മാവോവാദി കേസുകളില്‍ ജാമ്യത്തിലാണെങ്കിലും ഷൈനയ്ക്ക് ഉമ്മയെ കാണാനാകുന്നില്ല; മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് മകളുടെ കുറിപ്പ്
2015 മെയ് 4 നു വിചാരണയില്ലാതെ മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 2018 ആഗസ്‌ററ് 14 നാണു ഷൈനക്ക് ജാമ്യം ലഭിക്കുന്നത്.
കൊച്ചി: മാവോവാദി കേസുകളില്‍ ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉമ്മയുടെ അടുത്ത് നില്‍ക്കാനുള്ള ഷൈനയുടെ അപേക്ഷ കോടതി തള്ളിയ അവസരത്തിലാണ് മകളുടെ കുറിപ്പ്. ഷൈനയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കാണിച്ചുകൊണ്ടാണ് മകള്‍ ആമി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....
ഇന്നലെ മുതല്‍ ഉമ്മ (ഷൈനയുടെ ഉമ്മ) icuവില്‍ ആണ്. അവസ്ഥ മോശമാണ്.കഴിഞ്ഞ നവംബറില്‍ ആന്‍ജിയോഗ്രാം നടത്തിയപ്പോഴാണ് മുന്‍പ് ബൈപ്പാസ് സര്‍ജറി നടത്തിവച്ചിരുന്ന മൂന്നു ഗ്രാഫ്റ്റുകളില്‍ രണ്ടെണ്ണവും അടഞ്ഞു പോയിരിക്കുകയാണെന്നും വീണ്ടും ഒരു ബൈപാസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്‌റ്റെന്റ് ഇടണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതു പ്രകാരം ആന്‍ജിയോപ്ലാസ്റ്റി നടത്തിയപ്പോള്‍ രക്തക്കുഴലുകള്‍ തീരെ ചുരുങ്ങി സ്‌റ്റെന്റ് ഇടാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു കണ്ടെത്തുകയും അതിനാല്‍ ബലൂണ്‍ ഉപയോഗിച്ച് വികസിപ്പിക്കുകയും തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയും വേണമെന്ന് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം ഉമ്മാക്ക് ശ്വാസംമുട്ട് വല്ലാതെ കൂടുകയും സീരിയസായി ഹോസ്പിറ്റലില്‍ icu വില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഉമ്മയുടെ അവസ്ഥ മോശമാണ്. ഹൃദയം കൃത്യമായി ഫങ്ക്ഷന് ചെയ്യുന്നില്ല. ഇന്ന് ഷൈന വിളിച്ചിരുന്നു. ഉമ്മയുടെ കൂടെ ഉമ്മാനെ നോക്കാനായി ആശുപത്രിയില്‍ നില്‍ക്കാനുള്ള അപേക്ഷ കോടതി തള്ളിയെന്നും ഇന്ന് മാത്രം ഇളവു നല്‍കിയെന്നും പറഞ്ഞു. നാളെ മുതല്‍ ഒപ്പിടണം എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. കഴിഞ്ഞ അഞ്ചര മാസമായി ഷൈന കോയമ്പത്തൂര്‍ പീളമേട് ക്യൂബ്രാഞ്ച് ഓഫിസില്‍ ഒപ്പിട്ടു വരികയാണ്. ഇന്നലെ ഉമ്മാക്ക് സുഖമില്ല എന്നറിഞ്ഞു ഹോസ്പിറ്റലിലേക്ക് പോയപ്പോള്‍ ഇന്ന് ഒപ്പിടാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ ഇതുവരെ ഷൈന കൃത്യമായി ദിവസവും കോടതി ആവിശ്യപ്പെട്ട സമയങ്ങളില്‍ സ്‌റ്റേഷനില്‍ ഒപ്പിടുകയാണ്. ഉമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി ഉമ്മയോടൊപ്പം നില്‍ക്കണം എന്നാവശ്യപ്പെട്ട് പല തവണ കോടതികളെ സമീപിച്ചതാണ്. തിരുപ്പൂര്‍ കോടതി ഒഴിച്ച് മറ്റെല്ലാ കോടതികളും റിലാക്ഷന്‍ നല്കിയതുമാണ്. വിചിത്രമായ ചില ന്യായങ്ങള്‍ പറഞ്ഞു ദിവസമുള്ള ഈ ഒപ്പിടല്‍ ആഴ്ചയില്‍ ഒരിക്കലാക്കണമെന്ന ആവിശ്യം തള്ളുകയാണ് ചെയ്തത്.
2015 മെയ് 4 നു വിചാരണയില്ലാതെ മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 2018 ആഗസ്‌ററ് 14 നാണു ഷൈനക്ക് ജാമ്യം ലഭിക്കുന്നത്. എഴുപത്തേഴു വയസ്സുള്ള ഹൃദ്രോഗിയായ ഷൈനയുടെ ഉമ്മയുടേയും ഷൈനയുടെ അറസ്റ്റിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നതിനാല്‍ പഠനം താറുമാറായ എന്റെ അനുജത്തിയുടേയും കാര്യങ്ങള്‍ നോക്കാനായിട്ടാണ് കോടതികള്‍ മുഖ്യമായും ഷൈനക്ക് ജാമ്യമനുവദിച്ചത്. എന്നാല്‍ ദിവസം നാലു തവണയുള്ള ഒപ്പിടേണ്ടതിനാല്‍ കോയമ്പത്തൂര്‍ വിടാന്‍ പോലും കഴിഞ്ഞില്ല. ജാമ്യം ലഭിച്ചു അടുത്ത ദിവസം മുതല്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കോയമ്പത്തൂര്‍ പീളമേട് ക്യൂബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഷൈന ഒപ്പിടാനാരംഭിച്ചിരുന്നു. മുഖ്യ കേസില്‍ (കറുമത്താംപട്ടിയില്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ചുമത്തിയ കേസ്) രാവിലെ 10.30നും വൈകുന്നേരം 530നുമാണ് ഒപ്പിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതെങ്കിലും മറ്റൊരു കേസില്‍ ഇതേയിടത്ത് രാവിലെ 10നും വൈകീട്ട് 5നും ഒപ്പിടണമെന്നതുകൊണ്ട് അതും ഇതോടൊപ്പം ചെയ്യാന്‍ ഷൈനയോട് അഡ്വക്കേറ്റ് നിര്‍ദ്ദേശിച്ചു. അങ്ങനെ ദിവസവും നാലു നേരം ഏതാണ്ട് അഞ്ച് ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഴുവന്‍ സമയ ജോലിയായി ഈ ഒപ്പിടല്‍ മാറി (അര മണിക്കൂര്‍ ഇടവിട്ട് ഒപ്പിടേണ്ടതുള്ളതിനാല്‍ അതില്‍ ഒരു മണിക്കൂര്‍ നേരം പോലീസ് സ്‌റ്റേഷനു മുന്നിലുള്ള കാത്തു നില്‍പ്പായിരുന്നു).
മറ്റു ആറു കേസുകളില്‍ കൂടി ഇതേ സമയങ്ങളില്‍ മറ്റു പലയിടത്തായി ഒപ്പിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ സഞ്ചരിച്ചെത്തേണ്ട അവിടങ്ങളില്‍ ഇതേ സമയത്ത് ഒപ്പിടുന്നത് മനുഷ്യസാധ്യമായ കാര്യമല്ലാത്തതിനാല്‍ അവിടെ ഇക്കാര്യം വിശദീകരിച്ച് കോടതികളില്‍ മെമ്മോ കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുപ്പൂര്‍ കോടതിയില്‍ ആ മെമ്മോ കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റെല്ലാ കോടതികളും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കിയപ്പോഴും മെമോ ഫയല്‍ ചെയ്തില്ല എന്ന പ്രശ്‌നം ഉന്നയിച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കാനാകില്ല എന്നും ജാമ്യം റദ്ദ് ചെയ്യേണ്ടെങ്കില്‍ തുടര്‍ന്നും ദിവസവും രാവിലെ ഝ ബ്രാഞ്ച് ഓഫിസില്‍ ഒപ്പിടണം എന്നും ഉത്തരവിട്ടു. ഷൈന ആ ഉത്തരവ് കൃത്യമായി പാലിക്കുകയും ചെയ്തു വരുകയാണ്. ഉമ്മയുടെ സര്‍ജറിയുടെ സമയത്തും അതിനു ശേഷവും ഷൈന ജാമ്യവ്യവസ്ഥകള്‍ക്ക് ഇളവനുവദിക്കണമെന്ന് ആവശ്യപ്പട്ട് ഉമ്മയുടെ എല്ലാ മെഡിക്കല്‍ രേഖകളോടേയും കോടതിയെ സമീപിച്ചെങ്കിലും തികച്ചും മാനുഷികമായ ഈ ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്.
ഉമ്മയുടെ ഓപറേഷന്‍ പൂര്‍ണ്ണമായി വിജയകരമല്ലാത്തതിനാലും പ്രായക്കൂടുതലും കടുത്ത പ്രമേഹവും മൂലം ആരോഗ്യനില മോശമായതിനാലും ഉമ്മയെകൊണ്ട് ജോലികള്‍ ഒന്നും ചെയ്യിക്കരുതെന്നും തനിയെ കുളിക്കുകയോ എന്തിന് മഗ്ഗില്‍ വെള്ളമെടുത്ത് ഉയര്‍ത്തുകയോ പോലും ചെയ്യരുതെന്നാണ് ഡോക്ടര്‍ ഉപദേശിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ന് അപേക്ഷ നല്‍കിയത്.കോടതി ഷൈനയുടെ ന്യായമായ ആവശ്യങ്ങള്‍ നിരസിക്കുക മാത്രമല്ല അവരുടെ മൗലികമായ അവകാശങ്ങളെ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. ഇന്ന് ഉമ്മ ആശുപത്രിയില്‍ അപകട നിലയിലാണ്. നല്ല കാലം മുഴുവന്‍ ഷൈനക്കും അവരുടെ മക്കള്‍ക്കും വേണ്ടി മാറ്റി വെച്ചയാളാണ് ഉമ്മ. പോലീസിന്റെ എല്ലാ തരത്തിലുള്ള വേട്ടയാടലിനേയും ധീരമായി അതിജീവിച്ച ഉമ്മയെ ഇന്നും, ഈ അവസ്ഥയിലും ഭരണകൂടം ഒരു ദയയുമില്ലാതെ വേട്ടയാടുകയാണ്...
Full View