ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെ 'തുപ്പല്‍': അവധി ലഭിക്കാന്‍ നടത്തിയ വ്യാജപ്രചാരണം?
പൂന്തുറക്കാര്‍ കൃത്യതയുള്ള കണ്ണാടിയാവാം, പ്രതിബിംബം നന്നാക്കാന്‍ നിങ്ങള്‍ ശ്രമിക്കൂ. മോശമായാല്‍ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ- സിംസണ്‍ ആന്റണി
സിംസണ്‍ ആന്റണി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂന്തുറയില്‍ ചികില്‍സിക്കാന്‍ ചെന്ന ആരോഗ്യപ്രവര്‍ത്തകയെ പ്രദേശവാസികള്‍ തുപ്പിയെന്ന പരാതി കേരളത്തില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. തുപ്പിയത് സര്‍ക്കാര്‍ ശരിവയ്ക്കുക മാത്രമല്ല, അതേ കുറിച്ച് ആരോഗ്യമന്ത്രി എഫ്ബിയില്‍ പോസ്റ്റ് ഇടുകയും ചെയ്തു. കേരളത്തിലെ ജനങ്ങളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് ഇത്തരത്തില്‍ പെരുമാറുന്ന് നന്ദികേടാണെന്ന് സോഷ്യല്‍മീഡിയയില്‍ പലരും എഴുതി.
എന്നാല്‍ തുപ്പിയെന്നത് വെറും പ്രചാരണം മാത്രമായിരുന്നെന്നും ഇഷ്ടമില്ലാത്ത ഒരിടത്തുനിന്ന് അവധിയില്‍ പോകുന്നതിന് കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിന്റെ വിശദാംശങ്ങളിലൂടെ കടന്നുപോകുകയാണ് സിംസണ്‍ ആന്റണി. അദ്ദേഹം എഫ്ബിയില്‍ എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു.
ഇന്നലെ ഒരു അരോഗ്യപ്രവര്‍ത്തകക്കു ഉണ്ടായി എന്നു അവകാശപ്പെട്ട ദുരനുഭവത്തെക്കുറിച്ച്.
തന്റെ നേര്‍ക്ക് കാറിന്റെ വിന്‍ഡോ തുറന്നു ആള്‍ക്കാര്‍ തുപ്പി എന്നും, കൊറോണ വരട്ടെ എന്നു ആക്രോശിച്ചു എന്നും പറഞ്ഞു അവര്‍ എഴുതിയത് പച്ചക്കള്ളമാണെന്നും, നിജസ്ഥിതി പൂര്‍ണമായും വിലയിരുത്താതെ പൂന്തുറക്കാരോടുള്ള മുന്‍വിധിയോടെ മന്ത്രി അത് ശരി വയ്ക്കുകയും ചെയ്തത് നിര്‍ഭാഗ്യകരം എന്നല്ലാതെ പറയുക വയ്യ. ദയവായി ഇന്നലെ സംഭവിച്ച്തിന്റെ സാഹചര്യങ്ങളും സത്യാവസ്ഥയും പൂര്‍ണമായി മനസ്സിലാക്കുക, മുന്‍വിധിയോടെ ഞങ്ങളെ സമീപിക്കാതിരിക്കുക.
മത്സ്യത്തൊഴിലാളികള്‍, പ്രതേകിച്ച് പൂന്തുറക്കാര്‍ ഒരു പ്രത്യേക മനോഭാവം പുലര്‍ത്തുന്നവരാണ്. കിട്ടുന്നതെല്ലാം പല മടങ്ങായി തിരിച്ചു നല്കുന്നവര്‍, അത് സ്‌നേഹമാവട്ടെ, കരുണയാവട്ടെ, വെറുപ്പാവട്ടെ, അവജ്ഞയാവട്ടെ, നിങ്ങള്‍ നല്കുന്നതെന്താണോ അത് തന്നെ നിങ്ങള്ക്കും തിരിച്ചു കിട്ടും. അതിനു നിങ്ങളുടെ സാമ്പത്തിക സ്ഥിതിയോ, പദവിയോ, ശക്തിയോ ഒന്നും ബാധകമല്ല. നിങ്ങളുടെ മുഖത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാവും ഞങ്ങള്‍. കണ്ണാടിയിലെ പ്രതിബിംബം മോശമായാല്‍ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.
ജൂലൈ മാസം ഒന്നാം തീയതിയാണ് പൂന്തുറ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള പുത്തന്‍പള്ളി വാര്‍ഡ് അംഗമായ മത്സ്യമൊത്തക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അമ്പലത്തറയിലെ കുമാരിചന്ത കേന്ദ്രമാക്കി പ്രവരത്തിക്കുന്ന ഇയാളുടെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ സ്വാഭാവികമായും പൂന്തുറയിലുള്ള മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ ഉള്‍പ്പെട്ടു, അതിനു പിറ്റേ ദിവസം തന്നെ സ്‌ക്രീനിങ് സൌകര്യങ്ങള്‍ പൂന്തുറയിലുള്ള ആയുഷ് ഹോസ്പിറ്റല്‍ സെന്ററില്‍ ഒരുക്കുകയും ചെയ്തു. ഇത് വരെ ഉള്ള കാര്യങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ സുഗമമായി നടന്നു.
പൂന്തുറയിലെ കൊവിഡുമായി ബന്ധപ്പെട്ട ആദ്യ അപശബ്ദങ്ങള് തുടങ്ങുന്നതും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നുമാണ്. ടെസ്റ്റ് ചെയ്യാന്‍ വന്നവരോട് മുനവിധികളോടെയും അവജ്ഞയോടുമുള്ള പെരുമാറ്റവും, കാര്‍ക്കശ്യ മനോഭാവവും. പ്രായമായവരോടും കുട്ടികളോടും പോലും, ദേഷ്യത്തോടെയും അറപ്പോടെയുമുള്ള സംസാരരീതി. സ്വാബ് എടുക്കാന്‍ വന്ന യുവ ആരോഗ്യപ്രവര്‍ത്തകര്‍ പലപ്പോഴും ഇഷ്ടമില്ലാത്ത ഒരു സ്ഥലത്ത്, ഇഷ്ടമില്ലാത്ത ഒരു ജോലി ചെയ്യാന്‍ വന്ന രീതിയിലാണ് പെരുമാറിയിരുന്നത്. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമൂഹ്യപ്രതിബദ്ധത ഉണ്ടാവും എന്നു കരുതുന്നില്ല, പക്ഷേ കുറച്ചു മനുഷ്യത്വം ആവാം.
ആദ്യ ചുവടു തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ മനോഭാവം കാരണം പൂന്തുറയില്‍ പിഴച്ചു. പക്ഷേ അതിനു ശേഷം കാരക്കോണത്തും വര്‍ക്കലയിലും കൊണ്ടുപോയ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളോടും അവിടെയുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും വീണ്ടും അതേ രീതിയില്‍ തന്നെ പെരുമാറുന്നു എന്നും, ദീര്‍ഘനേരത്തേക്ക് അറ്റന്‍ഡ് ചെയ്തില്ലെന്നും കൂടി ആയപ്പോള്‍, ബാക്കി എല്ലായിടത്തും രക്ഷകരായ ആരോഗ്യപ്രവര്‍ത്തകര്‍, പൂന്തുറക്കാര്‍ക്കു മാത്രം ശിക്ഷകരായി മാറി.
പ്രതിഷേധക്കാരുടെ ഇടയില്‍ നിര്‍ത്തിയ, ആള്‍ക്കാരോടു അവജ്ഞയോടും വെറുപ്പോടും മാത്രം പെരുമാറിയിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കാറിന്റെ വാതില്‍ തുറക്കാനോ പുരത്തിറങ്ങാനോ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. നിങ്ങളുടെ ട്രീറ്റ്‌മെന്റ് ഞങ്ങള്‍ക്ക് വേണ്ട എന്ന് അവരുടെ കാറില്‍ അടിച്ചു കൊണ്ടു പറയുകയും, തുടര്‍ന്ന് അവര്‍ അവിടം വിട്ടു പോവുകയുമാണ് ഉണ്ടായത്. അപ്പോള്‍ പിന്നെ ഈ ആരോഗ്യപ്രവര്‍ത്തക ആള്‍ക്കാര്‍ തുപ്പി എന്നു കള്ളം പറയാന്‍ കാരണം?
പൂന്തുറയില്‍ ഡ്യൂട്ടിക്കു വരുന്നത് ഇവര്‍യ്ക്ക് പലര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. പോരാത്തതിന് ഇപ്പോ കൊവിഡിന്റെ റിസ്‌കും. ഇപ്പോഴത്തെ അവസ്ഥയില്‍ ലീവ് എടുക്കാനും പറ്റില്ല. അപ്പോ ഏറ്റവും എളുപ്പ വഴി ആണ് ക്വാറന്റീനില്‍ പോവുക എന്നത്. അതിനു വേണ്ടത് ശരീരദ്രവ്യങ്ങളുമായി സമീപ്യമുണ്ടായി എന്നു വരുത്തുക. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 14 ദിവസം പെയ്ഡ് ക്വാറന്റീനില്‍ പോകാം. പൂന്തുറ ഇനി ഡ്യൂട്ടിക്കു പോവണ്ട.
സ്മൂത്ത് ആയി വീട്ടില്‍ പോയി ആള്‍ക്കാര്‍ തുപ്പി എന്നു ഒരു പോസ്റ്റ് ഇട്ടു, തീര്‍ന്നു. മറുവശത്ത് പൂന്തുറക്കാരായതിനാല്‍ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പോലും അത് വിശ്വസിച്ചു, പിന്നെയാണോ നമ്മള്‍ സാധാരണക്കാര്‍. തന്റെ സ്വര്‍ത്ഥതാല്പര്യത്തിനു വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ കുറ്റക്കാരക്കിയ ആ മിടുക്കി ആരോഗ്യപ്രവര്‍ത്തകക്കു അഭിനന്ദനങ്ങള്‍. ആരെയൊക്കെ വേദനിപ്പിച്ചാലും, ദ്രോഹിച്ചാലും, ആഗ്രഹിക്കുന്നതെല്ലാം ഇതു പോലെ നേടാന്‍ ഇനിയും കഴിയട്ടെ എന്നു ആശംസിക്കുന്നു.
ജീവന്‍ പോലും പണയം വച്ച് കൊവിട് ഡ്യൂട്ടിയില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകരെ മറന്നിട്ടല്ല ഈ എഴുത്ത്. അഴുകിയ ഒരു മനസ്സിനെ വച്ച് എല്ലാവരെയും പൊതുവില്‍ വിലയിരുത്തുകയുമല്ല. നിങ്ങള്‍ മുന്നില്‍ നിന്നു നയിക്കുന്ന ഈ പോരാട്ടം നമ്മള്‍ ജയിക്കുക തന്നെ ചെയ്യും, പക്ഷേ ഞങ്ങളും നിങ്ങളെപ്പോലെയാണെന്നും, ഇത് നമ്മുടെ പോരാട്ടമാണെന്ന ബോധ്യത്തോടെ ഞങ്ങളെയും ചേര്‍ത്ത് നിരത്തുക, നമുക്കൊന്നിച്ച് പൊരുതാം.
നേരത്തെ പറഞ്ഞ പോലെ, ഞങ്ങള്‍ കൃത്യതയുള്ള കണ്ണാടിയാവാം, പ്രതിബിംബം നന്നാക്കാന്‍ നിങ്ങള്‍ ശ്രമിക്കൂ. മോശമായാല്‍ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.