ്റാൻ സ്വാമി
എക്കോ ടെസ്റ്റിൽ കാര്യമായ പ്രശ്നമുണ്ട് പമ്പിംഗ് കുറവാണ്. ഇസിജിയിലും വേരിയേഷനുണ്ട്. ഷുഗർ 452 ആണ്. രണ്ടാം തവണയാണ് ഹാർട്ട് അറ്റാക്ക് കാണുന്നത്. ബ്ലോക്ക് ഉണ്ടെന്നാണ് മെഡിക്കൽ റിപോർട്ട്. അത് വ്യക്തത വരുത്തുന്നതിന് അഞ്ചിയോഗ്രാം ചെയ്യേണ്ടതായിവരും. ആശുപത്രിയിൽ നിത്യേന മരുന്ന് നൽകി കൊണ്ടിരിക്കുന്ന സിസ്റ്ററുമായി സംസാരിച്ചപ്പോഴും ഇന്ന് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുമായി വിവരങ്ങളന്വേഷിച്ചപ്പോഴും നല്ല കരുതൽ വേണമെന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്.
മാവോവാദി ബന്ധമാരോപിച്ച് കഴിഞ്ഞ ആറു വർഷമായി തടവിലിട്ടിരിക്കുന്ന തോട്ടംതെഴിലാളിയായ വയനാട് മേപ്പാടി സ്വദേശിയായ ഇബ്രാഹിമിന് വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിൽസ നിഷേധിച്ച് വീണ്ടും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ പോയി സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകൻ സി എ അജിതന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഇന്ന് ഇബ്രാഹിം സഖാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോയി കണ്ടു. ജയിലിൽ നിന്നും ചികിത്സാ ആവശ്യത്തിന് വരുന്ന തടവുകാർക്കായി പ്രത്യേക വാർഡുണ്ട്.ആണുങ്ങൾക്കായുള്ള ഒമ്പതാം വാർഡിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ജയിൽ വാർഡ്. എസ്ഐ അടക്കം മൂന്നു പോലിസുകാർ കാവലുണ്ട്.സഖാവിനെ കാണുന്നതിനുള്ള കോടതി ഉത്തരവ് കാണിച്ചപ്പോൾ പോലിസിന്റെ ഭാഗത്ത് നിന്നും"എന്താ ഏതാ എവിട്ന്നാ" എന്നിങ്ങനെയുള്ള കാര്യമായ ചോദ്യങ്ങളൊന്നുമുണ്ടായില്ല.
ഏകദേശം അരമണിക്കൂർ നേരം വളരെ സാവകാശത്തിൽ സഖാവുമായി സംസാരിക്കാൻ കഴിഞ്ഞു. വർത്തമാനത്തിടയിൽ നല്ല കിതപ്പുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെകുറിച്ചു മാത്രമായിരുന്നു സംസാരം. ആകെ ആവശ്യപ്പെട്ടത് നൂറു ഗ്രാം മിക്ചർ മാത്രം. പോലിസിന്റെ അനുവാദത്തോടെ ഇത്തിരി നേന്ത്രപ്പഴവും ആപ്പിളും വാങ്ങി കൊടുക്കാൻ സാധിച്ചു.
കടുത്ത നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് സഖാവിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. എക്കോ ടെസ്റ്റിൽ കാര്യമായ പ്രശ്നമുണ്ട് പമ്പിംഗ് കുറവാണ്. ഇസിജിയിലും വേരിയേഷനുണ്ട്. ഷുഗർ 452 ആണ്. രണ്ടാം തവണയാണ് ഹാർട്ട് അറ്റാക്ക് കാണുന്നത്. ബ്ലോക്ക് ഉണ്ടെന്നാണ് മെഡിക്കൽ റിപോർട്ട്. അത് വ്യക്തത വരുത്തുന്നതിന് അഞ്ചിയോഗ്രാം ചെയ്യേണ്ടതായിവരും. ആശുപത്രിയിൽ നിത്യേന മരുന്ന് നൽകി കൊണ്ടിരിക്കുന്ന സിസ്റ്ററുമായി സംസാരിച്ചപ്പോഴും ഇന്ന് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുമായി വിവരങ്ങളന്വേഷിച്ചപ്പോഴും നല്ല കരുതൽ വേണമെന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്.
പോലിസുകാരുമായുള്ള സംഭാഷണത്തിൽ ഒരുപക്ഷേ ഇന്ന് സഖാവിനെ പേരുവെട്ടി ജയിലിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു. വിദഗ്ധ ചികിൽസ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ പേര് വെട്ടി ജയിലിലേയ്ക്ക് കൊണ്ടു പോയത് കുറ്റകരമായ കാര്യമാണ്. ജാമ്യം നിഷേധിച്ചുകൊണ്ട് ഫാദർ സ്റ്റാൻ സ്വാമിയെ ഇന്ത്യൻ ഭരണകൂടം കൊന്നു കളഞ്ഞത് ഈ സന്ദർഭത്തിൽ നമ്മളോരുത്തരും ഓർക്കേണ്ടതുണ്ട്. മരണത്തിനുശേഷം ആർക്കും"ഞെട്ടലുണ്ടായിട്ട്"അത് ജുഡീഷ്യറിയാണെങ്കിൽപോലും കാര്യമില്ല. അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കാൻ അഞ്ചിയോഗ്രാം അടക്കമുള്ള വിദഗ്ധ പരിശോധനയും ചികിൽസയും നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് നിർവഹിക്കാതിരിക്കുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ മര്യാദകേടാണ്.
നിറഞ്ഞ ചിരിയോടെ അതിലേറെ സന്തോഷത്തോടെയാണ് സഖാവ് എന്നെ സ്വീകരിച്ചത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒട്ടും പതറാതെ ഉറച്ച മനസ്സോടെ മുഷ്ടി ചുരുട്ടി ലാൽസലാം സഖാവെ..... എന്ന് പറഞ്ഞ് സഖാവ് വാർഡിലേയ്ക്ക് തിരിച്ചു നടന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സഖാവിനെ ജയിലിലേയ്ക്ക് കൊണ്ടു പോയത്.