മലയാളം ലെക്‌സിക്കന്‍ എഡിറ്ററായി സംസ്‌കൃത പണ്ഡിത: ഭാഷാഭിമാനികളായ മലയാള പണ്ഡിതന്മാര്‍ മൗനവ്രതത്തില്‍

Update: 2021-07-12 12:39 GMT

ആസാദ്

മലയാള ഭാഷയുടെ വികാസത്തില്‍ വലിയ പങ്കുവഹിക്കേണ്ട ഒന്നാണ് ലെക്‌സിക്കന്‍ നിര്‍മാണം. എല്ലാ കാലത്തും അത് വലിയ വിവാദമായിട്ടുണ്ട്. ഇപ്പോള്‍ എഡിറ്ററായി സംസ്‌കൃത പണ്ഡിതയെ നിയമിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഇതൊക്കെ കണ്ട് ഭാഷാഭിമാനികളായ പണ്ഡിതര്‍ മൗനവൃതത്തിലാണെന്ന് കുറ്റപ്പെടുത്തുകയാണ് എഴുത്തുകാരനായ ആസാദ് തന്റെ എഫ് ബി കുറിപ്പിലൂടെ.

പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളം ലെക്‌സിക്കന്‍ എഡിറ്ററായി സംസ്‌കൃത പണ്ഡിതയെ നിയമിച്ച കേരള സര്‍വ്വകലാശാല അതില്‍ തെറ്റു കാണുന്നില്ല! ഭാഷാഭിമാനികളായ മലയാള പണ്ഡിതന്മാര്‍ മൗനവ്രതത്തിലാണ്. എന്തിനും മീതെയാണ് അധികാരത്തോടു പുലര്‍ത്തേണ്ട ആദരം!

സര്‍വ്വകലാശാലയുടെ നിയമന മാനദണ്ഡം ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ച പ്രകാരംതന്നെ വേണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? സെനറ്റോ സിന്‍ഡിക്കേറ്റോ അങ്ങനെ കരുതുന്നില്ല. എപ്പോഴും അവര്‍ക്കു മാറ്റാവുന്നതേയുള്ളു! അതാണ് അധികാരത്തിന്റെ ഉന്മാദം.

മലയാളം ലെക്‌സിക്കന്‍ മേധാവികള്‍ 2009 നും 2016നും ഇടയില്‍ വരുത്തിവെച്ച നഷ്ടംതന്നെ ചില്ലറയല്ല. ഇരിക്കുന്ന പദവിയുടെ ഗൗരവം അവര്‍ ഓര്‍ത്തില്ല. മലയാള ഭാഷാ പ്രാവീണ്യം അവരുടെ കര്‍മ്മപഥത്തില്‍ കണ്ടില്ല. മലയാളം പ്രൊഫസര്‍മാരായാല്‍ പോരാ ശൂരനാടും മറ്റും പുലര്‍ത്തിയ ഗവേഷണമികവും ഉത്സാഹവും കാണണമെന്ന് ഒമ്പതാം വാല്യത്തിന്റെ ദുര്‍ഗതി നമ്മെ പഠിപ്പിക്കുന്നുണ്ട്. അതൊന്നും വക വെക്കാതെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മലയാളമേ അറിയാത്ത ഒരാളെ ഇപ്പോള്‍ ലെക്‌സിക്കന്‍ എഡിറ്ററായി നിയമിച്ചിരിക്കുന്നത്.

ലെക്‌സിക്കന്‍ എട്ടാം വാല്യം 2009ലാണ് പ്രസിദ്ധീകരിച്ചത്. ഏഴു വര്‍ഷത്തിനു ശേഷം 2016ല്‍ ഒമ്പതാം വാല്യം പ്രസിദ്ധീകരിച്ചു. പ്രിന്റിംഗ് ചാര്‍ജ് മാത്രം 3,58,995 രൂപയായി. 2016 ജനവരി 18നായിരുന്നു പ്രകാശനം. അധികം വൈകാതെ മുഴുവന്‍ കോപ്പികളും വൈസ് ചാന്‍സലര്‍ക്കു പിന്‍വലിക്കേണ്ടി വന്നു. അതില്‍ സിംഹഭാഗവും തെറ്റുകളായിരുന്നു. ശംബളവും ഓഫീസ് ചെലവുകളും നല്‍കാന്‍ രണ്ടര കോടി രൂപയിലധികം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് സര്‍വ്വകലാശാലയ്ക്ക്. അതപ്പാടെ പാഴായി. വലിയ തോതില്‍ മനുഷ്യാദ്ധ്വാനവും വെറുതെയായി.

മലയാളം ലെക്‌സിക്കന്‍ പ്രവര്‍ത്തനം കേരളപ്പിറവിക്കു മുമ്പേ ആരംഭിച്ചതാണ്. അതിന് അക്കാദമിക പദവി നല്‍കുന്നത് 20/08/1973ലെ സിന്‍ഡിക്കേറ്റ് യോഗമാണ്. എഡിറ്ററുടെ തസ്തിക പ്രൊഫസര്‍ക്കു തുല്യമായാണ് അംഗീകരിച്ചത്. അസിസ്റ്റന്റ് എഡിറ്റര്‍ റീഡറിനും സബ് എഡിറ്റര്‍ ലക്ചറിനും തുല്യമായി പരിഗണിക്കപ്പെട്ടു. ഇതില്‍ മാറ്റം വരുത്താന്‍ 1991ല്‍ ശ്രമം നടന്നപ്പോള്‍ ചില കോടതി വ്യവഹാരങ്ങളും നടന്നതായി അറിയുന്നു.

ഡിപാര്‍ട്ടുമെന്റ് ഓഫ് മലയാളം ലെക്‌സിക്കന്‍ ഒരു പ്രത്യേക വകുപ്പായി വികസിക്കേണ്ടതാണ്. ലെക്‌സിക്കോഗ്രാഫി കോഴ്‌സുകള്‍ തുടങ്ങാം. ഗവേഷണങ്ങളാവാം. കേരള സര്‍വ്വകലാശാലയുടെ അക്കാദമിക സമ്പത്ത് വര്‍ദ്ധിക്കുകയേയുള്ളു. എന്നാല്‍ അങ്ങനെയൊരു കാഴ്ച്ചപ്പാട് ഉണ്ടായില്ല എന്നു മാത്രമല്ല അതിന്റെ അക്കാദമിക പദവി എടുത്തു കളയാന്‍ അത്യുത്സാഹം പ്രകടിപ്പിക്കുകയും ചെയ്തു. ലെക്‌സിക്കന്‍ എന്താണെന്നും എന്തിനാണെന്നും തിരിഞ്ഞുകിട്ടാത്ത സര്‍വ്വകലാശാലാ അധികാരികള്‍ തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ അവിടെയുള്ള ആസ്തികളും പദവികളും വെച്ചു നീട്ടുകയാണ്!

ഒമ്പതാം വാല്യത്തിന്റെ നിര്‍മ്മാണത്തിലെ ഗുരുതരമായ പിഴവു സംബന്ധിച്ച് ഒരു കമ്മീഷനെ വെച്ച് സര്‍വ്വകലാശാല അന്വേഷിക്കുകയുണ്ടായി. സര്‍വ്വകലാശാലാ പ്രൊഫസര്‍മാരുടെ കമ്മറ്റിയായിരുന്നു അത്. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറംലോകത്തെ കാണിച്ചിട്ടില്ല. പൊതുസമൂഹത്തിന്റെ രണ്ടരക്കോടിയിലേറെ രൂപ എങ്ങനെ പാഴായെന്നും അതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കണമെന്നും അത് ആരില്‍നിന്നു തിരിച്ചു പിടിക്കണമെന്നും അവര്‍ കണ്ടെത്തിക്കാണും. അതല്ലെങ്കില്‍ പതിവ് ഒത്തുകളിയുടെ അശ്ലീല സമവായം അതിന്റെ ന്യായവാദങ്ങള്‍ നിരത്തി കെടുതികള്‍ മായ്ച്ചു കാണുമോ? സിന്‍ഡിക്കേറ്റ് അതൊന്നു പുറത്തു വിട്ടാല്‍ നന്നായിരുന്നു.

മലയാളം ലെക്‌സിക്കനോടു സര്‍വ്വകലാശാല പുലര്‍ത്തിപ്പോന്ന നയ സമീപനങ്ങള്‍ ഭാഷാസ്‌നേഹികളെ വേദനിപ്പിക്കും. ശൂരനാട് കുഞ്ഞന്‍ പിള്ളയെപ്പോലുള്ള മഹാരഥന്മാരുടെ അദ്ധ്വാനവും സ്വപ്നവും തകര്‍ത്തു കളഞ്ഞിരിക്കുന്നു പുതിയ അധികാരികള്‍. സമഗ്രമായ ഒരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴത്തെ നിയമനം എത്രയും വേഗം റദ്ദാക്കുകയും വേണം. 

Full View


Similar News