കോഴിക്കോട്: കേരളം വയസ്സായവരുടെ പ്രദേശം മാത്രമായി മാറുമോ? കഴിവുള്ള ചെറുപ്പക്കാര്‍ നാടുവിടുകയും പോയവര്‍ പണമയക്കാതെ ബന്ധുക്കളെ അങ്ങോട്ടു കൊണ്ടു്‌പോവുകയും ചെയ്യുമ്പോള്‍ കേരളത്തിലേക്കുള്ള പണമൊഴുക്ക് നിലക്കും. ഇത് കേരളത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമോ? ഇത്തരം ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ ജെ എസ് അടൂര്‍ ഉയര്‍ത്തുന്നത്.
അദ്ദേഹത്തിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം.
ജെ എസ് അടൂര്‍
വയസാകുമ്പോള്‍ ഉള്ള ഒരു പ്രതിഭാസമാണ് തലയിലും താടിയിലും എല്ലാം സില്‍വര്‍ ലൈനുകള്‍. കേരളം വയസ്സായികൊണ്ടിരിക്കുന്നവരുടെ സംസ്ഥാനമായികൊണ്ടിരിക്കുകയാണ്. അതിന് അനുസരിച്ചു സില്‍വര്‍ ലൈന്‍ കൂടും 2041 ആകുമ്പോഴേക്കും കേരളത്തില്‍ നരച്ചു സില്‍വര്‍ ലൈന്‍ ആയവരായിരിക്കും ഏതാണ്ട് മൂന്നിലൊന്ന്.
കേരളത്തിലെ കഴിഞ്ഞ ഇരുപത് കൊല്ലത്തെ ജനസംഖ്യ നോക്കിയാല്‍ പ്രായമുള്ളവരുടെ ശതമാനം കൂടി കൊണ്ടിരിക്കുന്നു. 2011ല്‍ 40 വയസ്സിന് മുകളില്‍ ഉള്ളവരുടെ ജനസംഖ്യയുടെ 35%. അതു 2021ല്‍ അതിലും കൂടും. വിവിധ കണക്കുകള്‍ അനുസരിച്ചു 60 വയസ്സില്‍ കൂടുതല്‍ ഉള്ളവരുടെ അനുപാതം കൂടി കൊണ്ടിരിക്കുന്നു. അതില്‍ തന്നെ സ്ത്രീകളുടെ എണ്ണം.
കേരളത്തില്‍ ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്തു. ഏതാണ്ട് പത്തു കൊല്ലം മുമ്പ് തന്നെ പുരുഷന്‍മാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 71.8 വയസ്സും സ്ത്രീകളുടെത് 77.8 വയസുമാണ്. ആരോഗ്യ ചികില്‍സാരംഗം വളരുന്നത് അനുസരിച്ചു ശരാശരി ആയുര്‍ ദൈര്‍ഘ്യം കൂടും.
പത്തു കൊല്ലം മുമ്പുള്ള കണക്ക് അനുസരിച്ചു അറുപതു വയസ്സിന് മുകളില്‍വരുടെ സംഖ്യ 13% ആയിരുന്നു. 42 ലക്ഷം ആളുകള്‍ അതു 2025 ആകുമ്പോള്‍ അറുപത് വയസ്സിന് മുകളില്‍ ഉള്ളവരുടെ ജനസംഖ്യ 20% ത്തില്‍ കൂട്ടുമെന്നാണ് കേരള ഇക്കോണോമിക് സര്‍വ പറയുന്നത്.
കേരളത്തില്‍ പത്തനംതിട്ട ഉള്‍പ്പെടെ പല ജില്ലകളിലും ജനസംഖ്യ കുറയുന്നു. പ്രായമായവര്‍ ഇപ്പോള്‍ തന്നെ 25%ത്തില്‍ കൂടുതല്‍. കേരളത്തില്‍ നല്ല ശമ്പളം കിട്ടുന്ന ജോലി അവസരങ്ങള്‍ കുറഞ്ഞു വരുന്നത് കൊണ്ടു യുവാക്കള്‍ പഠനത്തിനും തൊഴിലിനുമായി നിരന്തരം നാടും രാജ്യവും വിട്ട് കൊണ്ടിരിക്കുന്നു. ഇതുകാരണം പല ജില്ലകളിലും ജനസംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്നു.
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ തൊഴില്‍അവസരങ്ങള്‍ തേടി പോകുന്നവരില്‍ ഒരു വലിയ ഭൂരിപക്ഷം അവിടെ തന്നെ സെറ്റിലാകുന്നു. അതു കൊണ്ടുതന്നെ വിദേശത്തു സ്ഥിരമായി കുടിയേറുന്നവരുടെ നിരക്ക്കൂടുന്നു. ഈ പോക്ക് പോകുവാണങ്കില്‍ വലിയ ഒരു ശതമാനം വിദേശ വാസികളോ വിദേശത്ത് സ്ഥിരമായി താമസിക്കുന്നവരായിരിക്കും. ഇപ്പോള്‍ മധ്യ കേരളത്തിലെ ചില ജില്ലകളില്‍ കാണുന്നത് പോലെ പ്രായമാവരുടെ എണ്ണം വര്‍ധിപ്പിക്കും. അതില്‍ തന്നെ പ്രയാധിക്യം ഉള്ള അമ്മമാരുടെ എണ്ണം കൂടും.
കേരളത്തില്‍ നിന്നുള്ള ക്യുമിലേറ്റിവ് മൈഗ്രേഷനും കേരളത്തിലെക്ക് ബംഗാളില്‍ നിന്നും (ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയും അതുപോലെ ദാരിദ്ര്യവുമുള്ള സംസ്ഥാനം ) ബീഹാറില്‍ നിന്നും ജോലിക്കായി വന്നു ഇവിടെ കൂട്ടുന്നവരുടെ ജനസംഖ്യ വളരുകയും ചെയ്യും.
അടുത്ത ഇരുപത്തി അഞ്ചു കൊല്ലത്തില്‍ കേരളത്തിലെ ഡെമോഗ്രാഫിക് മാറ്റങ്ങള്‍ ഇവിടുത്തെ സമുദായ, രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥയെ പാടെ മാറ്റും. കേരളത്തില്‍ പ്രായമുള്ളവരുടെ ജനസംഖ്യ കൂടും. കേരളത്തില്‍ തൊഴില്‍ എടുക്കാന്‍ വന്നു സെറ്റില്‍ ആകുന്നവരുടെ ജനസംഖ്യ കൂടും. ചില സമുദായങ്ങളുടെ ജനസംഖ്യനുപാതം കുറയും, ചിലത് കൂടും.
വലിയ വിദ്യാഭ്യാസവും പ്രൊഫെഷണല്‍ കൊമ്പിറ്റന്‍സിയുമുള്ള ചെറുപ്പക്കാര്‍ കേരളം വിടുന്നത്തോടെ കേരളത്തില്‍ നിന്നുള്ള ബ്രെയിന്‍ ഡ്രൈന്‍ കൂടും. 1980കള്‍ തൊട്ടുള്ള ഗള്‍ഫ് മൈഗ്രെഷനാണ് കേരളത്തിലെ റെമിട്ടന്‍സ് ഇക്കോണമിയുടെ പ്രധാന എഞ്ചിന്‍.
എന്നാല്‍ ഇനിയും ഗള്‍ഫില്‍ ജോലി സാധ്യത കുറയും. ഗള്‍ഫ് മൈഗ്രെഷനും. അമേരിക്ക, കാനഡ, യൂറോപ്പ്, യു കെ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറിവരും അവരുടെ സേവിങും അവിടെ തന്നെയാകുന്നത് കൊണ്ടു കേരളത്തിലെക്ക് പൈസ അയക്കുന്നത് കുറയും
ഒരു കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെമിറ്റന്‌സ് ഉള്ള ജില്ലയായിരുന്നു പത്തനംതിട്ട. കുമ്പനാട് ആയിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകളുടെ ശാഖാകള്‍. ഇപ്പോള്‍ പത്തനംതിട്ട ജില്ലയാണ് കേരളത്തില്‍ ഏറ്റവും കുറവ് റെമിറ്റന്‍സ് ഉള്ള ജില്ലകളില്‍ ഒന്ന്.
കാരണം ഈ ജില്ലകളില്‍ നിന്ന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശത്തേക്ക് പോയവരില്‍ വലിയ ഭൂരിപക്ഷം യൂറോപ്പ്, അമേരിക്ക, കാനഡ, യു കെ, മുതലായ രാജ്യങ്ങളില്‍ കുടിയേറി. അതോടെ കേരളത്തിലേക്ക് പൈസ അയക്കുന്നത് കുറഞ്ഞു
ഈ ജില്ലയില്‍ ഇപ്പോള്‍ തന്നെ മക്കള്‍ വിദേശത്ത് ഉള്ള പ്രായമായവരുടെ പ്രത്യേകിച്ച് ഒറ്റക്ക് താമസിക്കുന്ന അമ്മമാരുടെ എണ്ണം കൂടുകയാണ്.
കേരളത്തില്‍ ഇപ്പോഴുളള ഇക്കോണമി ഡെറിവേറ്റിവ് ഇക്കോണമിയാണ്. ഫോറിന്‍ റെമിട്ടന്‍സ് വളരുന്നത് അനുസരിച്ചു വളര്‍ന്ന സര്‍വിസ് ഇക്കോണമി. കേരളത്തില്‍ ഏറ്റവും പണമുള്ളവര്‍ ഒന്നുകില്‍ വിദേശത്ത് വ്യപാരചെയ്യുന്നവര്‍ (മാളുകള്‍ )അല്ലെങ്കില്‍ ലേബര്‍ കൊണ്ട്രാക്‌റ്റേഴ്‌സ്, ബാങ്കിംഗ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം ഒക്കെയാണ്.
ഇതിന്റ എല്ലാം ഗ്രോത് എന്‍ജിന്‍ കഴിഞ്ഞ മുപ്പതു കൊല്ലമായി പ്രധാനമായും ഗള്‍ഫില്‍ നിന്ന് വന്ന പൈസയാണ്. അല്ലാതെ കേരളത്തില്‍ തനതായ വ്യവസായം കൊണ്ടോ തനതായ ടെക്‌നൊലെജി സെക്റ്റര്‍ കൊണ്ടോ ഫിനാന്‍സ് സെക്റ്റര്‍ കൊണ്ടോ അല്ല. കേരളത്തില്‍ വളര്‍ന്ന വ്യവസായ സംരംഭങ്ങള്‍ ഒരു കൈ വിരലില്‍ എണ്ണാവുന്നതേ ഉളളൂ. ഇന്ത്യയിലെ മൊത്തം ഐ ടി സെക്റ്ററില്‍ കേരളത്തില്‍ ഒരു ചെറിയ ശതമാനം മാത്രം.
കേരളത്തില്‍ സര്‍വിസ് സെക്റ്റര്‍ ഏതാണ്ട് 66%. അതും ഡെറിവേറ്റിവ്. കേരളത്തില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യണം. കേരളത്തില്‍ ഇപ്പോള്‍ തന്നെ സാധനങ്ങളുടെ വിലയും കൂലിയും കൂടുതല്‍.
ഡിഗ്രിയും പ്രൊഫെഷനല്‍ കോഴ്‌സ് കഴിഞ്ഞവരില്‍ തൊഴില്‍ ഇല്ലായ്മ കൂടുതല്‍. അവര്‍ നാട് വിട്ടു കൊണ്ടേയിരിക്കും. എന്നാല്‍ മാന്വല്‍ ജോലികള്‍ക്കും ബ്ലൂ കോളര്‍ ജോബിനും ആളില്ലത്തത് കൊണ്ടു ബംഗാളില്‍ നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്താലേ കൃഷിയും കെട്ടിടം പണിയും വ്യാപാര വ്യവസായവും നടക്കൂ. അഭ്യസ്തവിദ്യരായ മലയാളികള്‍ സ്ഥലം വിട്ടു കൊണ്ടേ ഇരുന്നാല്‍ ഇവിടുത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വ്യവസ്ഥയെ അതു ബാധിക്കും.
കേരളത്തിലെക്കുള്ള വിദേശപണത്തിന്റെ ഒഴുക്ക് കുറഞ്ഞാല്‍ കേരളത്തിന്റ സാമ്പത്തിക വളര്‍ച്ച ഇപ്പോഴുള്ള നിലവാരത്തില്‍ ആയിരിക്കില്ല.
കേരളത്തില്‍ നല്ല സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ നിന്ന് പോലും യുവാക്കള്‍ രാജ്യം വിടുന്നതിന്റെ ഒരു കാരണം ഇന്ത്യയിലും കേരളത്തിലും വളര്‍ന്നു വരുന്ന വര്‍ഗീയ മനസ്ഥിതികളും രാഷ്ട്രീയവുമാണ്. അതിന് അനുപൂരകമായി വരുന്ന അക്രമ രാഷ്ട്രീയവും അരക്ഷിതബോധവും. എന്റെ കുടുംബത്തില്‍ നിന്ന് തന്നെ നിരവധി അഭ്യസ്ഥവിദ്യരായവര്‍ പല രാജ്യങ്ങളിലും കുടിയേറുന്നതിന്റെ ഒരു കാരണം പറഞ്ഞത് അതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ കുറയുന്ന സമുദായം ക്രിസ്ത്യാനികള്‍ ആയതിന്റെ ഒരു കാരണം നിരന്തരമായി മറ്റു രാജ്യങ്ങളിലെക്ക് മൈഗ്രെറ്റ് ചെയ്യുന്നത് കൊണ്ടു കൂടിയാണ്.
പല കാരണങ്ങള്‍ കൊണ്ടു എങ്ങനെ എങ്കിലും കേരളവും ഇന്ത്യയും വിടണം എന്ന മനസ്ഥിതി ഉള്ള യുവാക്കളുടെ എണ്ണം കൂടുന്നു.
കേരളത്തില്‍ പൊതുകടവും സ്വകാര്യകടങ്ങളും വര്‍ധിച്ചു വരുന്നു. സര്‍ക്കാര്‍ വരുമാനവും ആളുകളുടെ വരുമാനവും കുറയുന്നു. അതേസമയം സാമ്പത്തിക അസമത്വങ്ങള്‍ കൂടുന്നു.
അടുത്ത ഇരുപത് കൊല്ലങ്ങളില്‍ കൂടുതല്‍ പ്രായമുള്ളവരുടെ സമൂഹമായി കേരളം മാറുമ്പോള്‍, കേരളത്തില്‍ നിന്ന് കഴിവും പ്രാപ്!തിയുമുള്ള യുവാക്കള്‍ നാടുവിടുമ്പോള്‍ കേരള രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വെല്ലുവിളികള്‍ നേരിടും.
കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 5.2 ലക്ഷം മാത്രം. ഇനിയും കുറഞ്ഞത് മുപ്പതു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയില്ലങ്കില്‍ സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണ അധികാര ഗുണഭോക്ത ആശ്രിതരും മാത്രമാകും കേരളത്തില്‍.
പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം കൂടുതല്‍ ബാറുകള്‍ കേരളത്തിന്റെ എല്ലാം കോണുകളില്‍ തുടങ്ങി മദ്യപാനവും അതോടൊപ്പം മയക്കുമരുന്ന് വ്യാപരുമൊക്ക വളര്‍ന്നാല്‍ കേരളം അടിച്ചു ഫിറ്റാകും.
പിന്നെ ലക്ഷം കോടികള്‍ കടമെടുത്ത് സില്‍വര്‍ലൈനും കൂടി ആയാല്‍ പിന്നെ ദിവസവും എണ്‍പതിനായിരം പേര്‍ തിരുവനന്തപുരം കാസര്‍കോഡ് പോയി വന്നാല്‍ കേരളത്തിലെ സാമ്പത്തിക അവസ്ഥ വളര്‍ന്നു വളര്‍ന്നു വരും എന്ന സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന ഭരണാധികാര ഗുണഭോക്താക്കള്‍ക്ക് നോട്ടം അവര്‍ക്കുള്ള തല്ക്കാല ലാഭക്കച്ചവടത്തിലാണ്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു നാട് മുടിഞ്ഞാല്‍ ഇപ്പോഴുള്ള അധികാരികള്‍ ഒന്നും ഇവിടെ കാണില്ല.
എന്ത് തന്നെയാലും അപ്പോഴേക്കും കേരളത്തില്‍ ഉള്ളവരുടെ തലയില്‍ കൂടി സില്‍വര്‍ ലൈന്‍സ് ഓടും.