ആര്‍ടിപിസിആര്‍ പരിശോധന: കേരളത്തില്‍ 1,700 രൂപ, ഒഡീഷയില്‍ 400 രൂപ; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
കെ സഹദേവന്‍
കൊവിഡ് മഹാമാരി അതിന്റെ രണ്ടാം തരംഗം അതിശക്തമായി തുടരുകയും പ്രതിദിന കേസുകള്‍ 20,000 കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71% ആയി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ക്കും മറ്റുമുള്ള നിരക്കില്‍ കുറവു വരുത്താന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിന്മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്തേണ്ടതുണ്ട്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ഏറ്റവും താഴ്ന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് ഒഡീഷ സര്‍ക്കാരാണ്. 400 രൂപയാണ് ജിഎസ്ടി ഉള്‍പ്പെടെ ആര്‍ടി-പിസിആര്‍ പരിശോധനക്ക് വാങ്ങാന്‍ പാടുള്ളൂ എന്ന് ഒരു ഉത്തരവിലൂടെ ഒഡീഷ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ അറിയിച്ചിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ യഥാക്രമം 500-800 (മഹാരാഷ്ട്ര), 500-700 (യുപി), 500 (ഹരിയാന), 500 (തെലങ്കാന), 800-1,200 (ദില്ലി) എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാലതേ സമയം കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഈ നിരക്ക് 1,700 രൂപയാണ്.
കേരളം, ഒഡീഷ, ദില്ലി എന്നിവയടക്കം ഒട്ടനവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമായാണ് നടത്തിവരുന്നത്.
ആര്‍ടി-പിസിആര്‍ പരിശോധനക്ക് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് 4,500-5,000 രൂപയായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് വെട്ടിച്ചുരുക്കുകയായിരുന്നു ചെയ്തിരുന്നത്. ഒഡീഷയിലെ ഉദാഹരണമെടുക്കുകയാണെങ്കില്‍ 4,500 ല്‍ നിന്ന് 2,200 ലേക്കും പിന്നീട് 1,200 രൂപയിലേക്കും ഏറ്റവും ഒടുവില്‍ 400 രൂപയിലേക്കും ടെസ്റ്റ് നിരക്ക് താഴ്ത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയാണുണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയ്യതി കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 1,500 രൂപയുണ്ടായിരുന്ന നിരക്ക് 1,700 രൂപയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്
ആര്‍ടി-പിസിആര്‍ കിറ്റിന്റെ വില 1,200 രൂപയില്‍ നിന്നും കേവലം 46 രൂപയായി താഴ്ത്തിയിട്ടുണ്ട്. ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ ചാര്‍ജ്ജടക്കം 200 രൂപ മാത്രമാണ് ടെസ്റ്റിന്റെ ചെലവ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് പരിഗണിച്ചാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് തികച്ചും അന്യായമാണെന്ന് കാണാന്‍ കഴിയും.
പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിച്ചതോടുകൂടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുറത്തുനിന്നും സ്വകാര്യ മൊബൈല്‍ ടെസ്റ്റിങ് ലാബുകളെ ഏര്‍പ്പെടുത്തുകയുണ്ടായി. സാന്‍ഡര്‍ മെഡിക്എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 448.2 രൂപയ്ക്കാണ് സര്‍ക്കാരിനു വേണ്ടി പരിശോധന നടത്തിയിരുന്നത്. ഇതിനര്‍ത്ഥം ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ലാഭവിഹിതം ഏര്‍പ്പെടുത്തിയാല്‍ തന്നെയും 450 രൂപയ്ക്ക് കേരളത്തില്‍ പരിശോധന നടത്താന്‍ സാധിക്കും എന്നതാണ്.
വസ്തുതകള്‍ ഇതായിരിക്കെ ദേശീയ ദുരന്തമായി മാറിയിരിക്കുന്ന കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ അന്യായമായ നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.