ദുര്‍ഘട പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറായവരില്‍നിന്ന് പ്രത്യേക നിയമനം നടത്തണം

Update: 2022-04-12 13:18 GMT

കോഴിക്കോട്: എടമലക്കുടി കേരളത്തിലെ വിദൂരമായ ഒരു ഗ്രാമമാണ്. ഇവിടെ പിഎസ് സി വഴി ജോലികിട്ടിയാലും ഒരു ഡോക്ടര്‍പോലും ജോലിക്കുവരുന്നില്ലത്രെ. ഇത് ഇത്തരം മേഖലയില്‍ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അതേകുറിച്ചാണ് ഈ വി രാഗേഷിന്റെ പോസ്റ്റ് 

വി രാഗേഷ്

എടമലക്കുടിയില്‍ നിയമനം കിട്ടുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്നാണ് വാര്‍ത്ത. ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് പി എസ് സി വഴി നിയമനം ലഭിച്ച ഡോക്ടര്‍മാര്‍ ആ ജോലി വേണ്ടെന്ന് വെച്ചു .

പി എസ് സി ലിസ്റ്റില്‍ ദുര്‍ഘട പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ധാരാളം പേരുണ്ടാകും. പക്ഷെ നമ്മുടെ നിയമന രീതി മൂലം അവര്‍ക്കൊന്നും കിട്ടുകയുമില്ല.

ഒരു പരീക്ഷ വഴിയാണല്ലോ പി എസ് സി ലിസ്റ്റ് ഉണ്ടാക്കുന്നത് . ഒരു ഒബ്ജക്ടീവ് ടൈപ് പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്. അതിന്റെ കുഴപ്പമെന്താണെന്ന് വെച്ചാല്‍ സര്‍ക്കാര്‍ സര്‍വീസിലൊന്നും താല്പര്യമില്ലാത്ത ധാരാളം പേര് ലിസ്റ്റില്‍ വരും. പ്രത്യേകിച്ചും പി ജി പ്രവേശനപരീക്ഷക്കൊക്കെ കഠിനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ . അവര്‍ ലിസ്റ്റില്‍ മുകളില്‍ വരുകയും അതെ സമയം എം ഡി പ്രവേശന പരീക്ഷകളിലും ലിസ്റ്റില്‍ വരുകയും ചെയ്യും. സ്വാഭാവികമായും പോസ്റ്റിങ്ങ് ലഭിക്കുന്ന അവരൊന്നും ജോലിയില്‍ പ്രവേശിക്കാതിരിക്കുകയും ചെയ്യുന്നു. ജോലിയില്‍ ചേര്‍ന്നിട്ട് അത് വിട്ടു പോയി വിദേശങ്ങളിലൊക്കെ ജോലി ചെയ്യുന്ന ദ്രോഹികള്‍ വേറെയുമുണ്ട്. സര്‍ക്കാര്‍ ജോലിക്ക് താല്പര്യമുള്ള പലര്‍ക്കും അത് കിട്ടാതിരിക്കുകയും ചെയ്യും.

അതിനാല്‍ ദുര്‍ഘട പ്രദേശങ്ങളിലും കാടുകളിലും ഒക്കെ പ്രത്യേക നിയമനം നടത്തുകയാണ് നല്ലത്. അങ്ങനെയെങ്കില്‍ അവിടെയൊക്കെ ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ജോലി കിട്ടുന്ന ഒരു സ്ഥിതി വരും..

Full View

Similar News