നിയമന അട്ടിമറി: ദേവസ്വം ബോര്‍ഡ് കോളജിലും അധ്യാപക തസ്തിക സിപിഎം യുവനേതാവിന്റെ ഭാര്യയ്ക്ക് നിയമനം
ആസാദ്
2019 ഡിസംബറില്‍ ഒരു ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളേജ് അദ്ധ്യാപക(മലയാളം) ഇന്റര്‍വ്യുവില്‍ നടന്നതു നോക്കൂ. ഏ പി ഐ സ്‌കോര്‍ പ്രകാരമുള്ള ഇന്റക്‌സ് മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും തമ്മിലുള്ള ഭീമമായ അന്തരം നമ്മെ അമ്പരപ്പിക്കും. യോഗ്യരെ തള്ളി ബന്ധുക്കളെ കയറ്റുന്ന ഈ പ്രക്രിയ നാം ചര്‍ച്ച ചെയ്യേണ്ടതില്ലേ?
എ പി ഐ സ്‌കോര്‍ അനുപാതം എഴുപതു മാര്‍ക്കിലും ഇന്റര്‍വ്യുവിന്റേത് മുപ്പതു മാര്‍ക്കിലും പരിഗണിച്ചാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കിയത്. എഴുപതില്‍ 54.77 കിട്ടിയ എ എന്ന ഉദ്യോഗാര്‍ത്ഥി മുന്നില്‍ വന്നു. ബിയ്ക്ക് 54.4 ഉം സി യ്ക്ക് 53.5ഉം ഡി യ്ക്ക് 44.29ഉം ഇ യ്ക്ക് 42.5ഉം, എഫിന് 36.53ഉം ലഭിച്ചു.
ഇവര്‍ക്ക് ഇന്റര്‍വ്യുവില്‍ ലഭിച്ച മാര്‍ക്ക് ശ്രദ്ധിക്കൂ. എയ്ക്ക് മുപ്പതില്‍ 28 കിട്ടി. ബിയ്ക്ക് 8ഉം സിയ്ക്ക് 9ഉം ഡി യ്ക്ക് 28ഉം ഇയ്ക്ക് 27ഉം എഫിന് 28ഉം നല്‍കി. കുറഞ്ഞ മാര്‍ക്ക് എട്ടും കൂടിയ മാര്‍ക്ക് ഇരുപത്തിയെട്ടും! ഈ ഭീമമായ അന്തരത്തിനകത്ത് (നാല് ഒഴിവുകളില്‍) സുരക്ഷിതമായ ഇടം ലഭിച്ചു ഒരു നേതാവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി. പുറന്തള്ളപ്പെട്ടത് മികച്ച അക്കാദമിക യോഗ്യതയുള്ള രണ്ടു പേര്‍. അന്നാവട്ടെ 2018 റഗുലേഷന്റെ ഉദാരത ഒട്ടും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.
ഇന്‍ഡക്‌സ് മാര്‍ക്ക് എഴുപതില്‍ 54ഉള്ള മൂന്നു പേരുണ്ട്. അവരില്‍ രണ്ടുപേരെ ഒമ്പതും എട്ടും മാര്‍ക്കുകള്‍ മാത്രം നല്‍കി പുറത്താക്കി. നാല്‍പ്പത്തിനാലും നാല്‍പ്പത്തിരണ്ടും മുപ്പത്തിയാറും കിട്ടിയവരെ മുപ്പതില്‍ ഇരുപത്തിയെട്ടു മാര്‍ക്കും നല്‍കി അകത്തേയ്ക്കു കയറ്റി. ഈ അഭിമുഖത്തിന്റെ ധാര്‍മ്മികത ആരെയും അസ്വസ്ഥപ്പെടുത്തിയില്ല!
ഇന്റര്‍വ്യുവില്‍ കുറഞ്ഞ മാര്‍ക്കും കൂടിയ മാര്‍ക്കും നിശ്ചയിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് സെലക്ഷന്‍ കമ്മറ്റി നിശ്ചയിക്കുന്നതാണ്. മുപ്പതില്‍ പത്തോ പന്ത്രണ്ടോ മുതല്‍ ഇരുപതോ ഇരുപത്തിയഞ്ചോ വരെയുള്ള ഒരു റെയ്ഞ്ചില്‍ മാര്‍ക്കിടാം. അതു മെറിറ്റില്‍ വലിയ അപകടം വരുത്തുകയില്ല. ബോധപൂര്‍വ്വമായ അട്ടിമറി ഇല്ലാതാക്കാം. എന്നാല്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കു നടന്ന ഈ അഭിമുഖത്തില്‍ മറ്റു താല്‍പ്പര്യങ്ങള്‍ മേല്‍ക്കൈ നേടി.
ഇതു സംബന്ധിച്ചു കോടതിയില്‍ കേസുണ്ടെന്നു കേള്‍ക്കുന്നു. അതു നടക്കട്ടെ. പക്ഷേ, നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തു നടക്കുന്നുവെന്ന് പൊതുസമൂഹം അറിയണം. പുറന്തള്ളപ്പെടുന്നത് പ്രിവിലേജുകളില്ലാത്ത അതീവ സാധാരണക്കാരോ ദരിദ്രരോ ആണ്. വളരെ ക്ലേശിച്ച് പഠിച്ചു വലിയ യോഗ്യതകള്‍ നേടിയെടുത്തവര്‍. അവരോടു നമ്മുടെ രാഷ്ട്രീയാധികാര വ്യവസ്ഥ ചെയ്യുന്ന അനീതി നാം അറിയണം.