ആരാണ് ഏറ്റവും വലിയ ക്രിമിനലുകള്‍?; കേരള പോലിസിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മതി...
കേരള പോലിസിന്റെ ക്രിമിനല്‍ വല്‍കരണത്തിനെതിരേ മാധ്യമ പ്രവര്‍ത്തകന്‍ ഷെഫീഖ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്. 'കയ്യില്‍ ടിക്കറ്റില്ലാതിരുന്ന ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട കാലുകൊണ്ട് നിലത്തിട്ട് ചവിട്ടുന്ന ക്രിമിനലുകളില്‍ നിന്നും സാധാരണക്കാരന് ആര് കാവല്‍ നല്‍കും?. കേരളത്തിലെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ഓപ്പറേഷന്‍ കാവല്‍ പദ്ധതി സംസ്ഥാനത്താരംഭിച്ചത്. ഇതുപ്രകാരമുള്ള ഗുണ്ടാ ലിസ്റ്റില്‍ ക്രിമനലുകള്‍ക്ക് പകരം നിരവധി സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുകയും ചെയ്തു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകള്‍?
കേരളത്തിലെ ഏറ്റവും വലിയ സംഘടിത ക്രിമിനല്‍ ഗാങ് ഏതാണെന്നറിയാന്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ കേരള പൊലീസിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മതി...എത്ര ക്രോഡീകരിച്ചാലും പൂര്‍ണമാകാത്തത്രയും ക്രൂരതകള്‍ ചെയ്തുകൂട്ടിയ, അധികാരമിടുക്കില്‍ നിരാലംബരായ മനുഷ്യരുടെ ജീവിതത്തെ കയ്യിലെടുത്ത് അമ്മാനമാടുന്ന ഈ കൊടും ക്രിമിനലുകളില്‍ നിന്ന് കാവല്‍ ലഭിക്കേണ്ടത് സാധാരണ പൗരന്‍മാര്‍ക്കാണ്'. ഷെഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കയ്യില്‍ ടിക്കറ്റില്ലാതിരുന്ന ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട കാലുകൊണ്ട് നിലത്തിട്ട് ചവിട്ടുന്ന ക്രിമിനലുകളില്‍ നിന്നും സാധാരണക്കാരന് ആര് കാവല്‍ നല്‍കും?
കേരളത്തിലെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ഓപ്പറേഷന്‍ കാവല്‍ പദ്ധതി സംസ്ഥാനത്താരംഭിച്ചത്. ഇതുപ്രകാരമുള്ള ഗുണ്ടാ ലിസ്റ്റില്‍ ക്രിമനലുകള്‍ക്ക് പകരം നിരവധി സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുകയും ചെയ്തു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകള്‍?
കേരളത്തിലെ ഏറ്റവും വലിയ സംഘടിത ക്രിമിനല്‍ ഗാങ് ഏതാണെന്നറിയാന്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ കേരള പൊലീസിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മതി...
തലശ്ശേരിയിലെ കാളിമുത്തു, വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, കുണ്ടറയിലെ കുഞ്ഞുമോന്‍, പാവറട്ടിയിലെ വിനായകന്‍, നൂറനാട്ടെ രാജു, തൊടുപുഴയിലെ രജീഷ്, വരാപ്പുഴയിലെ ശ്രീജിത്ത്, കൊട്ടാരക്കരയിലെ മനു, പിണറായിയിലെ ഉനൈസ്, കളക്കാവിളയിലെ അനീഷ്, പീരുമേടിലെ രാജ്കുമാര്‍, വിയ്യൂരിലെ ഷമീര്‍ തുടങ്ങി അനേകം പേരുടെ ജീവന്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് കവര്‍ന്നെടുത്തവര്‍.
നിലമ്പൂരിലെ കരുളായിയിലും, വയനാട് വൈത്തിരിയിലും വാളാരംകുന്നിലും, അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലുമായി രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകളെ ഏകപക്ഷീയമായി വെടിവെച്ച് കൊലപ്പെടുത്തിയവര്‍.
വാളയാറിലെ ഇരട്ട സഹോദരിമാരുടെ കൊലപാതകത്തില്‍ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെ, ക്രൂരമായ ഈ തുടര്‍കൊലപാതകങ്ങളെ ആത്മഹത്യയാക്കി ചിത്രീകരിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചവര്‍.
കോട്ടയത്ത് ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്‍ ജോസഫിനെ രക്ഷിക്കുവാന്‍ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതെ കൊലയാളി സംഘങ്ങളുടെ വിളയാട്ടങ്ങള്‍ക്ക് അവസരമൊരുക്കി കൊടുത്തവര്‍.
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിലെത്തിയ അമ്മ മഹിജയെ നടുറോട്ടിലൂടെ വലിച്ചിഴച്ചവര്‍.
ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്തും, ഐ.ഒ.സി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിലും സമരം ചെയ്ത പ്രദേശവാസികളുടെ തലയോട്ടി തല്ലിത്തകര്‍ത്ത് സമരത്തെ ചോരയില്‍ മുക്കിയവര്‍.
കണ്ണൂര്‍ പാലത്തായില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനായ അധ്യാപകന് ജാമ്യം ലഭിക്കുന്ന തരത്തില്‍ കുറ്റപത്രം വൈകി സമര്‍പ്പിക്കുകയും മതിയായ തെളിവുകള്‍ ശേഖരിക്കാതിരിക്കുകയും ചെയ്തവര്‍.
പത്രപ്രവര്‍ത്തകനായ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനുള്ള അവസരങ്ങളൊരുക്കിക്കൊടുത്തവര്‍.
രാത്രിയില്‍ പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ പല നഗരങ്ങളിലും വെച്ച് തുടര്‍ച്ചയായി അടിച്ചോടിച്ചവര്‍.
എറണാകുളത്ത് രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നുപോയതിന് അമൃത എന്ന പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോവുകയും സുഹൃത്ത് പ്രതീഷിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ചെയ്തവര്‍.
കൊച്ചിയില്‍ ഡി.വൈ.എസ്.പിയ്‌ക്കെതിരെ പരാതിയുമായെത്തിയ വീട്ടമ്മയെ ഒതുക്കാന്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തവര്‍.
വരാപ്പുഴയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട(ഇവര്‍ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു) എഴുപത് കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് വീടും പുരയിടവും വില്‍പ്പിച്ചവര്‍.
എറണാകുളം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ സുരേഷ് എന്ന ബസ് െ്രെഡവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്ത് ജീവിതത്തില്‍ ഇനിയൊരിക്കലും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത തരത്തിലാക്കിത്തീര്‍ത്തവര്‍.
കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ കോടതിയില്‍ പോലും ഹാജരാക്കാതെ അഞ്ച് ദിവസത്തോളം ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങള്‍ക്കിരയാക്കിയവര്‍.
കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട വടക്കഞ്ചേരി സ്വദേശി ഷമീറിനെ ക്രൂരമായി മര്‍ദിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ വേണ്ടി ആവശ്യപ്പെട്ടവര്‍. (ഷമീറിന്റെ മരണ ശേഷം ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തുവന്ന കൂട്ടുപ്രതിയായിരുന്ന ഭാര്യയാണ് ഇത് വെളിപ്പെടുത്തിയത്).
ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മൊഫിയ പര്‍വീന്‍ എന്ന നിയമവിദ്യാര്‍ത്ഥിനി പരാതിയുമായി വന്നപ്പോള്‍ പീഡകര്‍ക്കനുകൂലമായ നിലപാടെടുത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍.
വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ദളിതരായ അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പൊതുമധ്യത്തില്‍ അപമാനിച്ചവര്‍. (മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെടുത്തു)
സ്‌റ്റേഷനില്‍ പരാതി നല്‍കാനായി ചെന്ന തെന്‍മല സ്വദേശിയായ ദളിത് യുവാവ് രാജീവിന്റെ കരണത്തടിക്കുകയും മണിക്കൂറുകളോളം സ്‌റ്റേഷന്‍ വരാന്തയില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തവര്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മധ്യവയസ്‌കരടക്കമുള്ള നിരവധി പേരെ പരസ്യമായി ഏത്തമിടീച്ച് അപമാനിച്ചവര്‍, പശുവിന് പുല്ലരിയാന്‍ പോയ ദരിദ്രകര്‍ഷകന് 2000 രൂപ പിഴ ചുമത്തിയവര്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ജീവിത വരുമാനം നിലച്ച അനേകം പാവങ്ങള്‍ തൊഴിലാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ക്രൂരമായ പിഴകള്‍ ചുമത്തിയും മര്‍ദിച്ചും കേസെടുത്തും പീഡിപ്പിച്ചവര്‍.
'ചവിട്ടേല്‍ക്കപ്പെടുന്നവന്റെ ആഘോഷമാണ് ഓണ'മെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കയച്ച കോട്ടയത്തെ സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റീത്താമ്മയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് മാപ്പ് പറയിപ്പിക്കുകയും അവരെ അത് മൊബൈലില്‍ ചിത്രീകരിക്കാന്‍ അനുവദിക്കുകയും ചെയ്തവര്‍.
എത്ര ക്രോഡീകരിച്ചാലും പൂര്‍ണമാകാത്തത്രയും ക്രൂരതകള്‍ ചെയ്തുകൂട്ടിയ, അധികാരമിടുക്കില്‍ നിരാലംബരായ മനുഷ്യരുടെ ജീവിതത്തെ കയ്യിലെടുത്ത് അമ്മാനമാടുന്ന ഈ കൊടും ക്രിമിനലുകളില്‍ നിന്ന് കാവല്‍ ലഭിക്കേണ്ടത് സാധാരണ പൗരന്‍മാര്‍ക്കാണ്.