മൈത്രി ബുക്‌സിന്റെ പുസ്തകങ്ങള്‍ക്കെതിരേ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ആര്‍എസ്എസ്സിന്റെ ഭീഷണി
എ.ലാൽസലാം
തലശ്ശേരി: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ തീര്‍ത്ഥാടന നവതി ആഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തകപ്രദര്‍ശനത്തില്‍ ഗുരുദേവ ശിഷ്യരുടെ പുസ്തകങ്ങള്‍ക്കെതിരേ ആര്‍എസ്എസ്. അടുത്ത ദിവസം പുസ്തകം കണ്ടാല്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. മൈത്ര ബുക്‌സ് ഉടമ എ.ലാൽസലാം അതേകുറിച്ച് ഫേസ് ബുക്കിലൂടെ നല്‍കിയ വിശദീകരണമനുസരിച്ച് ശ്രീനാരായണ ധര്‍മ്മ തീര്‍ത്ഥരുടെ ഹൈന്ദവ ദുഷ്പ്രഭുത്വചരിത്രം എന്ന ഗ്രന്ഥത്തോടാണ് കൂടുതല്‍ പ്രതിഷേധമുയര്‍ത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നിരവധി സുഹൃത്തുക്കൾ നിർദേശിച്ചതിനാലാണ് നാലാം തിയ്യതി നടന്ന സംഭവത്തിന് വിശദീകരണമെന്നോണം വൈകിയാണെങ്കിലും ഈ പോസ്റ്റിടുന്നത്. തീർത്ഥാടന നവതി ആഘോഷത്തോട് അനുബന്ധിച്ച് തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പരിപാടിക്ക് മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിൻ്റെ പുസ്തകങ്ങളുടെ വില്പന നടത്താൻ എൻ്റെ മകൻ ബ്രഹ്ത് ലാലിനെയും സുഹൃത് രതീഷിനെയും ഏർപ്പാടു ചെയ്തു. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സന്ദർഭത്തിൽ ഇരുവരും വളരെ സന്തോഷത്തോടെയാണ് തലശേരിക്ക് യാത്രയായത്. എന്നാൽ ശനിയാഴ്ച രാത്രി ഏതാനും RSS - ബി.ജെ.പി പ്രവർത്തകർ ഇരുവരെയും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയാണുണ്ടായത്. തലശേരിയിൽ നിന്നും തല്ലു കൊണ്ടേ പോവുകയുള്ളൂവെന്നും പുസ്തകങ്ങൾ കുളത്തിലിടുമെന്നും ഇനിയിവിടെ നിങ്ങടെ പുസ്തകങ്ങൾ കണ്ടു പോകരുതെന്നും നാളെ ഞങ്ങൾ അവിടെ പരിശോധനക്ക് വരും.. എന്നൊക്കെയായി ഭീഷണി. ഗുരുശിഷ്യന്മാരുടെ പുസ്തകങ്ങളായിരിക്കാം അക്ഷരവിരോധികളായ സംഘികളെ പ്രകോപനം കൊള്ളിച്ചത്. സ്വാമി ധർമ്മതീർത്ഥരുടെ 'ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം' പല സ്ഥലങ്ങളിലും സംഘികളെ ചൊടിപ്പിച്ച പുസ്തകമാണ്. ഇ.മാധവൻ്റെ സ്വതന്ത്രസമുദായവും സംഘിമിത്രങ്ങൾക്ക് സഹിക്കാവുന്ന പുസ്തകമല്ല. വായനശാലകൾക്ക് തീയിട്ട, അംബേദ്കർ - പെരിയാർ പ്രതിമകൾ തകർത്തും ഭഗത്സിംഗ് മുതൽ ഗുരുദേവൻ വരെയുളളവരുടെ ചരിത്രം പാഠഭാഗങ്ങളിൽ നിന്നും വെട്ടിമാറ്റിയത് കൊണ്ടും സംഘി കോമരങ്ങൾ അടങ്ങില്ലെന്ന് അറിയാം. ഗുരുകൃതികളെ കുളത്തിലെറിയാമെന്ന വിദ്വേഷ പ്രചാരകരുടെ വ്യാമോഹം കേരളത്തിൽ നടക്കില്ല. എന്തെന്നാൽ നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണാണ് കേരളത്തിൻ്റേത്. ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമെന്ന് ഗുരു പ്രഖ്യാപിച്ച നാടാണ് കേരളം. ഏതുമില്ലാതെ എന്നാൽ എല്ലാത്തരം വിവേചനങ്ങൾക്കും ഭേദചിന്തക്കും അതീതമെന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. മതസ്പർധയില്ലാത്ത എന്നാൽ ജാതിചിന്തയുള്ള കാലത്താണ് ജാതി-മത ഭേദചിന്തക്കെതിരെ സകലരെയും സോദരരായി കാണുവാൻ ഗുരു തൻ്റെ പ്രതിഷ്ഠക്ക് മുന്നിൽ പലകമേൽ ചുണ്ണാമ്പ് കൊണ്ട് എഴുതിയത്. ഇതാണ് സംഘിവൈറസുകളെ പ്രതിരോധിച്ച ഒറ്റമൂലി. അനുകമ്പയുടെയും അൻപിൻ്റെയും സന്ദേശം. 'അവർണർക്ക് പ്രവേശനമില്ലെന്ന്' ആദ്യകാലത്തും 'അന്യമതസ്ഥർക്ക് പ്രവേശനമില്ലെന്ന് ' പിൽക്കാലത്തും കേരളത്തിലെ പല ആരാധനാലയങ്ങളിലും കണ്ടുപോന്നിട്ടുണ്ട്. ഇത്തരം ബോർഡുകൾ സംഘികൾ ചുമക്കട്ടെ. പുതിയ ചിന്തയും പുതിയ ലോകവും അവർക്ക് വിധിച്ചിട്ടില്ലെന്ന് സഹതപിക്കാം.
ഏതായാലും ഞങ്ങൾ മുന്നോട്ട് തന്നെയാണ്. സംഘികൾക്കെതിരെ ആശയപ്രചരണം പൂർവ്വാധികം ശക്തമായി തുടരുക തന്നെ ചെയ്യും.