ഇതര സംസ്ഥാന ലോട്ടറി: മാഫിയാസംഘങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നിയമയുദ്ധം വിജയിച്ചെന്ന് ധനമന്ത്രി ഡോ. ടി എം തോസ് ഐസക്

Update: 2021-05-17 10:31 GMT

തിരുവനന്തപുരം: നിയമം ലംഘിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഇടനിലക്കാര്‍ വഴിയുള്ള ഇതര സംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ ഒരു നിര്‍ണായക നിയമയുദ്ധം സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നുവെന്നും ലോട്ടറി മാഫിയക്കെതിരേയുള്ള യുദ്ധമാണ് ഇതെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഏതൊരു ചരക്കിനെപ്പോലെയും ലോട്ടറിയെയും കണക്കാക്കുന്ന യുഡിഎഫ് കൊണ്ടുവന്ന നിയമം ലോട്ടറി മാഫിയകള്‍ക്ക് അനുകൂലമായിരുന്നെന്നും അതാണ് നിയമയുദ്ധത്തിലൂടെ ഹൈക്കോടതിയില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞതെന്നും തോമസ് ഐസക് ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. 

പോസ്റ്റിന്റെ പൂര്‍ണരൂപം 

നിയമം ലംഘിച്ച് ജനങളെ കൊള്ളയടിക്കുന്ന ഇടനിലക്കാര്‍ വഴിയുള്ള ഇതര സംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ ഒരു നിര്‍ണ്ണായക നിയമയുദ്ധം സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു.

2006 മുതല്‍ക്കേ നടത്തുന്ന നിയമയുദ്ധമാണ്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ വ്യവസ്ഥകള്‍ എല്ലാം ലംഘിച്ച് പച്ചയായ കൊള്ള നടത്തുന്ന ഈ മാഫിയാ സംഘത്തെ നിയന്ത്രിക്കാനുണ്ടായിരുന്ന കേരള ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥ ഒരാവശ്യവുമില്ലാതെ 2004ല്‍ അന്നത്തെ സര്‍ക്കാര്‍ റദ്ദു ചെയ്തു.

പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ദീര്‍ഘമായ നിയമയുദ്ധമുണ്ട്. അനുകൂലമായും പ്രതികൂലമായും എല്ലാമുള്ള വിധികള്‍ . കേന്ദ്രസര്‍ക്കാരിന് മാത്രമേ ഇവരെ നിരോധിക്കാനോ നിയന്ത്രിക്കാനോ അധികാരമുള്ളു എന്ന തരത്തിലുള്ള വിധി തീര്‍പ്പുകള്‍ . സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോട് പരാതിപ്പെടാം. അവരാണ് നടപടി എടുക്കേണ്ടത് എന്ന നിഗമനങ്ങള്‍ . ഒരു വശത്ത് ഇതിനെതിരായ അപ്പീലുകള്‍. മറുവശത്ത് കാര്യകാരണ സഹിതം കേന്ദ്ര സര്‍ക്കാരിനെ ഇവരുടെ നിയമ ലംഘനം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം.

ഒടുക്കം സഹികെട്ട് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് വിലക്ക്. മയിലും കുയിലുമെല്ലാം നാടുകടന്നു. അവര്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.ലോട്ടറി നറു ക്കെടുപ്പിന്‍മേല്‍ നികുതി ഈ ടാക്കുന്ന ഒരു സംസ്ഥാന നിയമം ഉണ്ടായിരുന്നു. അതിലെ വ്യവസ്ഥകള്‍ വച്ച് പോരാട്ടം.

ഈ നിയമം ജിഎസ്ടി വന്നതോടെ ഇല്ലാതായി. ഏതൊരു ചരക്കും പോലെ ലോട്ടറിയും നിയമപരമായിഒരു ചരക്കായി മാറി. അവര്‍ക്ക് യഥേഷ്ടം കടന്നു വരാമെന്ന സ്ഥിതി. ജിഎസ്ടി നിരക്കുകള്‍ നിര്‍ണ്ണയിച്ച കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനം നടത്തിയ വലിയ പോരാട്ടത്തിനൊടുവില്‍ മറ്റു ലോട്ടറികള്‍ക്ക് 28 ശതമാനം നികുതി , സംസ്ഥാനഭാഗ്യക്കുറിക്ക് 12 ശതമാനം എന്ന വ്യത്യസ്ത നിരക്കുകള്‍ കൊണ്ടുവരാനായി .

ഈ മാഫിയാ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു ഈ തീരുമാനം. ഇതോടൊപ്പം സംസ്ഥാന ജിഎസ്ടി നിയമങ്ങളിലും ചട്ടങ്ങളിലും കൃത്യമായ വ്യവസ്ഥകള്‍ കൊണ്ടുവന്നു. കേന്ദ്ര നിയമം ലംഘിക്കുന്നോ എന്നു നികുതി ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ .

ഇത് ചോദ്യം ചെയ്ത് ഒന്നിനു പിന്നാലെ ഒന്നായി കേസുകള്‍ . ഇരട്ട നിരക്ക് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി ഈ സംഘം കോടതിയെ സമീപിച്ചു. കോടതി അവരുടെ വാദം തള്ളി. അതിനെതിരെ അപ്പീല്‍ പോകാതെ മാഫിയാ സംഘം ലോബിയിംഗ് ആരംഭിച്ചു.

കൗണ്‍സിലിനെക്കൊണ്ട് തന്നെ ഇരട്ട നികുതി പിന്‍വലിപ്പിച്ച് താഴ്ന്ന നികുതി അവര്‍ക്കും ബാധകമാക്കണം. കൗണ്‍സിലില്‍ സംസ്ഥാനം നടത്തിയ പോരാട്ടം ഒടുവില്‍ ജിഎസ്ടി കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ വോട്ടിങ്ങിലെത്തി. കേരളത്തിനൊപ്പം നില്‍ക്കും എന്നു പറഞ്ഞിരുന്ന ചില സംസ്ഥാനങ്ങളെ വോട്ടിങ്ങില്‍ നിന്നു മാറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരട്ട നികുതി പോയി. ഒറ്റ നിരക്കായി .

പക്ഷെ അത് ഉയര്‍ന്ന 28 ശതമാനം ആക്കി നിര്‍ത്തുന്നതില്‍ സംസ്ഥാനത്തിന്റെ പേരാട്ടം സഹായിച്ചു. ഇതിനിടെ വാശി പോലെ ഈ സംഘം കേരളത്തില്‍ ടിക്കറ്റ് കൊണ്ടുവന്നു വില്‍പ്പന തുടങ്ങാന്‍ ശ്രമിച്ചു. ജിഎസ്ടിനിയമവും ചട്ടവും ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു.അതിനെതിരെ കേസുകള്‍ .

ഈ നിരന്തര പോരാട്ടങ്ങള്‍ക്കിടയില്‍ നമ്മുടെ നിയമത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ അനുവദനീയമായ എന്തൊക്കെ ചെയ്യാം എന്ന നിരന്തര പരിശോധന തുടര്‍ന്നു. അങ്ങനെയാണ് 2004 ല്‍ അന്നത്തെ സര്‍ക്കാര്‍ റദ്ദു ചെയ്ത ലോട്ടറി ചട്ടങ്ങളിലെ വ്യസ്ഥ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. വിവിധ തലങ്ങളിലെ പരിശോധനകള്‍ക്കൊടുവില്‍ 2018 ല്‍ ചട്ടങ്ങള്‍ കൊണ്ടുവന്നു. വരുന്ന ലോട്ടറികള്‍ നിയമപ്രകാരമുള്ളവയാണ് എന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെടണം. എന്നാലേ വില്‍പ്പന അനുവദിക്കു . നികുതി സെക്രട്ടറിയാണ് അതിനുള്ള അധികാരി .

ടിക്കറ്റ് വില്‍ക്കുന്ന പണം അതാത് സംസ്ഥാന ഖജനാവില്‍ അടയ്ക്കുക, സമ്മാനങ്ങള്‍ അടക്കം ചെലവുകള്‍ ട്രഷറിയില്‍ നിന്നു മാറി എടുക്കുക തുടങ്ങിയ കേന്ദ്ര നിയമ വ്യവസ്ഥകള്‍ ഒന്നും ഈ സെറ്റ് പേരിനു പോലും പാലിക്കില്ല. അവര്‍ എങ്ങനെയാണ് തെളിവുകള്‍ തരിക.

അപ്പോള്‍ വീണ്ടും കേസ്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് പറഞ്ഞു നിയമ ലംഘനങ്ങള്‍ നോക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇത് പറഞ്ഞ് അവരെ തടയാനാവില്ല. അതിനെതിരായി സംസ്ഥാനം നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ വാദം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ലോട്ടറി നിയന്ത്രണ നിയമ പ്രകാരം അധികാരം കേദ്ര സര്‍ക്കാരിനു തന്നെ. എന്നാല്‍ നിയമ ലംഘനം വഴിനടത്തുന്ന കൊള്ള കണ്ണടച്ച് കണ്ടുകൊണ്ടിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല , അതല്ല നിയമത്തിന്റെ കാമ്പ് എന്ന കേരളത്തിന്റെ വാദം കോടതി അംഗീകരിച്ചിരിക്കുന്നു. കപില്‍ സിബലാണ് എതിര്‍കക്ഷികള്‍ക്ക് വേണ്ടി ഹാജരായത് എന്നതും ഓര്‍ക്കണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയിലേയ്ക്ക് നീങ്ങുന്ന ഈ ദിവസങ്ങളിലെ ഈ വിജയം മധുരതരം തന്നെ. അഞ്ചുകൊല്ലവും ഈ മാഫിയാ സംഘത്തെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു.

Full View


Similar News