അസീസ് തരുവണ
വ്യത്യാസങ്ങളും വലിപ്പചെറുപ്പങ്ങളും ഇല്ലാതാക്കുന്ന തന്റെ ഗള്‍ഫ് റമദാന്‍ അനുഭവം പങ്കുവയ്ക്കുകയാണ് അസീസ് തരുവണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
2010 ലെ റമദാൻ മാസാരംഭം. അന്നു ഞാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററാണ് . എഡിറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം , സാഹിത്യ ക്യാമ്പുകളും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് എഡിറ്റർ എന്ന നിലയിൽ പ്രധാനമായും ഞാൻ ചെയ്തുകൊണ്ടിരുന്നത് . അങ്ങനെയിരിക്കെ, അബുദാബിയിലെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു സാഹിത്യ ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് ക്ഷണം കിട്ടി . പതിനഞ്ചു ദിവസത്തെ യു.എ.ഇ സന്ദർശനത്തിനുള്ള വിസ. എന്റെ ആദ്യ യു.എ.ഇ സന്ദർശനമാണ്.
റമദാൻ ആരംഭിക്കുന്നതിന്റെ പത്തു ദിവസം മുമ്പാണ് ഞാൻ ദുബായിൽ എത്തിയത് . 40 ഡിഗ്രിയിലേറെയാണ് അന്നത്തെ ചൂട് . ജീവിതത്തിൽ അതിനു മുമ്പനുഭവിക്കാത്ത ഉഷ്ണം . എന്നിട്ടും ദുബായ് കാണാനുള്ള വെമ്പലിൽ അതൊ ന്നുമെന്നെ ബാധിച്ചില്ല . അബുദാബിയിലെ സാഹിത്യ ക്യാമ്പ് കൂടാതെ അൽഐൻ , ഷാർജ , ദുബൈ,
റാസൽഖൈമ തുടങ്ങിയ ഇടങ്ങളിലായി എട്ടോളം പരിപാടികളിൽ പങ്കെടുക്കുവാൻ എനിക്ക് ക്ഷണമുണ്ടായി. സ്ഥലങ്ങൾ കാണുക, നമ്മുടെ നാട്ടുകാർ അവിടെ എങ്ങനെ ജീവിക്കുന്നു എന്നു നേരിട്ടു കാണുക ഇതിലൊക്കെയായിരുന്നു എനിക്കേറെ കൗതുകം.
സന്ദർശന വേളയിൽ എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത് അബുദാബിയിലെ കേരള സോഷ്യൽ സെന്റർ പ്രവർത്തകരായ അയ്യൂബ് കടൽമാടും പത്രപ്രവർത്തകനായ സഫറുള്ള പാലപ്പെട്ടിയുമാണ് . ( അയ്യൂബ്ക്ക കഴിഞ്ഞ വർഷം മരണപ്പെട്ടു ) ഇരുവരുമെനിക്ക് സന്ദർശിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയും മറ്റും മുമ്പേതന്നെ വ്യക്തമായ ചിത്രങ്ങൾ തന്നിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന നാട്ടു കാരനും സുഹൃത്തും ബന്ധുവുമായ മുജീബ് പതിനഞ്ചു ദിവസം നിഴൽപോലെ എന്റെയൊപ്പമുണ്ടായിരുന്നു. അഞ്ചു വർഷത്തിലേറെ ദുബായിൽ ജോലി ചെയ്ത മുജീബ് നല്ലൊരു സഞ്ചാര പ്രിയൻ കൂടിയാണ്.
ഫുജൈറ സന്ദർശിക്കുകയെന്ന കാര്യം മുന്നോട്ടുവെച്ചത് മുജീബിന്റെ സുഹൃത്ത് അഷ്റഫാണ്. ദുബായ് ഭരണാധികാരിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അഷ്റഫ് .
അങ്ങനെ റമദാൻ ഒന്നിന് അതിരാവിലെ ഞങ്ങൾ ഫുജൈറയിലേക്ക് പുറപ്പെട്ടു. ഞങ്ങൾ മൂന്ന് പേരെ കൂടാതെ അനുഭവസമ്പന്നനായ കുഞ്ഞഹമ്മദുമുണ്ട് . ഏറെക്കാലം ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം . സഹൃദയനും വിപുലമായ സൗഹൃദ ബന്ധത്തിനുടമയുമാണ്കുഞ്ഞഹമ്മദ്.
കടുത്ത ചൂടും ഒന്നാം നോമ്പിന്റെ ക്ഷീണവും ആദ്യയാത്രയുടെ കൗതുകത്തിൽ ഞാനറിഞ്ഞിരുന്നില്ല. ഷാർജ - കൽദാ റോഡിലുള്ള മലതു രന്നുള്ള തുരങ്കത്തിലൂടെ യാത്രചെയ്ത് ഉച്ചയോടെ ഞങ്ങൾ ഫുജൈറയിലെത്തി . യു.എ.ഇ യിൽ ജോലി ചെയ്യുന്ന, പല തവണ ഇതു വഴി സഞ്ചരിച്ച സഹയാത്രികർക്ക് ഇതൊരു പതിവ് യാത്രയായിരുന്നു . എനിക്കാവട്ടെ , കാഴ്ചാനുഭവത്തിന്റെ പുതുലോകത്തേക്കുള്ള പ്രയാണവും. തിരിച്ചുള്ള യാത്രയിൽ നോമ്പ് തുറക്കുവാനുള്ള സമയമായി. എവിടെ നോമ്പു തുറക്കും ? മരുഭൂമിയുടെ വിജനതയാണെങ്ങും.
നോമ്പ് തുറക്കാനുള്ള സമയത്തിനൽപ്പം മുമ്പ് മസാഫിക്കിനും ഡേ മാർക്കറ്റിനുമിടയിലുള്ള ഏതാനും കടകൾ മാത്ര മുള്ള ഒരു ചെറിയ ടൗൺ. റോഡിനി രുവശവും ഈത്തപ്പനത്തോട്ടങ്ങൾ . അവിടെ കണ്ട ഒരു ചെറിയ പള്ളിയിൽ ഞങ്ങൾ നോമ്പു തുറക്കുവാൻ കയറി.
മുറ്റത്ത് ചെറിയൊരു പന്തലിട്ടിട്ടുണ്ട് . അവിടവിടെയായി കള്ളിമുണ്ടുടുത്ത കുറച്ചുപേർ ഇരിക്കുന്നു . മലയാളിയുടെ രൂപസാദൃശ്യമുള്ളവർ. താടി നീട്ടിയ , പൈജാമ ധരിച്ച ചിലരേയും കണ്ടു. മുജീബിനോട് ഞാൻ അവർ ഏതു ദേശക്കാരാണെന്ന് തിരക്കി . യാത്രാവേളയിൽ പല കാര്യങ്ങളും വിശദീകരിച്ചു തന്നത് അവനാണ്. മുജീബ് പറഞ്ഞു : അവർ ബംഗ്ലാദേശികളും അഫ്ഗാനികളുമാണ് . തോട്ടം തൊഴിലാളികളും മറ്റും ... അവരുടെ ചുണ്ടുകളിൽ ദൈവസ് തോത്രങ്ങൾ. ഞങ്ങൾ അവർക്കിടയിൽ ഇരുന്നു. ഏറെയൊന്നും വിഭവങ്ങളില്ല . ഓരോരുത്തരും അവരവരുടെ മുമ്പിൽ അൽപ വിഭവങ്ങളുമായി ഇരിക്കുകയാണ് . അവർ ഞങ്ങളുടെ മുന്നിൽ പ്ലേറ്റുകൾ നിരത്തി . ഓരോരുത്തരും അവരവരുടെ വിഭവങ്ങളിൽ നിന്ന് ഒരുപങ്ക് ഞങ്ങൾക്ക് തന്നു .മുമ്പ് കണ്ടിട്ടില്ലാത്തവർ. അന്യരാജ്യക്കാർ...
മഗ് രിബ് ബാങ്ക് വിളിക്കാനുള്ള സമയമടുത്തപ്പോൾ പലവഴികളിൽ നിന്നായി തദ്ദേശവാസികളായ അറബികൾ വന്നുതുടങ്ങി. ഗ്രാമിണ അറബികൾ. അവരുടെ കൈകളിൽ വീട്ടിൽ നിന്നുണ്ടാക്കിയ വിഭവങ്ങളും ഈത്തപ്പഴക്കൊട്ടകളും. വിഭവങ്ങൾ അവർ പന്തലിൽ ഇരിക്കുന്നവ രുടെ പാത്രങ്ങളിൽ വിളമ്പി. ബാങ്ക് കൊടുക്കുമ്പോഴേക്ക് എല്ലാവരുടെയും പാത്രങ്ങൾ നിറഞ്ഞുകവിഞ്ഞു . ഈത്തപ്പഴവും മറ്റും ആവശ്യത്തിലേറെ. അറബികളും ഞങ്ങൾക്കൊപ്പമിരുന്ന് നോമ്പ് തുറന്നു. സ്വദേ ശിയെന്നോ വിദേശിയെന്നോ ഭേദങ്ങളില്ലാതെ , തൊഴിലാളിയെന്നോ മുതലാളിയെന്നോ പക്ഷപാതമില്ലാതെ ! എല്ലാവർക്കും മറ്റുള്ളവരെ ഊട്ടുന്ന തിൽ അമിത താത്പര്യം. ഉച്ചനീചത്വ ങ്ങൾ മറന്ന് ഒന്നായ നിമിഷം. വലിയൊരു തളികയിൽ നിന്ന് കൈകൊണ്ടുതന്നെ എല്ലാവരും എടുത്തു കൊടുക്കുന്നു . ആർക്കുമതിന് എതിർ പ്പില്ല. ദേശഭേദ ചിന്തകൾ അപ്രസ ക്തമായ നിമിഷങ്ങൾ.
തിരിച്ചുള്ള യാത്രയിൽ ഞാൻ സുഹൃത്തുക്കളോട് , കേരളത്തിൽ സഹോദരൻ അയ്യപ്പൻ 1930 കളിൽ നടത്തിയ പന്തിഭോജനത്തെപ്പറ്റി പറഞ്ഞു . ഒരു സ്ഥലത്ത് നിരന്നിരുന്നു അവര വരുടെ ഇലയിലുള്ള ഭക്ഷണം കഴിക്കലായിരുന്നല്ലോ പന്തിഭോജനം . പുലയ സമുദായ അംഗങ്ങളോ ടൊപ്പം ഒരു ഹാളിലിരുന്ന് ഭക്ഷണം കഴിച്ചതിന് സഹോദൻ അയ്യപ്പനെ പരിഹാസ രൂപേണ ' പൂലയനയ്യപ്പൻ എന്നാണ് സവർണർ വിളിച്ചിരുന്നത് !! സവർണരിൽ നിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ട നവോത്ഥാന പ്രവർ ത്തനമായിരുന്നു പന്തിഭോജനം ... ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ സഹയാത്രികനായ അഷ്റഫ് പറഞ്ഞു : " സുഹൃത്തേ, 1400 വർഷം മുമ്പേ , ഇവിടെ ഈ സൗഹാർദ്ദമുണ്ട് . അറബികളുടെ വീട്ടിൽ പോയാലും അവർ നമ്മോടൊപ്പം തന്നെയാണ് ഭക്ഷണം കഴിക്കുന്നത് .ഒരു വലിയ തളികയുടെ ചുറ്റുമിരുന്ന് ഒന്നിച്ചുള്ള ഭോജനം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് . അതിന് തൊഴിലാളിയെന്നോ മു തലാളിയെന്നോ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല ...
ഞാൻ നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയുടെ ഭീകരതയെപ്പറ്റി ഓർത്തു.