ഈ പ്രതി ചേര്‍ക്കലിന്റെ ഉദ്ദേശം വേറെയാണ്...; ആബിദ് അടിവാരം എഴുതുന്നു

Update: 2020-09-24 16:07 GMT

കോഴിക്കോട്: ഡല്‍ഹി കലാപക്കേസില്‍ ഇരകളെ തന്നെ പ്രതികളാക്കിയാണ് പോലിസ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ കലാപഗൂഢാലോചകരായി ചിത്രീകരിച്ചാണ് രാജ്യതലസ്ഥാനത്തെ പോലിസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. സംഘപരിവാരം ആസൂത്രണം ചെയ്ത കലാപത്തില്‍ പോലിസിന്റെ പക്ഷപാതിത്വം പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്നവരെയെല്ലാം പ്രതിസ്ഥാനത്തേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് പോലിസ്. ഏറ്റവുമൊടുവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സിപി ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലിസിന്റെ ഗൂഢപദ്ധതിയെ അവലോകനം ചെയ്യുകയാണ് ഫ്രീലാന്‍സ് ജേണലിസ്റ്റായ ആബിദ് അടിവാരം.

ആബിദ് അടിവാരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

    ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ ഇന്ന് പേര് ചേര്‍ക്കപ്പെട്ടിരിക്കുന്ന പ്രമുഖര്‍ മൂന്ന് പേരാണ്, ബൃന്ദാ കാരാട്ട്, ആനി രാജ, സല്‍മാന്‍ ഖുര്‍ഷിദ്. ഇവരൊന്നും പ്രതികളല്ല, ഡല്‍ഹി കലാപത്തിന് യാതൊരു വിധത്തിലും ഉത്തരവാദികളല്ല എന്ന് രാജ്യത്തെ മനുഷ്യര്‍ക്കെല്ലാം അറിയാവുന്ന പോലെ പോലിസിനും അറിയാം, ഈ പ്രതി ചേര്‍ക്കലിന്റെ ഉദ്ദേശം വേറെയാണ്.

    ഹിറ്റ്‌ലര്‍ ജര്‍മനിയിലും ഇത് ചെയ്തിരുന്നു, ജൂതരെ ഒറ്റപ്പെടുത്തി കൊന്നുതീര്‍ക്കാന്‍ തീരുമാനിച്ച ശേഷം ഹിറ്റ്‌ലര്‍ 2 കാര്യങ്ങള്‍ ചെയ്തിരുന്നു, ഒന്ന്, നാസികള്‍ എന്ത് അക്രമങ്ങള്‍ കാണിച്ചാലും പരസ്യമായി അവരെ രക്ഷപ്പെടുത്തുക, ജൂതര്‍ക്കെതിരേ എന്ത് അക്രമം കാണിച്ചാലും ശിക്ഷിക്കപ്പെടില്ല എന്ന സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. രണ്ട്, ജൂതരെ പിന്തുണയ്ക്കുന്ന ജര്‍മന്‍കാരെ കള്ളക്കേസുകളില്‍ കുടുക്കി അകത്താക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നില്‍ക്കുന്ന ജര്‍മന്‍കാരനെപ്പോലും ഭീതിയിലാഴ്ത്താന്‍ വേണ്ടിയായിരുന്നു ഈ നടപടി. ഈ രണ്ട് നീക്കങ്ങക്കും ഫലവുമുണ്ടായി. രാജ്യത്തുടനീളം നാസികള്‍ ജൂതന്മാര്‍ക്കെതിരേ ആയുധമെടുത്തു. നിയമത്തെ അവര്‍ ഭയപ്പെട്ടതേയില്ല. അത്യപൂര്‍വം മനുഷ്യരൊഴികെ ജര്‍മന്‍കാരെല്ലാം നാസി ക്രൂരതയ്ക്ക് മുന്നില്‍ നിശബ്ദരായി. ജൂതന്മാരുടെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ തയ്യാറല്ലായിരുന്നു.

    ഡല്‍ഹി കലാപത്തില്‍ പരസ്യമായി കൊല്ലാന്‍ ആഹ്വാനം ചെയ്ത കപില്‍ മിശ്രയെ ഉള്‍പ്പടെയുള്ള സംഘപരിവാറുകാരെ സംരക്ഷിച്ചുകൊണ്ട് നരേന്ദ്ര മോദി രാജ്യത്തെ ഹിന്ദു തീവ്രവാദികള്‍ക്ക് കൊടുക്കുന്ന സന്ദേശം നിങ്ങള്‍ക്ക് എത്ര മുസ് ലിംകളെയും കൊല്ലാം, ഒരാളും നിങ്ങളോട് ചോദിക്കാന്‍ വരില്ല, ഒരു നിയമവും നിങ്ങളെത്തേടി വരില്ല എന്നാണ്. മുസ് ലിംകളുടെ സമ്പത്തും അവരും സ്ത്രീകളും നിങ്ങള്‍ക്കുള്ളതാണ്. ഇഷ്ടംപോലെ ആസ്വദിച്ചു കൊള്ളുക എന്നാണ് വര്‍ഷങ്ങളായി ശാഖയില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ പോലും അത് പരസ്യമായി പറയുന്നു. പോലിസ് കണ്ട ഭാവം നടിക്കുന്നില്ല.

    ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നയാളാണ് ചിദംബരം, സമ്പത്തും അധികാരവും പണവും വിദ്യാഭ്യാസവും... എല്ലാ പ്രിവിലേജുകളുമുള്ള സുപ്രിംകോടതി അഭിഭാഷകന്‍. കെട്ടിച്ചമച്ച ഒരു കേസില്‍ 100 ദിവസം ചിദംബരത്തെ ജയിലിലിട്ടത് ഏതു കൊമ്പനെയും പൂട്ടും എന്ന് പറയാനാണ്. ആനി രാജയെയും ബൃന്ദയെയും കേസില്‍ പ്രതിചേര്‍ക്കുന്നത് മുസ് ലിംകളോട് അനുഭാവം കാണിക്കുന്നവര്‍ ശിക്ഷിക്കപ്പെടും എന്ന് പറയാനാണ്. ഒരാളെ പൂട്ടണം എന്ന് ഭരണകൂടം വിചാരിച്ചാല്‍ കേസിനൊന്നും ഒരു പഞ്ഞവുമില്ല എന്ന് തുറന്നുപറയുകയാണ് ഫാഷിസ്റ്റ് ഭരണകൂടം.

    ഓരോ നിമിഷവും ഫാഷിസം അതിന്റെ ചോരപുരണ്ട കോമ്പല്ലുകള്‍ പുറത്തുകാണിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരകളാവാന്‍ പോവുന്ന മനുഷ്യര്‍ തമ്മില്‍തല്ലാനുള്ള കാരണങ്ങള്‍ തേടുകയുമാണ്. മുസ് ലിംകള്‍ക്കെങ്കിലും ചിലതൊക്കെ മനസ്സിലാവേണ്ടതാണ്. അതിന് ഖുര്‍ആന്‍ വിവാദവും തിരുകേശ വിവാദവും കഴിഞ്ഞിട്ട് സമയം കിട്ടണ്ടേ...?. ഈ തലമുറയുടെ ചിന്താശൂന്യത അടുത്ത തലമുറയുടെ നെഞ്ചില്‍ വെടിയുണ്ടായായി പതിക്കും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെയൊക്കെ അലംഭാവം നമ്മുടെ മക്കളുടെ പള്ളയ്ക്കു കത്തി കയറാന്‍ കാരണമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Full View




Tags:    

Similar News