മുരളി കണ്ണമ്പിള്ളിയുടെ മോചനത്തിനായി ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

Update: 2019-02-14 11:14 GMT

എറണാകുളം: കാലങ്ങളായി വിചാരണയില്ലാതെ പൂനയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനുമായ മുരളി കണ്ണമ്പിള്ളിയുടെ മോചനത്തിനു കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ശബ്ദമുയര്‍ത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മുരളിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ജസ്റ്റിസ് ഫോര്‍ മുരളി കൂട്ടായ്മ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

കണ്‍വന്‍ഷനും പൊതുയോഗവും പ്രമുഖ ഇടതുപക്ഷ നേതാവായ എംഎം ലോറന്‍സ് ഉല്‍ഘാടനം ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിചാരണയില്ലാതെ തടവിലിടുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാവുന്നതല്ലെന്നു ലോറന്‍സ് പറഞ്ഞു. മുരളിക്ക് നീതിയുക്തമായ വിചാരണയും ജാമ്യവും ലഭ്യമാക്കുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുമുണ്ടാവണമെന്നും അദേഹം പറഞ്ഞു.

നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (UAPA ) ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹണമാണ് മുരളിയുടെ തടവ് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഫോര്‍ മുരളി കൂട്ടായ്മയുടെ അധ്യക്ഷന്‍ ജസ്റ്റിസ് പി കെ ഷംസുദീന്‍ പറഞ്ഞു. കുറ്റം തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനില്‍ നിന്നും തടവുകാരന്റെ ഉത്തരവാദിത്തമായി പരിവര്‍ത്തനപ്പെടുത്തുന്ന സ്ഥിതിയാണ് ഈ നിയമം മൂലം സംജാതമായിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

മുരളിയുടെ സ്ഥിതി അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അവസ്ഥയുമായി താരതമ്യം ചെയ്ത ഡോ.സെബാസ്‌ററ്യന്‍ പോള്‍, UAPA നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ വിശദമായ വിവരണം നല്‍കി. നിയമ സംവിധാനത്തിന്റെ ഇത്തരത്തിലുള്ള ദുരുപയോഗത്തിനെതിരേ ജനാതിപത്യ ശക്തികള്‍ യോജിക്കണമെന്ന് അദ്ദേഹം പറഞ്ഞു .

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലുടെ ചിന്തക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തു നിലനില്‍ക്കുന്നത് എന്ന് അഡ്വ. മധുസൂദനന്‍ പറഞ്ഞു. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അനിവാര്യമായ സമയമാണിതെന്നു എഴുത്തു കാരന്നും ചിന്തകനുമായ കെകെ കൊച്ച് പറഞ്ഞു. 


സിപിഐഎംഎല്‍ റെഡ് ഫഌഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ പോളിറ്റ്ബ്യൂറോ അംഗം പിജെജെയിംസ്, എന്‍ സുബ്രഹ്മണ്യന്‍, പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോലാല്‍, പിജെ മാനുവല്‍, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, കെകെ മണി, അഡ്വ. നന്ദിനി, അഡ്വ. ഭദ്രകുമാരി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി സംസാരിച്ചു. കെപി സേതുനാഥ് സ്വാഗതവും വിസി ജെന്നി നന്ദിയും പറഞ്ഞു. 

Tags:    

Similar News