അപ്പോഴും ആരും അയാളില്‍ കുറ്റമാരോപിച്ചിരുന്നില്ല...!; ഹാമിദ് അന്‍സാരി ചെയ്ത കുറ്റമെന്താണ്...?-യൂനുസ് ഖാന്‍ എഴുതുന്നു

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയെ തകര്‍ക്കാന്‍ ഹാമിദ് അന്‍സാരി ശ്രമിച്ചിരുന്നുവെന്നാണ് എന്‍ കെ സൂദ് എന്ന മുന്‍ റോ ഉദ്യോഗസ്ഥന്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം പരാതി നല്‍കിയത്

Update: 2019-07-09 10:09 GMT

കോഴിക്കോട്: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേ, മോദിയെ പുകഴ്ത്തി പുസ്‌കതമെഴുതിയ റോ മുന്‍ ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഹാമിദ് അന്‍സാരിയുടെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുറിക്കുകയാണ് യൂനുസ് ഖാന്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയെ തകര്‍ക്കാന്‍ ഹാമിദ് അന്‍സാരി ശ്രമിച്ചിരുന്നുവെന്നാണ് എന്‍ കെ സൂദ് എന്ന മുന്‍ റോ ഉദ്യോഗസ്ഥന്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം പരാതി നല്‍കിയത്. സംഘപരിവാര അനുകൂല മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു വന്‍ പ്രാധാന്യം ലഭിച്ചതോടെയാണ് എന്‍ കെ സൂദിന്റെയും വിരമിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന പശ്ചാത്തലവുമെല്ലാം ചര്‍ച്ചയായത്.

യൂനുസ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1961ല്‍ തന്റെ 24ാം വയസ്സില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ(Indian Foreign Service) സിവില്‍ സര്‍വന്റായാണ് ഹാമിദ് അന്‍സാരി തന്റെ കര്‍മ്മപഥം ആരംഭിച്ചത്. പിന്നീട് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി, ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍, യുഎഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിങ്ങനെ തന്റെ കഴിവുതെളിയിച്ച കരിയറായിരുന്നു അന്‍സാരിയുടേത്. തീര്‍ന്നില്ല, 1984ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

അപ്പോഴും ആരും അയാളില്‍ കുറ്റമാരോപിച്ചിരുന്നില്ല. !

2000 മെയ് മുതല്‍ 2002 മാര്‍ച്ച് വരെ അലിഗഡ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു അന്‍സാരി. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ഗുജറാത്ത് കലാപബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഒപ്പം 1984 മുതലുള്ള കലാപത്തിനിരയായവര്‍ക്ക് നല്‍കിയ പുനരധിവാസത്തിന്റെയും ആശ്വാസനടപടികളുടെയും സമഗ്ര പുനപരിശോധനയിലും അദ്ദേഹം സജീവമായി ഇടപെട്ടു.

അപ്പോഴും ആരും അയാളില്‍ കുറ്റമാരോപിച്ചിരുന്നില്ല.!

പശ്ചിമേഷ്യന്‍ വിഷയത്തില്‍ അവഗാഹമുള്ള പ്രശസ്ത പണ്ഡിതന്‍ കൂടിയാണ് അന്‍സാരി. അതുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും എഴുതി. 'സംസ്ഥാന സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ക്ക്'(Confidence building measures across segments of socitey in the State) 2006 ല്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ജമ്മുകശ്മീരിനെ കുറിച്ച രണ്ടാം വട്ടമേശസമ്മേളനത്തില്‍ നിലവില്‍വന്ന പ്രവത്തകസംഘത്തിന്റെ അധ്യക്ഷനാണ് ഹമീദ് അന്‍സാരി. കശ്മീരി പണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ 'യഥാര്‍ഥ താമസ സ്ഥലങ്ങളിലേക്ക്' തിരിച്ചുവരാനുള്ള അവകാശത്തെ അംഗീകരിക്കണമെന്നു മറ്റുചില കാര്യങ്ങള്‍ക്കൊപ്പം റിപോര്‍ട്ട് വാദിക്കുന്നു.

അപ്പോഴും ആരും അയാളില്‍ കുറ്റാരോപിച്ചിരുന്നില്ല...!

അന്തര്‍ദേശീയ വിഷയങ്ങളിലും ദേശീയ വിഷയങ്ങളിലും ഇന്ത്യയുടെ പരമ്പരാഗത താല്‍പര്യങ്ങള്‍ക്കൊപ്പമായിരുന്നു എപ്പോഴും അന്‍സാരി. നയവ്യതിയാനങ്ങളെ രൂക്ഷമായി എതിര്‍ത്തു.

2006 മാര്‍ച്ച് 6ന് അന്‍സാരി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ(India's National Commission for Minorities-NCM) അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ദലിത് ക്രിസ്ത്യാനികള്‍ക്ക് ഒരു ചെറിയശതമാനം സീറ്റ് സംവരണം നല്‍കണമെന്ന ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് സ്റ്റീഫന്‍ കോളജ് എടുത്ത തീരുമാനത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷനെന്ന നിലയില്‍ 2007 ജൂണില്‍ അന്‍സാരി അംഗീകരിക്കുകയുണ്ടായി.

അപ്പോഴും ആരും അയാളില്‍ കുറ്റമാരോപിച്ചിരുന്നില്ല. !

2007 ജൂലൈ 20ന് അന്നത്തെ യുപിഎ-ഇടതു ഭരണകൂട്ടുകക്ഷി സഖ്യം, വരാന്‍ പോവുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ഥിയായി അന്‍സാരിയെ നാമനിര്‍ദേശം ചെയ്തു. എതിര്‍സ്ഥാനാര്‍ഥി നജ്മ ഹിബത്തുല്ലയ്‌ക്കെതിരേ 233 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 455 വോട്ടുകള്‍ നേടി അന്‍സാരി വിജയം വരിച്ചു.

2012ല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അന്‍സാരി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ജസ്വന്ത് സിങിനെ തോല്‍പിച്ചത്.

നോക്കൂ. ഈ പറഞ്ഞ ഘട്ടങ്ങളില്‍ ഒരിയ്ക്കലും ഹാമിദ് അന്‍സാരിക്കെതിരേ നേരിയ ഒരാരോപോണം പോലും ആരും ഉന്നയിച്ചിട്ടില്ല. 'സ്‌ട്രൈറ്റ് ഫോര്‍വേഡ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം.

അമ്പതുവര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിലില്ലെങ്കില്‍ പിന്നെയെപ്പോഴാണു ഹാമിദ് അന്‍സാരി അനഭിമതനായത്?

അന്‍സാരി മോദി പ്രധാനമന്ത്രിയായ ശേഷം കൊണ്ടുവന്ന 'യോഗദിനം' ആചരിച്ചില്ലത്രെ. കുറ്റം ഒന്ന്. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതി പിന്നീട് വിശദീകരിച്ചിരുന്നു. പ്രോട്ടോകോള്‍ പ്രകാരം ബന്ധപ്പെട്ട മന്ത്രി ക്ഷണിച്ചാല്‍ മാത്രമാണ് ഉപരാഷ്ട്രപതി അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നും അറിയിച്ചിരുന്നു. എന്ത് കാര്യം!

അന്‍സാരി ദേശീയപതാകയ്ക്ക് സല്യൂട്ട് ചെയ്തില്ലത്രെ. അത് കുറ്റം രണ്ട്. പ്രോട്ടോകോള്‍ പ്രകാരം വൈസ് പ്രസിഡന്റല്ല, പ്രസിഡന്റാണു സല്യൂട്ട് ചെയ്യേണ്ടത് എന്നറിയാത്തവരല്ല ആരും. പ്രസിഡന്റ് അവിടെ സല്യൂട്ട് കൊടുക്കുകയും ചെയ്തിരുന്നു.(പതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന സമയത്ത് ചടങ്ങില്‍ സംബന്ധിക്കുന്ന പ്രധാന വ്യക്തി റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയും യൂനിഫോമിലുള്ളവരും മാത്രമേ സല്യൂട്ട് ചെയ്യാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുകയാണ് ചെയ്യേണ്ടത്)

ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്,

ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകിയ സമയത്ത് അന്‍സാരി ഇങ്ങനെ പറഞ്ഞു:

'രാജ്യത്തിന്റെ മറ്റു മേഖലകളില്‍ നിന്നും ഞാന്‍ പലതും കേള്‍ക്കാറുണ്ട്. കൂടുതല്‍ വടക്കേ ഇന്ത്യയെക്കുറിച്ചാണ്. ഇവിടെ സംഘര്‍ഷാവസ്ഥ തോന്നുന്നുണ്ട്. സുരക്ഷിതത്വമില്ലായ്മ എല്ലായിടത്തും പടര്‍ന്നുപിടിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയിരിക്കുന്നു.' (http://indianexpress.com/…/muslims-are-in-a-feeling-of-une…/) അതെ, ഈ പ്രസ്താവനയാണ്, അല്ലെങ്കില്‍ ഇത്തരം നിലപാടുകളാണ് അന്‍സാരിക്കെതിരേ തിരിയാന്‍ മോദിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത്. 'ഹാമീദ് അന്‍സാരി' എന്ന പേരില്‍ സൂചിപ്പിക്കുന്ന വംശം തന്നെയാണവരുടെ യഥാര്‍ഥ പ്രകോപനം.

https://www.facebook.com/groups/rightthinkers/permalink/2462951270456134/



Tags:    

Similar News