കോഴിക്കോട്: ആരാധകരുടെ ഹൃദയം തകര്‍ത്ത് സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാര്‍സ വിടുകയാണ്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ പൊട്ടിക്കരയുന്ന മെസ്സിയുടെ മുഖം ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ നൊമ്പരമാവുകയാവുമ്പോള്‍ ആ കണ്ണുനീരാണ്; ആ വൈകാരികതയാണ് ഫുട്‌ബോളിന്റെ ശക്തിയെന്ന് ഗായകന്‍ ഷഹബാസ് അമന്‍ കുറിക്കുന്നു.
ഷഹബാസ് അമന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അങ്ങനെ മെസ്സി ബാര്‍സയോട് വിട പറഞ്ഞു..!. ആരാധകര്‍ നേരത്തേ കണ്ണീരണിഞ്ഞതാണ്. പ്രതീക്ഷിച്ചതുപോലെത്തന്നെ മെസ്സിയും കരഞ്ഞു..!. ലോകം മുഴുവന്‍ ഉറ്റ്‌നോക്കിയ ആ പ്രസ് മീറ്റിങ് ഇന്ന് ഇന്ത്യന്‍ സമയം 3.30 pmന് ആയിരുന്നു. സിനിമയെ ഇരുപതാം നൂറ്റാണ്ടിന്റെ കല എന്നാണ് വിശേഷിപ്പിക്കാറുള്ളതെങ്കില്‍ ലോകം കണ്ട എക്കാലത്തെയും ഏറ്റവും വലിയ ജനകീയ കലയാണ് ഫുട്‌ബോള്‍..!. ഒന്നാമത്തേതിന്റെ പ്രധാന വിജയ രഹസ്യങ്ങളില്‍ ഒന്ന് അതിന്റെ കാണികള്‍ക്ക് കാലാകാലങ്ങളില്‍ മാറ്റം സംഭവിക്കുന്നു എന്നതാണ്!. രണ്ടാമത്തേതിന്റെ രഹസ്യമാകട്ടെ തിരിച്ചും!. രണ്ടും രണ്ട് തരം 'കാണികത'യാണു റിക്വയര്‍ ചെയ്യുന്നത്!.
ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരുടെ ക്ലബ്ബ് കരാറിനെ കളിയാരാധകര്‍ കാണുന്നത് സ്വന്തം മാതാപിതാക്കളുടെ വിവാഹബന്ധത്തിനു തുല്യമായാണ്! ആജീവനാന്തം!. അവരുടെ കാലുകളെ എന്നെന്നേക്കുമായി ക്ലബ്ബിന്റെയോ നാടിന്റെയോ കൊടിപ്പടത്തിലേക്ക് കൂട്ടിക്കെട്ടുകയാണ് ചെയ്യുക! പിരിഞ്ഞാല്‍പ്പിന്നെ കണ്ണീരും വക്കാണവുമാണവിടെ. ലോകത്തൊട്ടാകെ ഈ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. പറഞ്ഞല്ലൊ, അതിനു 'മാറ്റം' നന്നല്ല. മറഡോണ നാപ്പോളി വിടുമ്പോഴും ഐ എം വിജയന്‍ കൊല്‍ക്കത്തയിലേക്ക് പോവുമ്പോഴുമൊക്കെ ഇതുണ്ടാവും. അപ്പോള്‍ പിന്നെ മെസ്സി ബാര്‍സ വിട്ടാലത്തെ കഥ പറയണോ..?. പതുക്കെയാണു എല്ലാം കെട്ടടങ്ങുക!
ചുരുക്കിപ്പറഞ്ഞാല്‍ വൈകാരികതയുടെ വല്യെര്ന്നാളും വെള്ള്യായ്ചയുമാണ് ഫുട്‌ബോള്‍..! പന്തുകളി തലക്ക് പിടിച്ച ഏതൊരാളിന്റെയും വ്യക്തിജീവിതത്തെ നിങ്ങളൊന്ന് ടൈറ്റ് ക്ലോസില്‍ എടുത്ത് നോക്കൂ! പുറമേ നിന്ന് ഭയങ്കരരെന്ന് തോന്നിക്കുന്ന അവരെ വളരെ അടുത്ത് ചെന്ന് നോക്കൂ! ചെറിയൊരു വൈകാരിത (നമ്മുടെ ഇമോ ജി?) പോകുന്ന പോക്കില്‍ കവിളില്‍ ചെറുതായൊന്ന് നുള്ളിയതിന്റെ പേരില്‍ മുഖം വീര്‍ത്ത് കല്ലിച്ച് കിടപ്പിലായിരിക്കും അവര്‍..!. മെസ്സി ബാര്‍സലോണയോട് വിട പറഞ്ഞതും തകര്‍ന്ന് തരിപ്പണമായാരെ ശ്രദ്ധിച്ചില്ലേ!. മെസ്സിയും ബാര്‍സയും തമ്മിലുള്ള ബന്ധം വിശദീകരണങ്ങള്‍ക്ക് അപ്പുറത്തുള്ള എന്തോ ഒന്ന് ആണവര്‍ക്ക്! മെസ്സിയില്ലാത്ത ബാര്‍സ അവരെ സംബന്ധിച്ച് ഒന്നുമല്ല..! അതാണ് കളിയാരാധന ! അതിനൊരു വിശദീകരണമില്ല.
പുറമേ നിന്ന് നോക്കുന്നവരില്‍ ഇതൊന്നും അത്ര മതിപ്പുളവാക്കിക്കൊള്ളണമെന്നില്ല. കുറച്ച് ഏറെയല്ലേ എന്നും തോന്നിയേക്കാം. പക്ഷേ, ആ കണ്ണുനീരാണ്; ആ വൈകാരികതയാണ് ഫുട്‌ബോളിന്റെ ശക്തി! അത് തന്നെയാണതിന്റെ മൂലധനവും!. അത് വെച്ചിട്ടാണ് മനുഷ്യര്‍ ലോകത്തെ ഏറ്റവും വലിയ 'ആര്‍ട്ട് ഗാലറി' പടുത്തുയര്‍ത്തിയത്!. അതില്ലായിരുന്നുവെങ്കില്‍ 'ഫുട്‌ബോള്‍ എന്ന കല' എന്നേ കട്ടയും പടവും മടക്കിയേനെ!.
വാമോസ് ഫുട്‌ബോള്‍ ?? വാമോസ് വൈകാരികത ?